1 GBP = 103.62
breaking news

സേവ്യർഖാൻ അച്ചൻ നയിക്കുന്ന ലണ്ടൻ കൺവെൻഷൻ ഞായറാഴ്ച; ആയിരങ്ങൾക്ക് സാക്ഷ്യമേകാൻ ‘അല്ലിൻസ് പാർക്ക്’ ഒരുങ്ങി….

സേവ്യർഖാൻ അച്ചൻ നയിക്കുന്ന ലണ്ടൻ കൺവെൻഷൻ ഞായറാഴ്ച; ആയിരങ്ങൾക്ക് സാക്ഷ്യമേകാൻ ‘അല്ലിൻസ് പാർക്ക്’ ഒരുങ്ങി….

അപ്പച്ചൻ കണ്ണഞ്ചിറ
ലണ്ടൻ:ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനുകൾ ഞായറാഴ്ച ലണ്ടനിലെ അല്ലിയൻസ് പാർക്കിലെ ശുശ്രുഷയോടെ സമാപിക്കും.അഭിവന്ദ്യ രൂപത അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ തന്റെ ‘സുവിശേഷവേല’യുടെ ഭാഗമായി രൂപതയേ ശാക്തീകരിക്കുന്നതിനും,രൂപതാംഗങ്ങളെ പരിശുദ്ധാല്മ കൃപാവരങ്ങൾ കൊണ്ടു നിറക്കുവാനുമായി സംഘടിപ്പിക്കുന്ന അഭിഷേകാഗ്നി കൺവെൻഷനുകൾ സമാപിക്കുമ്പോളേക്കും രൂപത അഭിഷേക നിറവിലാവും.

പരിശുദ്ധാല്മ ശുശ്രുഷകളിൽ കാലഘട്ടത്തിലെ അനുഗ്രഹീത ശുശ്രുഷകരിൽ പ്രശസ്തനായ വചന ഗുരുവും, അത്ഭുത രോഗ ശാന്തികളും അനുഗ്രഹങ്ങളും തിരുവചന പ്രഘോഷണങ്ങളിലൂടെയും സ്തുതിപ്പുകളിലൂടെയും പകർന്നു നൽകുവാൻ നിയോഗിക്കപ്പെട്ട അനുഗ്രഹീത അഭിഷിക്തൻ സേവ്യർഖാൻ വട്ടായിൽ അച്ചന്റെ ശുശ്രുഷ യു കെ യിൽ ദൈവീക അടയാളങ്ങൾക്കും നിരവധിയായ ഉദ്ധിഷ്‌ട കാര്യസാദ്ധ്യങ്ങൾക്കും കാരണഭൂതമാവും.

യുകെയിലുടനീളം നടത്തപ്പെടുന്ന മദ്ധ്യസ്ഥ പ്രാർത്ഥനകളും,ഉപവാസങ്ങളും,അഖണ്ഡ ജപമാലകളും,വിശുദ്ധ കുർബ്ബാനകളും,പ്രാർത്ഥന മഞ്ജരികളും ആയി ഈശ്വര ചൈതന്യത്തിൽ നടത്തപ്പെടുന്ന ലണ്ടൻ കൺവെൻഷൻ അല്ലിയൻസ് പാർക്കിൽ വലിയ അത്ഭുതങ്ങൾക്കു സാക്ഷ്യം വഹിക്കുമ്പോൾ അതിനു നേർസാക്ഷികളാവാനും അനുഗ്രഹങ്ങൾ പ്രാപിക്കുവാനും കിട്ടുന്ന ഈ സുവർണ്ണാവസരം ആരും നഷ്‌ടപ്പെടുത്തരുതേ എന്നാണു സ്രാമ്പിക്കൽ പിതാവിന്റെ ഏക പ്രാർത്ഥന.

29 നു ഞായറാഴ്ച രാവിലെ 9:30 നു ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന അഭിഷേകാഗ്നി കൺവെൻഷനിൽ തിരുവചന ശുശ്രുഷകളും,വിശുദ്ധ കുർബ്ബാനയും,ആരാധനയും,അത്ഭുത സാക്ഷ്യങ്ങളും, ഗാന ശുശ്രുഷകളും ഉണ്ടാവും. കുട്ടികൾക്കായി രണ്ടു വിഭാഗമായി പ്രതേക ശുശ്രുഷകളും ഒരുക്കിയിട്ടുണ്ട്.

വിശാലമായ പാർക്കിങ് സൗകര്യങ്ങൾ ഉള്ള ധ്യാന വേദിയിൽ ഗേറ്റ് ‘A’ യിൽ കൂടി പ്രവേശിച്ചു ‘പേജ് സ്ട്രീറ്റ്’ വഴി വന്നു ‘ചാമ്പ്യൻസ് വേ’യിൽക്കൂടി പാർക്കിങ്ങിൽ എത്താവുന്നതാണ്.

കൺവെൻഷൻ കൂടുതൽ അനുഗ്രഹീതമാവുന്നതിനായി ക്രമീകരിച്ചിരിക്കുന്ന ഉപവാസമനുഷ്‌ഠിച്ചുകൊണ്ടുള്ള അഭിഷേകാഗ്നി കൺവെൻഷനിൽ പങ്കെടുക്കുന്നവരിൽ ആവശ്യമുള്ളവർ ഭക്ഷണം കയ്യിൽ കരുതേണ്ടതാണെന്ന കാര്യം പ്രത്യേകം ഓർമ്മിപ്പിക്കുന്നു.

അഭിഷേകാഗ്നി കൺവെൻഷനിൽ പങ്കെടുക്കുവാൻ മിൽ ഹിൽ ഈസ്റ്റ് ട്യൂബ് സ്റ്റേഷനിൽ വന്നു ചേരുന്നവർക്കായി ആവശ്യമെങ്കിൽ യാത്ര സൗകര്യം വോളണ്ടിയേഴ്സ് ഒരുക്കുന്നുണ്ട്. എന്നിരുന്നാലും രാവിലെ 11:00 മുതൽ വൈകുന്നേരം 5:00 മണി വരെ ഷട്ടിൽ സർവ്വീസുകൾ ഉണ്ടായിരിക്കുന്നതല്ല.കൂടുതൽ വിവരങ്ങൾക്ക് അനിൽ ആന്റണിയുമായി (07723744639) ബന്ധപ്പെടേണ്ടതാണ്.

അഭിഷേകാഗ്നി കൺവെൻഷൻ ശുശ്രുഷകൾ കൂടുതൽ അനുഭവമാക്കുന്നതിനായി വലിയ സ്‌ക്രീനുകളിൽ തത്സമയ പ്രക്ഷേപങ്ങൾ കാണുവാൻ മികച്ച സംവിധാനങ്ങൾ സംഘാടകർ ഒരുക്കിയിട്ടുണ്ട്.

മൂന്ന് ഹാളുകളിലായിട്ടാണ് കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്.കുട്ടികളുടെ ശുശ്രുഷകൾക്കു സെഹിയോൻ യു കെ മിനിസ്ട്രിയുടെ ഡയറക്ടർ സോജി ഓലിക്കൽ അച്ചനും ടീമും നേതൃത്വം നൽകും.

കായികാരവങ്ങൾ മാത്രം മുഴങ്ങിക്കേട്ട ‘അല്ലിൻസ് പാർക്ക്’ ഞായറാഴ്ച ദൈവ സ്തുതികളുടെയും തിരുവചനകളുടെയും സ്വർഗ്ഗീയാരവം കൊണ്ട് നിറയുമ്പോൾ അതിനു കാതോർക്കുവാൻ വരുന്ന ഏവരും അനുഗ്രഹങ്ങളുടെ പേമാരിക്ക് നേർസാക്ഷികളാവും എന്ന് തീർച്ച.

കുമ്പസാരത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഏവരെയും സ്നേഹ പൂർവ്വം കൺവെൻഷനിലേക്കു ക്ഷണിക്കുന്നതായി സംഘാടക സമിതി അറിയിച്ചു.

Allianz Park Greenlands Lanes, Hendon, London NW4 1RL

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more