1 GBP =
breaking news

പ്രണവിനോട് അമ്പലത്തില്‍ പോകാന്‍ പറയാറില്ല, അവന് അവന്റേതായ വിശ്വാസമുണ്ട് : മോഹന്‍ലാല്‍

പ്രണവിനോട്  അമ്പലത്തില്‍ പോകാന്‍ പറയാറില്ല, അവന് അവന്റേതായ വിശ്വാസമുണ്ട് : മോഹന്‍ലാല്‍

പുലിമുരുകനും ജനതാ ഗാരേജും നല്‍കിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍. മലയാളത്തിലും അന്യഭാഷാ ചിത്രങ്ങളിലും ഒരു പോലെ തിളങ്ങിയ താരത്തിന് പുതു വര്‍ഷത്തിലും കൈനിറയെ ചിത്രങ്ങളാണ്.എന്നാല്‍ കുറച്ച് വര്‍ഷത്തിനുള്ളില്‍ സിനിമകള്‍ കുറക്കാനാണ് മോഹന്‍ലാലിന്റെ പദ്ധതി. സിനിമക്കപ്പുറത്തേക്ക് യാത്ര ചെയ്യാനും പുസ്തകം വായിക്കാനും ഏറെ താത്പര്യപ്പെടുന്ന മോഹന്‍ലാല്‍ അതിന് സമയം കണ്ടെത്താനായാണ് സിനിമകളുടെ എണ്ണം കുറയ്ക്കുന്നത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ഭാവി പദ്ധതിയെ കുറിച്ച് മോഹന്‍ലാല്‍ മനസ്സുതുറന്നത്.

ഓരോ സിനിമ പൂര്‍ത്തിയാക്കിയ ശേഷവും ഒരു പത്ത് ദിവസം അവധി എടുക്കാന്‍ ആഗ്രഹിയ്ക്കുന്ന ആളാണ് ഞാന്‍. എന്നാല്‍ ഷൂട്ടിങ് ഷെഡ്യൂളുകള്‍ കാരണം അതിന് കഴിയാറില്ല. ഇപ്പോള്‍ ഞാന്‍ അതിന് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇതുവരെ ഞാന്‍ എനിക്ക് വേണ്ടി ജീവിച്ചിട്ടില്ല. ഇനി അതിന് വേണ്ടി ശ്രമിക്കണം. ലാല്‍ പറയുന്നു. താന്‍ അന്ധനോ അമാനുഷിക ശക്തിയോ ഉള്ളവനല്ലാതിരുന്നിട്ടും ഒപ്പം, പുലിമുരുകന്‍ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളില്‍ പ്രേക്ഷകര്‍ വിശ്വസിച്ചു. അവരുടെ ആ വിശ്വാസമാണ് തന്റെ ശക്തി. അത് നഷ്ടപ്പെട്ടാല്‍ താന്‍ അഭിനയം നിര്‍ത്തി മറ്റെന്തെങ്കിലും ജോലിക്ക് പോകേണ്ടി വരും.

വെറുതെ ഒരാള്‍ക്ക് വേണമെങ്കില്‍ സംവിധായകനാകാം. പക്ഷേ അത് ആ സിനിമയോടെ ചെയ്യുന്ന നീതികേടായിരിക്കും. നിങ്ങള്‍ പൃഥ്വിരാജിനെ നോക്കൂ..അദ്ദേഹത്തിന് തുടക്കം മുതലേ സംവിധാനത്തോട് താത്പര്യമുണ്ട്. സംവിധായകന്റെ കണ്ണിലൂടെ അദ്ദേഹം സിനിമ കാണുകയും പഠിക്കുകയും ചെയ്യുന്നു. അതിനുള്ള സമയം ഞാനും കണ്ടെത്തേണ്ടിയിരിക്കുന്നു. ഞാന്‍ അഭിനയം നിര്‍ത്തി സ്‌ക്രിപ്റ്റ് എഴുതാന്‍ തുടങ്ങുക എന്നതൊക്കെ വലിയ കര്‍ത്തവ്യമാണ്. ഇപ്പോള്‍ ഞാന്‍ സിനിമ സംവിധാനം ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കുന്നേയില്ല.

തന്റെയും മകന്റെയും വിശ്വാസങ്ങള്‍ തമ്മിലുള്ള അന്തരവും ലാല്‍ പങ്കുവെയ്ക്കുന്നു. വീട്ടിലെ സ്ത്രീകള്‍ രാവിലെ എഴുന്നേറ്റ് കുളിച്ച് അമ്പലത്തില്‍ പോകുന്നത് കണ്ടാണ് ഞാന്‍ വളര്‍ന്നത്. ഞാന്‍ വളര്‍ന്ന സാഹചര്യത്തില്‍ അത് ആത്മീയതയാണ്. അതുകൊണ്ട് ഞാനും അമ്പലത്തില്‍ പോകാന്‍ ശ്രമിച്ചിരുന്നു. എല്ലായ്‌പ്പോഴും അതിന് സാധിച്ചെന്നു വരില്ല. എന്നിരുന്നാലും എനിക്കു ചുറ്റും ആ ആത്മീയത ഉണ്ടെന്നാണ് വിശ്വാസം

ഞാന്‍ രാവിലെ എഴുന്നേറ്റ് കുളിച്ച് അമ്പലത്തില്‍ പോകുന്നത് പ്രണവ് ഇതുവരെ കണ്ടിട്ടില്ല. 23 രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പഠിക്കുന്ന ക്രിസ്റ്റ്ത്യന്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് പ്രണവ് പഠിച്ചത്. അതുകണ്ട് തന്നെ അയാളുടെ വിശ്വാസങ്ങളും ചിന്തയും അതിനനുസരിച്ച് രൂപപ്പെട്ടതാണ്. ഞാനൊരിക്കലും പ്രണവിനോട് രാവിലെ എഴുന്നേറ്റ് കുളിച്ച് അമ്പലത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടില്ല.

ധാരാളം പുസ്തകങ്ങള്‍ വായിക്കുന്ന ആളാണ് പ്രണവ്. ഫിലോസഫി പഠിച്ചിട്ടുമുണ്ട്. അയാളുടെ വിശ്വാസവും ആത്മീയതയും അതിലാണ്. സ്വന്തമായി വികസിപ്പിച്ചെടുത്ത തത്വചിന്തകള്‍ പ്രണവിനുണ്ട്. പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞാല്‍, ദൈവം എന്തിനെയാണ് പ്രതിനിധീകരിക്കുന്നതെന്നും പ്രാര്‍ത്ഥന കൊണ്ട് എന്താണ് ഗുണമെന്നും അയാള്‍ ചോദിക്കും. ഇത് ഞങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിലേക്ക് നീങ്ങും.അയാളെ കൂടുതല്‍ ബോധ്യപ്പെടുത്തുന്നതില്‍ ഞാന്‍ പരാജയപ്പെടുകയും ചെയ്യും’ മോഹന്‍ലാല്‍ പറയുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more