1 GBP = 103.92
breaking news

ഏറെ പുതുമകളോടെ ചരിത്രം തിരുത്താന്‍ ലിംക ഓണാഘോഷം ആവണിത്തെന്നല്‍ ശനിയാഴ്ച

ഏറെ പുതുമകളോടെ ചരിത്രം തിരുത്താന്‍ ലിംക ഓണാഘോഷം ആവണിത്തെന്നല്‍ ശനിയാഴ്ച

വൈവിദ്ധ്യമാര്‍ന്ന നിരവധി പ്രവര്‍ത്തനങ്ങളിലൂടെ യുകെ മലയാളികള്‍ക്ക് സുപരിചിതമായ സംഘടനയാണ് ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ എന്ന ലിംക. ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഓണസദ്യ വിളമ്പിയും, ആദ്യമായി അത്തപ്പൂക്കള മല്‍സരമൊരുക്കിയും, യൂറോപ്പിലെ തന്നെ ഏറ്റവും വലിയ അത്തപ്പൂക്കളമിട്ടും ജനശ്രദ്ധ നേടിയ ലിവര്‍പൂള്‍ ലിംകയുടെ ഓണാഘോഷം ഈ വരുന്ന പതിനാറാം തീയതി ശനിയാഴ്ച ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അങ്കണത്തില്‍ അതിവിപുലമായി ആഘോഷിക്കുന്നതായി ലിംക ചെയര്‍പേഴ്‌സന്‍ മനോജ് വടക്കേടത്ത്, സെക്രട്ടറി ഫിലിപ്പ് കുഴിപ്പറമ്പില്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ തോമസ് ജോണ്‍ വാരികാട്ട് എന്നിവര്‍ അറിയിച്ചു.

രാവിലെ ഒമ്പതുമണിക്ക് അത്തപ്പൂക്കളമിട്ട് തുടങ്ങുന്ന ആഘോഷങ്ങള്‍ ഗൃഹാതുര സ്മരണകളെ അയവിറക്കുന്ന സൗഹൃദ വടംവലി മല്‍സരം മുതല്‍ കലം തല്ലി പൊട്ടിക്കല്‍ വരെയുള്ള തനിനാടന്‍ കായിക മത്സരങ്ങള്‍ക്കും ശേഷം തൃക്കാക്കരയപ്പനു തിരുമുല്‍ കാഴ്ചവച്ചു സകുടുംബം തൂശനിലയില്‍ മുറയനുസരിച്ചു വിളമ്പുന്ന വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ട് മതിമറന്നാഘോഷിക്കുവാനുള്ള അവസരമാണ് ലിംക ഒരുക്കിയിരിക്കുന്നത്.

നിരവധി കലാ സാംസ്‌കാരിക പ്രമുഖര്‍ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ യുക്മ ദേശീയ അധ്യക്ഷന്‍ ശ്രീ മാമന്‍ ഫിലിപ്പ്, ഏഷ്യാനെറ്റ് യൂറോപ്പ് എംഡിയും ആനന്ദ് മീഡിയ ഡയറക്ടറുമായ ശ്രീ എസ് ശ്രീകുമാര്‍, ലിംകയുടെ കള്‍ച്ചറല്‍ പാര്‍ട്ണര്‍ കൂടിയായ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാലി ബീവേഴ്‌സ്, കമ്യൂണിറ്റി അഫയേഴ്‌സ് ഡയറക്ടര്‍ ക്രിസ് ഫോസ് തുടങ്ങിയ സമുന്നതരായ വ്യക്തികളും അഭിസംബോദന ചെയ്തു സംസാരിക്കുന്നതാണ്.

തുടര്‍ന്ന് ലിവര്‍പൂളിലേയും സമീപപ്രദേശങ്ങളിലേയും സര്‍ഗ്ഗപ്രതിഭകള്‍ ചേര്‍ന്ന് അണിയിച്ചൊരുക്കുന്ന കലാവിരുന്ന് ലിവര്‍പൂള്‍ മലയാളികള്‍ക്കൊരു ഓണവിരുന്നായിരിക്കും എന്നതിന് സംശയമില്ല. ഇപ്രാവശ്യം ഓണാഘോഷങ്ങളില്‍ പങ്കെടുക്കുന്ന എല്ലാവരുടെയും ടിക്കറ്റിന്റെ കൌണ്ടര്‍ ഫോയില്‍ നറുക്കിട്ടെടുത്തു ഭാഗ്യവാന്മാര്‍ക്കും ഭാഗ്യവതികള്‍ക്കും ഓണക്കോടികള്‍ സമ്മാനമായി നല്‍കുന്നതാണ്. മത്സരങ്ങളിലെ വിജയികള്‍ക്ക് എല്ലാവര്‍ക്കും മാവേലി നാടിന്റെ ഓര്‍മ നിലനിര്‍ത്തുന്ന മറ്റനേകം സമ്മാനങ്ങളും നല്‍കുന്നതാണ്. ഈ സുദിനം ഒത്തൊരുമിച്ചാഘോഷിക്കാന്‍ എല്ലാവരെയും ലിംക നേതൃത്വം സ്വാഗതം ചെയ്യുകയാണ്.

വേദിയുടെ വിലാസം:

ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ഹീലിയേഴ്സ് റോഡ്, ഓള്‍ഡ്സ്വാന്‍, ലിവര്‍പൂള്‍ L13 4DH

ടോം – 07734360642
തോമസ് – 07949706499

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more