1 GBP = 103.12

ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് കുന്നശേരി കാലം ചെയ്തു

ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് കുന്നശേരി കാലം ചെയ്തു

കോട്ടയം: കോട്ടയം ക്‌നാനായ അതിരൂപതയുടെ പ്രഥമ ആര്‍ച്ച്ബിഷപ് മാര്‍ കുര്യോക്കോസ് കുന്നശേരി (88) കാലം ചെയ്തു. 39 വര്‍ഷം കോട്ടയം അതിരൂപതയ്ക്ക് ആത്മീയ നേതൃത്വം നല്‍കിയ മാര്‍ കുന്നശേരിയുടെ ദേഹവിയോഗം വൈകുന്നേരം നാലിന് കാരിത്താസ് ആശുപത്രിയിലായിരുന്നു.

1928 സെപ്റ്റംബര്‍ 11ന് കടുത്തുരുത്തി ഇടവകയില്‍ കുന്നശേരി ജോസഫ്അന്നമ്മ ദന്പതികളുടെ മൂത്ത പുത്രനായി ജനിച്ച കുര്യാക്കോസ് കോട്ടയം സിഎന്‍ഐ എല്‍പിഎസ്, കടുത്തുരുത്തി സെന്റ് മൈക്കിള്‍സ്, കോട്ടയം എസ്എച്ച് മൗണ്ട് ഹൈസ്‌കൂളുകളിലും സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി. കോട്ടയം തിരുഹൃദയക്കുന്ന് സെന്റ് സ്‌റ്റെനിസ്ലാവോസ് മൈനര്‍ സെമിനാരിയിലും ആലുവ പൊന്തിഫിക്കല്‍ സെമിനാരിയിലും റോമിലെ പ്രൊപ്പഗാന്ത യൂണിവേഴ്‌സിറ്റിയിലുമായി വൈദിക പരിശീലനത്തിനുശേഷം 1955 ഡിസംബര്‍ 21നു വൈദിക പട്ടം സ്വീകരിച്ചു. തുടര്‍ന്ന് റോമില്‍ നിന്നു കാനോന്‍ നിയമത്തിലും സിവില്‍ നിയമത്തിലും ഡോക്ടറേറ്റ് നേടി. അമേരിക്കയിലെ ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്‌സില്‍ എംഎയും കരസ്ഥമാക്കി.

1967 ഡിസംബര്‍ ഒന്‍പതിന് പോള്‍ ആറാമന്‍ മാര്‍പാപ്പ കോട്ടയം രൂപതയുടെ പിന്‍തുടര്‍ച്ചാ അവകാശത്തോടുകൂടിയ സഹായമെത്രാനായി 39ാം വയസില്‍ അദ്ദേഹത്തെ നിയമിച്ചു. 1968 ഫെബ്രുവരി 24ന് 39ാം വയസില്‍ സഹായ മെത്രാനായി. 1974 മേയ് അഞ്ചിനു കോട്ടയം രൂപതാധ്യക്ഷനായി ചുമതലയേറ്റു. പൗരസ്ത്യ റീത്തുകള്‍ക്കു വേണ്ടി മാത്രം 1992ല്‍ പുറത്തിറക്കിയ കാനന്‍ നിയമസംഹിത ക്രോഡീകരിച്ച കമ്മീഷനില്‍ അംഗമായി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മാര്‍ കുന്നശേരിയെ നിയമിച്ചു.

ക്‌നാനായി തോമായുടെയും ഉറഹ മാര്‍ യൗസേപ്പ് മെത്രാപ്പോലീത്തയുടെയും നേതൃത്വത്തില്‍ മധ്യപൂര്‍വദേശത്തു നിന്നും കേരളക്കരയിലേക്ക്കുടിയേറിയ ഏഴ് ഇല്ലങ്ങളിലെ 72 കുടുംബങ്ങളില്‍പ്പെട്ട ക്‌നാനായ സമുദായത്തിന്റെ വളര്‍ച്ചയില്‍ മാര്‍ കുന്നശേരി അര്‍പ്പിച്ച സേവനം സ്തുത്യര്‍ഹമാണ്. തെള്ളകത്ത് ചൈതന്യ പാസ്റ്ററല്‍ സെന്ററും അനുബന്ധ മന്ദിരങ്ങളും കോതനല്ലൂരില്‍ തൂവാനിസ പ്രാര്‍ഥനാ മന്ദിരവും ഇദ്ദേഹമാണ് സ്ഥാപിച്ചത്. തെള്ളകം കാരിത്താസ് ആശുപത്രിയുടെ ഇക്കാലത്തെ വളര്‍ച്ചയ്ക്കും ഇതിനോടു ചേര്‍ന്ന് കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിച്ചു ഏറ്റവും മെച്ചപ്പെട്ട ചികിത്സയും ആശ്വാസവും ലഭ്യമാക്കുന്നതിലും പിതാവ് പ്രത്യേകം താത്പര്യം കാണിച്ചിട്ടുണ്ട്.

കാരിത്താസ് ആയുര്‍വേദ ആശുപത്രി, കാരിത്താസ് നാച്വറോപ്പതി യോഗ സെന്റര്‍ എന്നിവയുടെ സ്ഥാപകനാണ് മാര്‍ കുര്യാക്കോസ് കുന്നശേരി. വല്ലന്‌പ്രോസിയന്‍ ബനഡിക്ടര്‍ സഭ, ലിറ്റില്‍ ഡോട്ടേഴ്‌സ് ഓഫ് ഔവര്‍ ലേഡി ഓഫ് പ്രോവിഡന്‍സ്, ഡോട്ടേഴ്‌സ് ഓഫ് മോസ്റ്റ് പ്രഷ്യസ് ബ്ലഡ് തുടങ്ങിയ സന്യാസ സമൂഹങ്ങളുടെ സ്ഥാപനത്തിലും വളര്‍ച്ചയിലും പ്രധാന പങ്കുവഹിച്ചു.

വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠം വൈസ് ചാന്‍സലര്‍, പൗരസ്ത്യ സഭകളുടെ കൂട്ടായ്മയും സഹകരണവും ശക്തിപ്പെടുത്താന്‍ കത്തോലിക്കാ ഓര്‍ത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള എക്യുമെനിക്കല്‍ ഡയലോഗ് സമിതി അംഗം, കെസിബിസി സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചു.

2005 മേയ് ഒന്‍പതിനു കോട്ടയം അതിരൂപതയായി ഉയര്‍ത്തപ്പെട്ടപ്പോള്‍ മാര്‍ കുന്നശേരി പ്രഥമ ആര്‍ച്ച്ബിഷപ്പായി നിയമിതനായി. 2006 ജനുവരി 14നാണ് അതിരൂപതാ ഭരണത്തില്‍ നിന്നും വിരമിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more