1 GBP = 104.19

എസ്.എഫ്.ഐയോട് നന്ദി പറഞ്ഞ് രക്തസാക്ഷി ജിഷ്ണു പ്രണോയിയുടെ അമ്മയുടെ കത്ത്

എസ്.എഫ്.ഐയോട് നന്ദി പറഞ്ഞ് രക്തസാക്ഷി ജിഷ്ണു പ്രണോയിയുടെ അമ്മയുടെ കത്ത്

കൊല്ലം: എസ്.എഫ്.ഐയോട് നന്ദി പറഞ്ഞ് രക്തസാക്ഷി ജിഷ്ണു പ്രണോയിയുടെ അമ്മയുടെ കത്ത് എസ്.എഫ്.ഐ സമ്മേളന പ്രതിനിധികള്‍ക്ക് ആവേശമായി. മകന് നീതി കിട്ടാന്‍വേണ്ടി പൊരുതിയ ഓരോ എസ്.എഫ്.ഐക്കാരനും നന്ദി അറിയിക്കുന്നതായി ജിഷ്ണുവിന്റെ അമ്മ മഹിജ അയച്ച കത്തില്‍ വ്യക്തമാക്കി.

ഈ കത്ത് സമ്മേളന നഗരിയില്‍ പ്രതിനിധികള്‍ക്ക് മുന്‍പില്‍ വായിച്ചപ്പോള്‍ വന്‍ കയ്യടിയോടെയും മുദ്രാവാക്യം വിളികളോടെയുമാണ് പ്രതിനിധികള്‍ സ്വീകരിച്ചത്.

കത്തിന്റെ പൂര്‍ണ്ണരൂപം ചുവടെ:

എന്റെ ഏറ്റവും പ്രിയപ്പെട്ട എസ്.എഫ്.ഐ കുട്ടികളേ.,

ഞാന്‍ നിങ്ങളുടെ ജിഷ്ണു പ്രണോയുടെ അമ്മ. ഇപ്പോള്‍ നിങ്ങളുടെയെല്ലാം അമ്മ. എസ്എഫ്ഐ സംസ്ഥാന സമ്മേളനം കൊല്ലത്ത് വച്ച് നടക്കുന്നതായി അറിഞ്ഞതുമുതല്‍ ഇങ്ങനൊരു കുറിപ്പെഴുതണമെന്ന് തോന്നി. ഇത് അവന് സന്തോഷമാവും എന്നെനിക്ക് ഉറപ്പുണ്ട്. അവന് അത്രയേറെ ഇഷ്ടമാണ് നമ്മുടെ തൂവെള്ളക്കൊടിയും അതിന്റെ നടുവിലുള്ള രക്തനക്ഷത്രത്തെയും.

അവന്റെ പഠനമുറിയില്‍ പോരാട്ടത്തിന്റെ വാക്കുകളും ചെഗുവേരയുടെ ചിത്രങ്ങളുമാണ് നിറയെ ഉള്ളത്. എസ്എഫ്ഐ സമ്മേളന പ്രതിനിധിയായതിന്റെ ടാഗ് ഇന്നും അവന്റെ മുറിയില്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്.

സര്‍ഗാത്മകത പൂത്തുലയേണ്ട കലാലയങ്ങള്‍ കൊലായങ്ങളായി മാറുമ്‌ബോള്‍ അവന്‍ കൊളുത്തിവിട്ട തീപ്പന്തം നിങ്ങളേറ്റെടുത്തു. കേരളം കണ്ട വലിയ പോരാട്ടത്തിന് എസ്എഫ്ഐ നേതൃത്വം നല്‍കി. സ്വാശ്രയ കച്ചവടക്കാര്‍ വിറച്ചു. ഈ ലോകത്ത് ഒരമ്മക്കും സ്വന്തം മക്കള്‍ ചെയ്ത കര്‍മ്മങ്ങള്‍ക്ക് നന്ദി പറയേണ്ടിവന്നിട്ടില്ല. പക്ഷേ ഒരുപാട് ജിഷ്ണു പ്രണോയ്മാര്‍ക്ക് എല്ലാമെല്ലാമായിത്തീര്‍ന്ന എന്റെ ഏറ്റവും പ്രിയപ്പെട്ട മക്കളായ വിജിനും, ജെയ്ക്കിനും, എന്റെ മകന്റെ നീതിക്ക് വേണ്ടി പോരാടിയ ഓരോ എസ്എഫ്ഐക്കാര്‍ക്കും മനസ് നിറഞ്ഞ് നന്ദി പറയുന്നു.

അതെ, എന്റെ മോന്‍ മരിച്ചിട്ടില്ല. അവന്‍ നിങ്ങളിലൊരാളായി നിങ്ങള്‍ക്കൊപ്പമുണ്ട്. പൊരുതി മുന്നേറുന്ന ഓരോരുത്തരിലും ഞാന്‍ എന്റെ മകനെ കാണുന്നു. വിലങ്ങുകളില്ലാതെ വാ തുറക്കാന്‍ സ്വാതന്ത്ര്യമുള്ള ഒരു കലാലയം, അതായിരുന്നു നമ്മുടെ ജിഷ്ണുവിന്റെ സ്വപ്നം. അത് പൂവണിയാന്‍ നിങ്ങള്‍ കൂടുതല്‍ കരുത്തരാവണം. അതിന് ഈ സമ്മേളനം നമ്മള്‍ക്ക് ഊര്‍ജം പകരും.

ഒരിക്കല്‍ കൂടി ജിഷ്ണുവിന്റെ സഖാക്കള്‍ക്ക് വിപ്ലവാഭിവാദ്യങ്ങള്‍ നേരുന്നു. പഴയ എസ്.എഫ്.ഐക്കാരി എന്ന അഭിമാനത്തോടെ..

നിങ്ങളുടെ എല്ലാം അമ്മ,
മഹിജ..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more