1 GBP = 103.84
breaking news

ലണ്ടൻ മലയാള സാഹിത്യവേദിയുടെ സാഹിത്യ മത്സര വിജയികളെ പ്രഖ്യാപിച്ചു… അനിൽ സെയിൻ കഥയിലും ബീന റോയ് കവിതയിലും പ്രഥമ സ്ഥാനങ്ങൾ നേടി

ലണ്ടൻ മലയാള സാഹിത്യവേദിയുടെ സാഹിത്യ മത്സര വിജയികളെ പ്രഖ്യാപിച്ചു… അനിൽ സെയിൻ കഥയിലും ബീന റോയ് കവിതയിലും പ്രഥമ സ്ഥാനങ്ങൾ നേടി

റജി നന്തികാട്ട്

ലണ്ടൻ മലയാള സാഹിത്യവേദി നടത്തിയ മൂന്നാമത് സാഹിത്യമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ചെറുകഥ, കവിത വിഭാഗങ്ങളിൽ നടന്ന മത്സരത്തിന്റെ വിധികർത്താക്കൾ പ്രമുഖ കവി കുഴൂർ വിൽസൺ, സാഹിത്യ നിരൂപകൻ അജിത് നീലാഞ്ജനം എന്നിവർ അടങ്ങിയ വിദഗ്ദ്ധ സമിതിയായിരുന്നു. പ്രാഥമിക തെരെഞ്ഞടുപ്പിന് ശേഷം അവസാന ഘട്ടത്തിൽ എത്തിയ ആറു കഥകളിൽ നിന്നും ആറു കവിതകളിൽ നിന്നുമാണ് ആദ്യ മൂന്നു സ്ഥാനങ്ങൾക്കുള്ള രചനകൾ തെരെഞ്ഞെടുത്തത്.

ചെറുകഥാ മത്സരത്തിൽ പ്രഥമ സ്ഥാനം അനിൽ സെയിൻ എഴുതിയ ‘നൊമ്പരക്കുറിപ്പുകൾ’ നേടി. വർഷങ്ങളോളം ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാമിൽ താമസിച്ചു കലാ സാംസ്‌കാരിക രംഗത്തും എഴുത്തിന്റെ ലോകത്തും സജീവ സാന്നിധ്യം ആയിരുന്നു. ഇപ്പോൾ ഓസ്‌ട്രേലിയയിലെ ബ്രിസ്ബണിൽ കുടുംബസമേതം താമസിക്കുന്നു. ഇപ്പോഴും സജീവമായി എഴുത്തിന്റെ ലോകത്തുള്ള അനിലിന്റെ രചനകൾ ആനുകാലികങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുന്നു. മുൻപ് കല യുകെ നടത്തിയ കഥ മത്സരത്തിൽ പ്രഥമ സ്ഥാനം നേടിയിട്ടുണ്ട്.

ചെറുകഥയിൽ രണ്ടാം സ്ഥാനം നേടിയത് ലിജി സെബി എഴുതിയ ‘ സ്വന്തം പിറന്നാൾ സമ്മാനം’ ആണ്. എറണാകുളം ജില്ലയിലെ കാലടി സ്വദേശിനിയാണ്. യുകെയിൽ സാറേയിൽ താമസിക്കുന്നു. കഥകളും കവിതകളും അനുഭവക്കുറിപ്പുകളും എഴുതി സാഹിത്യ ലോകത്ത് വളരെ സജീവമാണ് ലിജി. കവിത മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ ‘ ഓരോ മോഹങ്ങൾ ‘ രചിച്ചതും ലിജിയാണ്.

മാത്യു ഡൊമിനിക്കിന്റെ ‘ദേശാടനപ്പക്ഷി’ ക്കാണ് കഥാമത്സരത്തിൽ മൂന്നാം സ്ഥാനം. കോട്ടയം ജില്ലയിലെ ആനിക്കാട് സ്വദേശിയായ മാത്യു ബെർക്ക്ക്ഷയറിൽ സ്ലോയിൽ താമസിക്കുന്നു. യുക്മ സാംസ്കാരികവേദി സംഘടിപ്പിച്ച സാഹിത്യമത്സരത്തിൽ മുൻപ് സമ്മാനം നേടിയിട്ടുണ്ട്. സ്ലോ മലയാളി അസോസിയേഷൻ വൈസ് പ്രസിഡണ്ട് ആണ് മാത്യു ഡൊമിനിക്.

കവിതാമത്സരത്തിൽ പ്രഥമ സ്ഥാനം ബീന റോയ് എഴുതിയ ‘ജഠരാഗ്നി’ നേടി. യുകെയിലെ സാഹിത്യരംഗത്ത് മുഖവുര ആവശ്യമില്ലാത്ത എഴുത്തുകാരിയാണ് ബീന റോയ്. ഇംഗ്ലീഷിലും മലയാളത്തിലും നിരന്തരം എഴുതുന്ന ബീനയുടെ രചനകൾ പ്രമുഖ ഓൺലൈൻ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നു. യുക്മ ജ്വാല ഇ മാഗസിൻ, ജനനി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും ബീന സ്ഥിരമായി എഴുതുന്നു.

യുകെയിലെ അറിയപ്പെടുന്ന ഗായകൻ റോയ് സെബാസ്റ്റ്യന്റെ ഭാര്യയാണ് ബീന റോയ്.

നിമിഷ ബാസിൽ രചിച്ച ‘മരണം ‘ എന്ന കവിതയാണ് രണ്ടാം സമ്മാനം നേടിയത്. കോളേജ് വിദ്യാഭാസകാലം മുതൽ എഴുതി തുടങ്ങിയ നിമിഷ നവമാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ്.

വിജയികളെ ലണ്ടൻ മലയാള സാഹിത്യവേദി ജനറൽ കൺവീനർ റജി നന്തികാട്ട് അഭിനന്ദിച്ചു. വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ 2018 ൽ ലണ്ടൻ മലയാള സാഹിത്യവേദി സംഘടിപ്പിക്കുന്ന നൃത്ത സംഗീത സന്ധ്യ ‘വർണനിലാവ്’ എന്ന പരിപാടിയോടൊപ്പം നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ വിതരണം ചെയ്യുന്നതായിരിക്കും. സമ്മാനാർഹമായ കൃതികൾ പ്രമുഖ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിക്കും.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more