1 GBP = 103.14

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭയ്ക്ക് നാളെ പുതു ചരിത്രം ; ഔവര്‍ ലേഡി ഓഫ് പീസ് ദേവാലയം ശനിയാഴ്ച മുതല്‍ സീറോ മലബാര്‍ രൂപതയ്ക്ക് സ്വന്തം ഉത്ഘാടന ചടങ്ങുകളില്‍ വിശിഷ്ടാതിഥികളെത്തും. ആയിരങ്ങള്‍ സാക്ഷിയാകും…

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭയ്ക്ക് നാളെ പുതു ചരിത്രം ; ഔവര്‍ ലേഡി ഓഫ് പീസ് ദേവാലയം ശനിയാഴ്ച മുതല്‍ സീറോ മലബാര്‍ രൂപതയ്ക്ക് സ്വന്തം  ഉത്ഘാടന ചടങ്ങുകളില്‍ വിശിഷ്ടാതിഥികളെത്തും. ആയിരങ്ങള്‍ സാക്ഷിയാകും…
ലിവര്‍പൂള്‍:- ഇതുവരെ ലിവര്‍പൂള്‍ ലാറ്റിന്‍ അതിരൂപതയുടെ ഭാഗമായിരുന്ന ‘ ഔവര്‍ ലേഡി ഓഫ് പീസ്” (സമാധനത്തിന്റെ രാജ്ഞി) ദേവാലയം ശനിയാഴ്ച മുതല്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയ്ക്ക് സ്വന്തമാകുന്നു. ലിവര്‍പൂള്‍ കേന്ദ്രമാക്കി ജീവിക്കുന്ന സീറോ മലബാര്‍ സഭാ വിശ്വാസികളുടെ ആത്മീയതയും പ്രാര്‍ത്ഥനാ ജീവിതവും മനസിലാക്കി ലിവര്‍പൂള്‍ രൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാല്‍ക്കം മക്മഹോന്‍ opയാണ് ഒരു ദേവാലയം സീറോ മലബാര്‍ വിശ്വാസികള്‍ക്കായി നല്‍കാന്‍ തീരുമാനമെടുത്തതും ഇക്കാര്യം രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിനേയും പ്രീസ്റ്റ് ഇന്‍ ചാര്‍ജ് റവ ഫാ ജിനോ വര്‍ഗീസ് അരീക്കോട് mcsb നെയും അറിയിച്ചതും.
ദേവാലയം ഏറ്റെടുക്കല്‍ ചടങ്ങും ഉത്ഘാടനവും ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ആരംഭിക്കും. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികനാകുന്ന തിരുകര്‍മ്മങ്ങളില്‍ ലിവര്‍പൂള്‍ രൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാല്‍ക്കം മക്മഹോന്‍ op വചന സന്ദേശം നല്‍കും. ലിവര്‍പൂള്‍ സഹായ മെത്രാന്‍ ബിഷപ് തോമസ് വില്യംസ്, ലിവര്‍പൂള്‍ എമരിത്തുസ് സഹായമെത്രാന്‍ വിന്‍സെന്റ് മലോണ്‍ എന്നിവരുടെ സാന്നിധ്യം അനുഗ്രഹമാകും. വിവിധ രൂപതകളിലെ വികാരി ജനറല്‍മാര്‍, ചാന്‍സിലര്‍, വൈദീകര്‍, സിസ്റ്റേഴ്‌സ്, വിവിധ വി കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികള്‍ തുടങ്ങിയവരും തിരു കര്‍മ്മങ്ങളില്‍ സംബന്ധിക്കാനെത്തും.
3 മണിക്ക് പ്രദക്ഷിണമായി കാര്‍മ്മികരും വിശിഷ്ടാതിഥികളും ദേവാലയത്തില്‍ പ്രവേശിക്കും. തുടര്‍ന്ന് തിരി തെളിയിക്കല്‍ ശുശ്രൂഷയും നാലു ഭാരത വിശുദ്ധരുടെ തിരു സ്വരൂപങ്ങള്‍ സ്ഥാപിച്ച് തിരുശേഷിപ്പ് പ്രതിഷ്ഠയും നടക്കും. ഇടവക പ്രഖ്യാപന വിജ്ഞാപനവും രണ്ട് കര്‍ദ്ദിനാള്‍മാരുടെ അനുഗ്രഹ സന്ദേശവും തുടര്‍ന്ന് വായിക്കപ്പെടും.
തുടര്‍ന്ന് നടക്കുന്ന ആഘോഷമായ വി കുര്‍ബ്ബാനയ്ക്ക് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. വി കുര്‍ബ്ബാനയ്ക്കിടയില്‍ ഏഴു കുഞ്ഞുങ്ങള്‍ക്ക് ആദ്യ കുര്‍ബ്ബാനയും സ്ഥൈര്യലേപനവും നല്‍കും. ദിവ്യബലിയ്ക്ക് സമാപനത്തില്‍ ഇടവകയുടെ വെബ്‌സൈറ്റ് പ്രകാശനവും ആഭിവന്ദ്യ പിതാക്കന്മാര്‍ക്ക് ആദര ഫലകങ്ങളും നല്‍കപ്പെടും. വിവിധ വി. കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്നായി തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കാനെത്തുന്ന എല്ലാവര്‍ക്കുമായി ലഘു ഭക്ഷണങ്ങളും ക്രമീകരിച്ചിട്ടുണ്ട് .
ഇടവക ഉത്ഘാടനത്തിന്റെ ചടങ്ങുകളുടെ നടത്തിപ്പിനായി പ്രീസ്റ്റ്ഇന്‍ ചാര്‍ജ് റവ ഫാ ജിനോ വര്‍ഗീസ് അരീക്കോട്, കൈക്കാരന്മാര്‍, കമ്മറ്റി അംഗങ്ങള്‍, വിമെന്‍സ് ഫോറം, ഗായക സംഘം, വോളണ്ടിയേഴ്‌സ്, തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ചരിത്രത്തിലെ ഒരു പ്രധാന ദിനമാണഇതെന്നും ഇതിന്റെ സന്തോഷത്തിലും അനുഗ്രഹത്തിലും പങ്കുചേരാന്‍ സാധിക്കുന്ന എല്ലാവരും തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കണമെന്നും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭ്യര്‍ത്ഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more