1 GBP = 103.74
breaking news

ലിനിയോടൊപ്പം എരിഞ്ഞടങ്ങിയ ഒരു കുടുംബത്തിന്റെയാകെ സ്വപ്‌നങ്ങള്‍ക്ക് ചിറകു വിരിയിക്കാൻ ഇനി കരുണയുള്ള മനസ്സുകൾ കനിയണം. യുക്മ ചാരിറ്റിക്കൊപ്പം യുക്മ നേഴ്‌സസ് ഫോറവും നിങ്ങൾക്ക് മുൻപിൽ യാചിക്കുകയാണ്, നമ്മുടെ സഹോദരിയുടെ പിഞ്ചു മക്കൾക്ക് തുണയാകാൻ…

ലിനിയോടൊപ്പം എരിഞ്ഞടങ്ങിയ ഒരു കുടുംബത്തിന്റെയാകെ സ്വപ്‌നങ്ങള്‍ക്ക് ചിറകു വിരിയിക്കാൻ ഇനി കരുണയുള്ള മനസ്സുകൾ കനിയണം. യുക്മ ചാരിറ്റിക്കൊപ്പം യുക്മ നേഴ്‌സസ് ഫോറവും നിങ്ങൾക്ക് മുൻപിൽ യാചിക്കുകയാണ്, നമ്മുടെ സഹോദരിയുടെ പിഞ്ചു മക്കൾക്ക് തുണയാകാൻ…

വർഗ്ഗീസ് ഡാനിയേൽ

‘സജീഷേട്ടാ, am almost on the way. നിങ്ങളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല. sorry… നമ്മുടെ മക്കളെ നന്നായി നോക്കണേ… പാവം കുഞ്ചു. അവനെയൊന്ന് ഗള്‍ഫില്‍കൊണ്ടുപോകണം… നമ്മുടെ അച്ഛനെ പോലെ തനിച്ചാവരുത്, please…’ മരണത്തിന്റെ കാലൊച്ച കാതുകളിൽ കേട്ടപ്പോൾ ഐസിയുവില്‍ കിടന്നുകൊണ്ട്‌ ലിനി എഴുതിയ വാക്കുകളാണ് ഇത്‌…. ജീവിതത്തിലേക്ക് ഇനിയൊരു തിരിച്ചുപോക്ക് അസാധ്യമാണെന്ന് തിരിച്ചറിഞ്ഞ നിമിഷം അവളുടെ മനസ്സില്‍ മാറി മറഞ്ഞത്‌ തന്റെ സ്വപ്നങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നടിയുന്ന ദാരുണമായ ചിത്രങ്ങായിരുന്നു, തന്നെ ജീവനുതുല്യം സ്നേഹിക്കുന്ന തന്റെ പ്രിയപ്പെട്ടവനെ ഇനിയൊരിക്കലും കാണാനാവില്ലല്ലോ എന്ന ചിന്തയായിരുന്നു, കളിചിരിമാറാത്ത പൊന്നോമനകളെ ഒന്നുമ്മവെച്ച്‌ തന്റെ സജിഷേട്ടന്റെ കയ്യിലേല്‍പ്പിച്ച് യാത്ര പറയാനാവില്ലല്ലോ എന്നതായിരുന്നു.
നിപ്പാ വൈറസ് ബാധിച്ച് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ താൽകാലീക ജീവനക്കാരിയായ നഴ്‌സ് ലിനി എഴുതിയ അവസാന കത്ത് ഇന്ന് എല്ലാവരേയും പ്രത്യേകിച്ച് ആതുര സേവന രംഗത്ത്‌ ജോലിചെയ്യുന്നവരെ വേദനിപ്പിക്കുന്നു. ആതുരസേവനത്തിനിടെ ജീവന്‍ ത്യജിക്കേണ്ടി വന്ന ആ മാലാഖയ്ക്ക് വേണ്ടി കണ്ണീരൊഴുക്കുകയാണ് മലയാളക്കരയൊന്നാകെ.
ജോലിക്ക് പോയ അമ്മയെ കാത്തിരുന്ന മക്കൾ അപ്രതീക്ഷിതമായി നാട്ടിലെത്തിയ അച്ഛനെ കണ്ട സന്തോഷത്തിലാണ്. അമ്മ ഇനി ഒരിക്കലും തിരികെവരില്ലെന്ന് ലിനിയുടെ കുഞ്ഞുമക്കള്‍ അറിഞ്ഞിട്ടില്ല. അമ്മയ്ക്ക് ആശുപത്രിയില്‍ ജോലിത്തിരക്കാണെന്ന് പറഞ്ഞിരിക്കുകയാണ് മക്കളായ റിഥുലിനോടും സിദ്ധാര്‍ഥിനോടും. ഭര്‍ത്താവ് സജീഷ് ബഹ്‌റൈനില്‍ നിന്ന് നാട്ടിലെത്തിയെങ്കിലും പ്രിയതമയുടെ ജീവനറ്റ ശരീരം പോലും അവസാനമായി ഒരുനോക്ക് അടുത്ത് കാണാന്‍ വിധിയുടെ ക്രൂരത അനുവദിച്ചില്ല.

നീണ്ട ആശുപത്രി വാസത്തിനും ചികിത്സയ്ക്കും ശേഷം വര്‍ഷങ്ങള്‍ക്ക് മുമ്പെ മൂന്ന് പെണ്‍മക്കളെ അനാഥമാക്കി അച്ഛന്‍ മരിച്ചതോടെ കുടുംബത്തെ പോറ്റുക എന്ന ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുത്ത് ലിനി ആതുരശുശ്രൂഷ രംഗത്തേക്ക് ഇറങ്ങിത്തിരിച്ചത്. നഴ്സിംഗ് പഠനത്തിനായി എടുത്ത ലോണ്‍ തിരിച്ചടക്കാന്‍ വഴിയില്ലാതെ, ജോലിയായില്ലെന്നും എഴുതിത്തള്ളണമെന്നും സര്‍ക്കാരിനോടും ബന്ധപ്പെട്ടവരോടും പറഞ്ഞെങ്കിലും ആരും ചെവിക്കൊണ്ടില്ല. ഒടുവില്‍ അധികൃതര്‍ വീട്ടിലേക്ക് നോട്ടീസയക്കാന്‍ തുടങ്ങി. മറ്റ് വഴിയില്ലാതെ എന്‍.ആര്‍.എച്ച്.എം. സ്‌കീം പ്രകാരം പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ദിവസവേതനത്തിന് ജോലി ചെയ്ത് വരികയായിരുന്നു ലിനി. ഇത് ഏകദേശം ഒരു വര്‍ഷത്തോളമാകുന്നതേയുള്ളൂ. അതിനിടെയാണ് നിപ്പ വൈറസിന്റെ രൂപത്തില്‍ ദുരന്തം തേടിയെത്തിയത്.
ചെമ്പനോട കൊറത്തിപ്പാറയിലെ പുതുശ്ശേരി നാണുവിന്റെയും രാധയുടേയും മൂന്ന് പെണ്‍മക്കളില്‍ രണ്ടാമത്തെയാളായ ലിനി വടകര സ്വദേശിയായ സജീഷിനെ വിവാഹം ചെയ്തതോടെയാണ് അങ്ങോട്ടേക്ക് താമസം മാറിയത്. അവിടെ നിന്നും ദിവസേന പേരാമ്പ്രയെത്തി ജോലി ചെയ്യുകയായിരുന്നു. സമയ ബോധമില്ലാത്ത കോമാളി അവിടെയും വിധിയുടെ രൂപത്തിൽ എത്തി ലിനിയുടെ സ്വപ്നത്തെ തകർത്തുകളഞ്ഞു.

“നാളെ എനിക്കും ഞങ്ങൾക്കോരോരുത്തർക്കും ഇത് സംഭവിക്കാം. അതുകൊണ്ട് ആ കുടുംബത്തിന് ഒരു കൈത്തതാങ്ങാകുവാൻ നമ്മൾ ആ കുടുംബത്തെ സഹായിക്കണം” യുക്മ നഴ്സസ് ഫോറം കോർഡിനേറ്റർ സിന്ധു ഉണ്ണി, പ്രസിഡന്റ് ബിന്നി മനോജ് എന്നിവർ യുക്മ നേതൃത്വവുമായി ഇന്നലെ തന്നെ ബന്ധപ്പെട്ട് ഇങ്ങനെ ഒരു അഭിപ്രായം പ്രകടിപ്പിച്ചപ്പോൾ മറിച്ചൊരു അഭിപ്രായമില്ലാതെ യുക്മ ചാരിറ്റിയുടെ സഹായത്തോടെ ആ കുടുംബത്തിന് നമ്മളാൽ ആവതു ചെയ്യുവാൻ തീരുമാനിക്കുകയായിരുന്നു യുക്മ പ്രസിഡന്റ് മാമ്മൻ ഫിലിപ്പും സെക്രട്ടറി റോജിമോനും. യു എൻ എഫ് നാഷണൽ ഭാരവാഹികളായ ദേവലാൽ സഹദേവൻ, ജോജി സെബാസ്ട്യൻ, ഏബ്രഹാം പൊന്നുംപുരയിടത്തിൽ റെനോൾഡ്‌ മാനുവൽ,മനു സഖറിയാ എന്നിവരുടെ ഒരു ടീമായി നിന്നുകൊണ്ടാണ് ലിനിയുടെ കുടുംബത്തെ സഹായിക്കുവാൻ പ്രവർത്തിക്കുന്നത്.

വെസ്റ്റ്ഹില്‍ ഇലക്ട്രിക് ശ്മശാനത്തില്‍ ലിനിയോടൊപ്പം എരിഞ്ഞടങ്ങിയ ഒരു കുടുംബത്തിന്റെയാകെ സ്വപ്‌നങ്ങള്‍ക്ക് ചിറകു വിരിയിക്കാൻ ഇനി കരുണയുള്ള മനസ്സുകൾ കനിയണം. ആ കുടുംബത്തിന്റെ കണ്ണുനീരൊപ്പാൻ ജഗദീശ്വരൻ നമ്മളെയും ചുമതലപ്പെടുത്തിയിട്ടുണ്ടാവും. യുക്മയുടെ ഈ എളിയ സംഭരംഭത്തിൽ നിങ്ങളാലാവുന്ന സഹായം യുക്മ ചാരിറ്റി അക്കൗണ്ടിലേക്ക് നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

UUKMA CHARITY FOUNDATION
A/C NO. 52178974
Sort Code 40 37 36
HSBC Bank

ഭൂമിയിലെ മാലാഖമാർ എന്ന് വിശേഷിപ്പിക്കുമ്പോഴും ലിനിയെപ്പോലുള്ളവരുടെ ജീവത്യാഗം നമുക്ക് മുന്നിൽ ചോദ്യചിഹ്നമായി അവശേഷിക്കുന്നു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more