1 GBP = 103.21

സുപ്രീംകോടതിയെ ധിക്കരിച്ച് പ്രസിഡന്റ്, മാലദ്വീപ് പാർലമെന്റ് പട്ടാളം വളഞ്ഞു

സുപ്രീംകോടതിയെ ധിക്കരിച്ച് പ്രസിഡന്റ്, മാലദ്വീപ് പാർലമെന്റ് പട്ടാളം വളഞ്ഞു

മാലി: ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ് രാജ്യമായ മാലദ്വീപിൽ പ്രസിഡന്റ് അബ്ദുള്ള യാമീനും സുപ്രീംകോടതിയും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായതിനിടെ ഇന്നലെ പാർലമെന്റ് മന്ദിരം വളഞ്ഞ സുരക്ഷാസേന രണ്ട് പ്രതിപക്ഷ എം.പിമാരെ അറസ്റ്റ് ചെയ്‌തു.മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദ് ഉൾപ്പെടെ ഒൻപത് രാഷ്‌ട്രീയ തടവുകാരെ മോചിപ്പിക്കാൻ കഴിഞ്ഞ വ്യാഴാഴ്‌ച സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇവർക്കതിരെ ചുമത്തിയ ഭീകരപ്രവർത്തന കുറ്റങ്ങൾ റദ്ദാക്കുകയും ചെയ്‌തു. പ്രസിഡന്റ് യാമീന്റെ പ്രോഗ്രസീവ് പാർട്ടിയിൽ നിന്ന് പ്രതിപക്ഷത്തേക്ക് കൂറുമാറിയതിന് പുറത്താക്കപ്പെട്ട പന്ത്രണ്ട് എം.പിമാരെ തിരിച്ചെടുക്കാനും സുപ്രീംകോടതി ഉത്തരവിട്ടു. ഇത് നടപ്പാക്കാൻ പ്രസിഡന്റ് അബ്ദുള്ള യാമീൻ കൂട്ടാക്കാത്തതാണ് പ്രതിസന്ധി സൃഷ്‌ടിച്ചത്. പുറത്താക്കപ്പെട്ട എം.പിമാരിൽ പെട്ട അബ്ദുള്ള സിനാൻ, ഇൽഹാം അഹമ്മദ് എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്‌തത്.
പന്ത്രണ്ട് എം.പിമാരെ തിരിച്ചെടുക്കുന്നതോടെ 85 അംഗ പാർലമെന്റിൽ പ്രതിപക്ഷത്തിന് ഭൂരിപക്ഷമാകും. അതോടെ പാർലമെന്റിന് പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാം. അതിനുള്ള അവസരം ഒഴിവാക്കാൻ ഇന്ന് തുടങ്ങാനിരുന്ന പാർലമെന്റ് സമ്മേളനം പ്രസിഡന്റിന്റെ വിശ്വസ്‌തനായ സ്പീക്കർ അബ്ദുള്ള മസീഹ് റദ്ദാക്കി. അതിൽ പ്രതിഷേധിച്ച് പാർലമെന്ററി സെക്രട്ടറി ജനറൽ അഹമ്മദ് മുഹമ്മദ് ഇന്നലെ രാവിലെ രാജിവച്ചു. അതിന് പിന്നാലെ, തിരിച്ചെടുക്കപ്പെട്ടവർ ഉൾപ്പെടെയുള്ള പ്രതിപക്ഷ എം.പിമാർ പാർലമെന്റിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ചതോടെ പട്ടാളം ഇടപെടുകയായിരുന്നു.

അഴിമതിയും ദുർഭരണവും ഉൾപ്പെടെയുള്ള ആരോപണങ്ങൾക്ക് വിധേയനായ പ്രസിഡന്റിന് സുപ്രീംകോടതി ഉത്തരവ് പ്രഹരമായി. പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാൻ സുപ്രീംകോടതി ശ്രമിക്കുന്നതായി അറ്റോർണി ജനറൽ മുഹമ്മദ് അനിൽ ഇന്നലെ ആരോപിച്ചിരുന്നു. അറ്റോർണി ജനറലിന്റെ ഉത്തരവുകൾ അനുസരിക്കുമെന്ന് സേനയുടെയും പൊലീസിന്റെയും മേധാവികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ ഇരുവർക്കുമൊപ്പം മാദ്ധ്യമങ്ങളെ കണ്ട അറ്റോർണി ജനറൽ, പ്രസിഡന്റിനെ അറസ്റ്റ് ചെയ്യാനും ഇംപീച്ച് ചെയ്യാനുമാണ് സുപ്രീംകോടതിയുടെ നീക്കമെന്നും അതിനുള്ള ഉത്തരവുണ്ടായാൽ നടപ്പാക്കില്ലെന്നും പറഞ്ഞു. അതേത്തുടർന്ന് അറ്റോർണി ജനറലിനെയും മുഖ്യ പ്രോസിക്യൂട്ടറെയും നീക്കാനുള്ള പ്രമേയം പ്രതിപക്ഷം പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കയുമായിരുന്നു.മാലദ്വീപ് ഇലക്‌ഷൻ കമ്മിഷന്റെയും സെൻട്രൽ ജയിലിന്റെയും മേധാവികൾ കഴിഞ്ഞ ദിവസങ്ങളിൽ രാജി വച്ചിരുന്നു. അതേസമയം, ശ്രീലങ്കയിൽ കഴിയുന്ന മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദ്, അറ്റോർണി ജനറലിനെയും പൊലീസ്, സേനാ മേധാവികളെയും അറസ്റ്റ് ചെയ്യാൻ സുരക്ഷാ സേനാംഗങ്ങളോട് ആവശ്യപ്പെട്ടു. സുപ്രീംകോടതി ഉത്തരവ് അനുസരിക്കാൻ ഇന്ത്യ, അമേരിക്ക, ബ്രിട്ടൻ തുടങ്ങി നിരവധി രാജ്യങ്ങളും ഐക്യരാഷ്‌ട്രസഭയും പ്രസിഡന്റ് യാമീനോട് ആവശ്യപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more