1 GBP = 103.14

ലോക കേരളസഭ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്‌ഘാടനം ചെയ്യും; സമ്മേളനത്തിൽ പങ്കെടുക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിനിധികൾ തലസ്ഥാനത്തെത്തി

ലോക കേരളസഭ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്‌ഘാടനം ചെയ്യും; സമ്മേളനത്തിൽ പങ്കെടുക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിനിധികൾ തലസ്ഥാനത്തെത്തി

തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിനും പൊതുനന്മയ്ക്കുമായി പ്രവാസി സമൂഹത്തെയാകെ അണിനിരത്തുന്ന ലോക കേരളസഭയുടെ പ്രഥമസമ്മേളനത്തിന് ഇന്ന് തലസ്ഥാനത്ത് തുടക്കം. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള പ്രതിനിധികള്‍ സഭയില്‍ പങ്കെടുക്കാനായി തലസ്ഥാനത്തെത്തി.

നിയമസഭാമന്ദിരത്തിലെ പ്രത്യേക വേദിയില്‍ രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കരട് രേഖയും അദ്ദേഹം അവതരിപ്പിക്കും. സമ്മേളന നടപടി രാവിലെ 9.30ന് ആരംഭിക്കും. 8.30മുതല്‍ 9.30വരെ അംഗങ്ങളുടെ രജിസ്‌ട്രേഷന്‍. ചീഫ് സെക്രട്ടറി പോള്‍ ആന്റണി സഭാ രൂപീകരണം സംബന്ധിച്ച പ്രഖ്യാപനം നടത്തും. തുടര്‍ന്ന് സഭാംഗങ്ങള്‍ ഒരുമിച്ച് സത്യപ്രതിജ്ഞചെയ്ത് ചുമതലയേല്‍ക്കും. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ സഭയുടെ പ്രാധാന്യം വിശദീകരിക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സംസാരിക്കും. 351 അംഗങ്ങളാണ് സഭയില്‍ ഉണ്ടാകുക.

ലോക കേരളസഭയെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാട് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി ജെ കുര്യന്‍, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മുന്‍ മുഖ്യമന്ത്രിമാരായ വിഎസ് അച്യുതാനന്ദന്‍, ഉമ്മന്‍ചാണ്ടി, മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി തുടങ്ങിയവര്‍ അവതരിപ്പിക്കും.

പകല്‍ 2.30 മുതല്‍ അഞ്ച് ഉപവേദികളിലായി മേഖല തിരിച്ചുള്ള സമ്മേളനങ്ങള്‍ നടക്കും. പൊതുസമ്മേളനത്തില്‍ മേഖലാചര്‍ച്ചകളുടെ അവതരണം ഉണ്ടാകും. മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, പ്രവാസിവ്യവസായികള്‍, സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വൈകിട്ട് 6.15മുതല്‍ സാംസ്‌കാരികപരിപാടികള്‍.

പ്രഭാവര്‍മ രചിച്ച് ശരത് സംഗീതംനല്‍കിയ മുദ്രാഗാന അവതരണം, പ്രമോദ് പയ്യന്നൂരും ജയരാജ് വാര്യരും ചേര്‍ന്ന് ഒരുക്കുന്ന സംഗീതം, കൊറിയോഗ്രഫി, കാരിക്കേച്ചര്‍ എന്നിവയുടെ ദൃശ്യാവിഷ്‌കാരം ‘ദൃശ്യാഷ്ടക’വും അരങ്ങേറും.

ശനിയാഴ്ച രാവിലെ ഒമ്പതുമുതല്‍ മേഖലാസമ്മേളനങ്ങള്‍. ധനകാര്യം, വ്യവസായം, വിവരസാങ്കേതികവിദ്യ, നവ സാങ്കേതികവിദ്യകള്‍, പ്രവാസികളുടെ പ്രശ്‌നങ്ങള്‍: പ്രവാസത്തിനു മുമ്പും പ്രവാസത്തിലും, കൃഷി അനുബന്ധ മേഖലകള്‍, സ്ത്രീകളും പ്രവാസവും വിഷയങ്ങളില്‍ ചര്‍ച്ച നടക്കും.

രണ്ടാം സെഷനില്‍ പ്രവാസത്തിന്റെ പ്രശ്‌നങ്ങള്‍, പ്രവാസത്തിനുശേഷം, വിനോദസഞ്ചാരം, സഹകരണം, വിദ്യാഭ്യാസം, സാമൂഹ്യനീതി, ആരോഗ്യം, സാംസ്‌കാരികം വിഷയങ്ങള്‍ ചര്‍ച്ചചെയ്യും. പകല്‍ രണ്ടിന് പൊതുസഭാസമ്മേളനം ആരംഭിക്കും. 3.45ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമാപനപ്രസംഗം നടത്തും. വൈകിട്ട് 6.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാപനസമ്മേളനം ഗവര്‍ണര്‍ പി സദാശിവം ഉദ്ഘാടനംചെയ്യും. മുഖ്യമന്ത്രി അധ്യക്ഷനാകും. പൊതുസമ്മേളനവും കലാപരിപാടികളും അരങ്ങേറും.

കേരളസഭാ സമ്മേളനത്തോടനുബന്ധിച്ച് പ്രമുഖ ശാസ്ത്രജ്ഞര്‍ പങ്കെടുക്കുന്ന സംവാദം, ഓപ്പണ്‍ഫോറം തുടങ്ങിയവയും നടക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more