1 GBP = 103.12

മഞ്ചേശ്വരത്തെ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാകുമോ? ബി ജെ പിക്ക് വീണ്ടുമൊരു സീറ്റ് കിട്ടുമെന്ന പ്രതീക്ഷയില്‍ അണികള്‍

മഞ്ചേശ്വരത്തെ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാകുമോ? ബി ജെ പിക്ക് വീണ്ടുമൊരു സീറ്റ് കിട്ടുമെന്ന പ്രതീക്ഷയില്‍ അണികള്‍

നേമത്തിന് പിന്നാലെ മഞ്ചേശ്വരത്തും താമര വിരിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി അണികള്‍. മഞ്ചേശ്വത്ത് നിസാര വോട്ടുകള്‍ക്ക് തോറ്റ ബിജെപി സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഈ കേസില്‍ കോടതി വിധി അനുകൂലമാകുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ പ്രതീക്ഷ. മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ട് നടന്നിരുന്നുവെന്നാണ് സുരേന്ദ്രന്‍ വാദിക്കുന്നത്. മണ്ഡലത്തിലെ വിവിധ സ്‌കൂളുകളില്‍ ബൂത്തുകളില്‍ വിദേശത്തുള്ള 298 പേരുടെ കള്ള വോട്ടുചെയ്തുവെന്നും അതിനാല്‍ തിരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്നും ആവശ്യപ്പെട്ടാണ് പരാജയപ്പെട്ട സ്ഥാനാര്‍ത്ഥി കെസുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്. 298 പേര്‍ മരിച്ചവരോ ഗള്‍ഫില്‍ ജോലി ചെയ്യുന്നവരോ ആണ്. ഇവരാരും തെരഞ്ഞെടുപ്പ് ദിനം മഞ്ചേശ്വരത്ത് ഉണ്ടായിരുന്നില്ലെന്നാണ് സുരേന്ദ്രന്റെ വാദം. ഇതുറപ്പിക്കാനാണ് ഇവര്‍ക്ക് കോടതി നോട്ടീസ് അയക്കുന്നത്.

ഹര്‍ജിയില്‍ 298 പേര്‍ക്ക് സമന്‍സ് അയക്കാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. കള്ളവോട്ടുചെയ്തുവെന്ന് ആരോപിക്കപ്പെട്ടവര്‍ക്കാണ് നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചത്. 24 ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് സമന്‍സ് അയക്കാമും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പു ഹര്‍ജിയില്‍ 43 പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ തെളിവെടുപ്പ് പൂര്‍ത്തിയായിരുന്നു. തുടര്‍ന്നാണ് തെളിവെടുപ്പിനായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് സമന്‍സ് അയക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ത്ഥിയായിരുന്ന അബ്ദുള്‍ റസാഖ് 56, 870 വോട്ടും കെ. സുരേന്ദ്രന്‍ 56, 781 വോട്ടുമാണ് നേടിയത്. 89 വോട്ടുകള്‍ക്കാണ് കെ. സുരേന്ദ്രന്‍ പരാജയപ്പെട്ടത്. എന്നാല്‍ മരിച്ചുപോയവരുടെയും വിദേശത്തുള്ളവരുടെയും പേരില്‍ വ്യാപകമായി കള്ളവോട്ടു നടന്നിട്ടുണ്ടെന്ന് സുരേന്ദ്രന്‍ ആരോപിക്കുന്നു. ആരോപണ വിധേയമായ ബൂത്തുകളിലെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഹൈക്കോടതി നിര്‍ദേശമനുസരിച്ച് എറണാകുളത്തെത്തിച്ച് കളക്ടറേറ്റില്‍ സൂക്ഷിച്ചിട്ടുണ്ട്. മഞ്ചേശ്വരത്തെ അബ്ദുള്‍ റസാഖിന്റെ വിജയം ഹൈക്കോടതി റദ്ദാക്കിയാല്‍ കെ സുരേന്ദ്രന്‍ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കും. ഇതിനുള്ള സാധ്യത ഉണ്ടെന്നാണ് ബിജെപി അനുകൂലികളുടെ പ്രതീക്ഷ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more