1 GBP = 103.35
breaking news

മാഞ്ചസ്റ്റര്‍ സെന്റ്.മേരീസ് ക്‌നാനായ ചാപ്ലയന്‍സിയില്‍ തിരുനാളിന് കൊടിയേറി; പ്രധാന തിരുനാളാഘോഷം ശനിയാഴ്ച…

മാഞ്ചസ്റ്റര്‍ സെന്റ്.മേരീസ് ക്‌നാനായ ചാപ്ലയന്‍സിയില്‍ തിരുനാളിന് കൊടിയേറി; പ്രധാന തിരുനാളാഘോഷം ശനിയാഴ്ച…

അലക്‌സ് വര്‍ഗീസ്

മാഞ്ചസ്റ്റര്‍:- യുകെയിലെ പ്രഥമ കനാനായ ചാപ്ലന്‍യസിയിലെ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാളിന് കൊടിയേറി. കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് വിഥിന്‍ഷോയിലെ സെന്റ്. എലിസബത്ത് ദേവാലയത്തിലാണ് ഭക്തിപൂര്‍വ്വമായ ദിവ്യബലിക്കും, ലദീഞ്ഞിനും ശേഷമായിരുന്നു ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാളിന് കൊടിയേറിയത്. ഇടവക വികാരിയും ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ വികാരി ജനറാളുമായ മോണ്‍സിഞ്ഞോര്‍ സജി മലയില്‍ പുത്തന്‍പുരയില്‍ ആണ് കൊടിയേറ്റം നടത്തിയത്. ദേവാലയത്തില്‍ ഉണ്ടായിരുന്ന നൂറ് കണക്കിന് വിശ്വാസികള്‍ തിരുനാളിന്റെ വിജയത്തിനായി പ്രത്യേക പ്രാര്‍ത്ഥകള്‍ നടത്തുകയും തുടര്‍ന്ന് തിരുനാള്‍ ഏറ്റ് നടത്തുന്ന പ്രസുദേന്തിമാരെ വാഴിക്കലും നടന്നു.

പ്രധാന തിരുനാള്‍ അടുത്ത ശനിയാഴ്ച ഒക്ടോബര്‍ 7 ന് ആയിരിക്കും നടക്കുക. വിഥിന്‍ഷോ സെന്റ്.ആന്റണീസ് ദേവാലയത്തില്‍ നടക്കുന്ന പ്രധാന തിരുനാളിന് യു.കെ. കെ.സി.എ യുടെ വിവിധ യൂണിറ്റുകളില്‍ നിന്നുമുള്ള നിരവധി വിശ്വാസികള്‍ സംബന്ധിക്കും. യു കെ കെ സി എ സെന്‍ട്രല്‍ കമ്മിറ്റിയുടെയും, മാഞ്ചസ്റ്റര്‍ തിരുനാള്‍ കമ്മിറ്റിയുടെയും, കൂടാരയോഗങ്ങളുടെയും നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ തിരുനാള്‍ ഭക്തിപൂര്‍വ്വമായി ആഘോഷിക്കുവാന്‍ പ്രവര്‍ത്തിച്ച് വരുന്നു.

വത്തിക്കാന്‍ സ്ഥാനപതി മാര്‍ കുര്യന്‍ വയലുങ്കല്‍, ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ഷ്രൂസ്ബറി രൂപതാ ബിഷപ്പ് മാര്‍ക്ക് ഡേവിസ് എന്നിവര്‍ തിരുനാളിന്റെ വിവിധ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കും.

അഭിവന്ദ്യ പിതാക്കന്‍മാരെ മുത്തുക്കുടകളുടെയും വാദ്യമേളങ്ങളോടെയും ദേവാലയത്തിനുള്ളിലേക്ക് വിശ്വാസ സമൂഹം സ്വീകരിച്ചാനയിക്കുന്നതോടെ ആരംഭിക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ പിതാക്കന്‍മാരോടൊപ്പം നിരവധി വൈദികരും സഹകാര്‍മികരാകും. തുടര്‍ന്ന് മാതാവിന്റെ തിരുസ്വരൂപവും വഹിച്ച് കൊണ്ടുള്ള പ്രദക്ഷിണം ആരംഭിക്കും.

പ്രദക്ഷിണത്തില്‍ പൊന്നിന്‍ കുരിശും, വെള്ളിക്കുരിശും, കൊടികളും, വിവിധ വര്‍ണ്ണത്തിലുള്ള മുത്തുക്കുടകളുടെയും അകമ്പടിയോടെ വിശ്വാസി സമൂഹം വിഥിന്‍ഷോയുടെ നഗരവീഥികളിലൂടെ നടന്ന് നീങ്ങും. യുകെയിലെ പ്രമുഖ ചെണ്ട മേളക്കാരായ വാറിംഗ്ടണ്‍ മേളവും, ഐറിഷ് ബാന്റും പ്രദക്ഷിണത്തിന് താളക്കൊഴുപ്പേകും.
പ്രദക്ഷിണം തിരികെ ദേവാലയത്തില്‍ പ്രവേശിശേഷം ലദീഞ്ഞ്, വാഴ്വ് എന്നിവയും ഉണ്ടായിരിക്കും. തുടര്‍ന്ന് കഴുന്ന് എടുക്കുന്നതിനും അടിമ വയ്ക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും.

ദേവാലയത്തിലെ ശുശ്രൂഷകള്‍ക്കും ആഘോഷങ്ങള്‍ക്കും ശേഷം വിഥിന്‍ഷോ ഫോറം സെന്ററില്‍ അഭിവന്ദ്യ പിതാക്കന്‍മാര്‍ക്ക് സ്വീകരണവും കലാസന്ധ്യയും അരങ്ങേറും. കുട്ടികളുടെയും മാതാപിതാക്കന്‍മാരുടെയും വിവിധ കലാപരിപാടികള്‍ കലാസന്ധ്യക്ക് നിറവേകും. റെഡിച്ച് ക്‌നാനായ കൂടാരയോഗം അവതരിപ്പിക്കുന്ന ‘തൊമ്മന്റെ സ്വപ്നങ്ങള്‍ ‘ എന്ന നാടകവും ഉണ്ടായിരിക്കും.

മാഞ്ചസ്റ്ററില്‍ ക്‌നാനായ ചാപ്ലയന്‍സിയുടെ നേതൃത്വത്തില്‍ നടക്കുന്ന തിരുനാളില്‍ പങ്കെടുത്ത് മാതാവിന്റെ പ്രത്യേക അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും ഇടവക കമ്മിറ്റിക്ക് വേണ്ടി വികാരി ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ സ്വാഗതം ചെയ്യുന്നു.

ദേവാലയത്തിന്റെ വിലാസം :-
ST. ANTONY’ S CHURCH,
DUNKERY R0AD,
MANCHESTER,
M22 OWR.

പരിപാടി നടക്കുന്ന വേദിയുടെ വിലാസം:-
WYTHENSHAWE FORUM CENTRE,
SIMONS WAY,
MANCHESTER,
M22 5RX.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more