1 GBP = 103.33

അക്രമി പെട്രോൾ ഒഴിച്ച് കത്തിച്ച പണമിടപാട് സ്ഥാപന ഉടമ മരിച്ചു

അക്രമി പെട്രോൾ ഒഴിച്ച് കത്തിച്ച പണമിടപാട് സ്ഥാപന ഉടമ മരിച്ചു

കോഴിക്കോട്: ബൈക്കിലെത്തിയ അക്രമി പെട്രോളൊഴിച്ച് തീവെച്ച പുതുപ്പാടി കൈതപ്പൊയിലിലെ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ മരിച്ചു. മലബാര്‍ ഫൈനാന്‍സിയേഴ്സ് ഉടമ കുപ്പായക്കോട് ഒളവക്കുന്നേല്‍ ഷാജു കുരുവിളയാണ് (53) പുലര്‍ച്ചെ മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ദേശീയ പാതയോരത്ത് ഇരുനിലക്കെട്ടിടത്തിന്റെ മുകള്‍നിലയിലെ സ്ഥാപനത്തില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് സംഭവം. ഈസമയം കുരുവിള മാത്രമായിരുന്നു അവിടെയുണ്ടായിരുന്നത്. ദേഹത്ത് തീപടര്‍ന്ന കുരുവിള പുറത്ത് വരാന്തയിലൂടെ ഓടി കെട്ടിടത്തിനു മുകളില്‍നിന്ന് താഴേക്ക് ചാടി. റോഡരികിലെ ഓവുചാലിലേക്ക് വീണ ഇദ്ദേഹത്തെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചു. ബൈക്കിലെത്തിയ, ചുവന്ന ടീ ഷര്‍ട്ട് ധരിച്ചയാളാണ് ആക്രമണം നടത്തിയതെന്ന് സമീപത്തെ കടക്കാര്‍ പറഞ്ഞു. അക്രമിയുടേതെന്നു കരുതുന്ന ഹെല്‍മെറ്റും കോട്ടും കെട്ടിടത്തിന്റെ പുറകിൽ നിന്ന് കണ്ടെത്തി.

പണമിടപാട് സ്ഥാപനത്തിനകത്തും തീപടര്‍ന്ന് നാശനഷ്ടങ്ങളുണ്ട്. കുരുവിള ഇരുന്ന കസേര കത്തിനശിച്ചു. ഭിത്തിയിലെ ഫാനും വയറിങ്ങും കത്തിയിട്ടുണ്ട്. രണ്ട് ലിറ്ററിന്റെ കുപ്പി നിറയെ പെട്രോള്‍ സ്ഥാപനത്തിനു പുറത്തെ വരാന്തയില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി.

രണ്ടുദിവസം മുമ്പ് സ്ഥാപനത്തില്‍ വായ്പ ആവശ്യപ്പെട്ട് എത്തിയയാളെയാണ് പൊലീസ് സംശയിക്കുന്നത്. ഈട് ഹാജരാക്കാത്തതിനാല്‍ അന്ന് പണം നല്‍കിയില്ല. പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിനാല്‍ കുരുവിള ഇയാളുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇയാളാണ് ആക്രമണം നടത്തിയതെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കുരുവിള പറഞ്ഞതായി പൊലീസ് അറിയിച്ചു. ഈ വീഡിയോ പൊലീസിനു കൈമാറിയിട്ടുണ്ട്. ഇതു കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more