1 GBP = 103.62
breaking news

പ്രാണസഖിയുടെ ചിത കത്തിയെരിയുന്നതും നോക്കി നിർന്നിമേഷനായി ഭർത്താവ്; ചുടുകണ്ണീരുമായി അനിയത്തി

പ്രാണസഖിയുടെ ചിത കത്തിയെരിയുന്നതും നോക്കി നിർന്നിമേഷനായി ഭർത്താവ്; ചുടുകണ്ണീരുമായി അനിയത്തി

തിരുവനന്തപുരം: ഇന്നലെ തിരുവനന്തപുരത്തെ ശാന്തികവാടം സാക്ഷിയായത് ലാത്‌വിയൻ യുവതിയുടെ ചേതനയറ്റ ശരീരം തീനാളങ്ങൾ ഏറ്റുവാങ്ങുന്നതും നോക്കി.ചേച്ചിയുടെ ചിത ആളിക്കത്തുപോൽ തൊട്ടടുത്ത് ചുടുകണ്ണീരുമായി ആ അനിയത്തി ജ്വലിച്ചു നിന്നു. തീജ്വാലകൾ ശരീരത്തെ ചുവപ്പിച്ചിട്ടും അവൾ മാറിയില്ല. കൂടപ്പിറപ്പാണ് അഗ്നിയിൽ എരിഞ്ഞടങ്ങുന്നത്. ഇതിനിടെ എത്തി നോക്കിയ വീഡിയോ കാമറയെ നോക്കി അവൾ കോപം കൊണ്ടുവിറച്ചു.
ലാറ്റ്‌വിയയിൽ നിന്ന് ചേച്ചിക്കും ഭർത്താവിനും ഒപ്പം എത്തിയവൾ. താളം പിഴച്ച മനസുമായി അപ്രത്യക്ഷയായ ചേച്ചിയെ കണ്ടെത്താൻ സമാനതകളില്ലാത്ത തെരച്ചിലായിരുന്നു അനിയത്തിയും ചേച്ചിയുടെ ഭർത്താവും നടത്തിയത്. കേരളത്തിലെമ്പാടും അവർ അവളെ തേടിയലഞ്ഞു. ഒരു കുറ്റിക്കാട്ടിൽ പ്രാണൻ വേർപെട്ട് കിടക്കുന്നത് കാണാനായിരുന്നു വിധി.

ഇന്നലെ വൈകിട്ട് നാലിന് ശാന്തികവാടത്തിലെ ചിതയിലേക്ക് ചേച്ചിയുടെ ശരീരം വയ്ക്കുമ്പോൾ എല്ലാവരേയും അവിടെ നിന്ന് മാറ്റണമെന്ന് അവൾ പൊലീസിനോട് ആവശ്യപ്പെട്ടു. അതു ചിലർ വകവയ്‌ക്കാതിരുന്നപ്പോൾ അവൾ പൊട്ടിത്തെറിച്ചു. അതോടെ എല്ലാവരും മാറി. പിന്നെ ചിതയുടെ അടുത്ത് രണ്ടു പേർ മാത്രം. ഒരാൾ ദുഃഖക്കനലായി മാറിയ അനിയത്തി. മറ്റൊരാൾ പ്രാണസഖി കത്തി തീരുന്നത് കാണാൻ വിധിക്കപ്പെട്ടവനും. താടിക്കു കൈയും കൊടുത്ത് ഏറെ നേരം ഇരുന്ന അയാൾ പെട്ടെന്ന് പുറത്തേക്കു നടന്നു പോയി…

അപ്പോഴും അവൾ ചിതയ്‌ക്കരികിൽ തന്നെ നിന്നു. ഇവർക്ക് എല്ലാ പിന്തുണയും നൽകിയ അശ്വതി ജ്വാലയും സുമിത്തും കുറച്ചകലെ നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവൾ മൊബൈൽ ഫോൺ എടുത്തു. സ്കൈപ് ഓൺ ചെയ്തു. കടലിനും ആകാശത്തിനും കരകൾക്കും അപ്പുറത്ത് മാതാപിതാക്കൾ സ്‌കൈപ്പിൽ വന്നു. ഹൃദയം തകർന്ന അവർ ലാറ്റ്‌വിയയിൽ ഇരുന്ന് മകളുടെ ചിതയെരിയുന്നത് അവർ കണ്ടു.

അപ്പോഴേക്കും അവൾ കരഞ്ഞ് തളർന്ന് ഇരുന്നു പോയി. ചിത എരിഞ്ഞു തീരുന്നതുവരെ അവൾ അവിടെ ഇരുന്നു. ഒടുവിൽ രണ്ടു കുടങ്ങളിലായി ചേച്ചിയുടെ ചിതാഭസ്‌മം അവൾ സ്വീകരിച്ചു. ഒന്ന് ചേച്ചിയുടെ പങ്കാളിക്ക്. ഒന്ന് സ്വന്തം വീട്ടിൽ കൊണ്ടു പോകാൻ. അവിടെ പൂന്തോട്ടത്തിൽ ഒരു തണൽ മരത്തിന്റെ ചുവട്ടിൽ ചിതാഭസ്‌മം നിക്ഷേപിക്കും. മരണശേഷം പ്രകൃതിയിലേക്ക് അലിഞ്ഞ് ചേരാനായിരുന്നു ചേച്ചിയുടെ ആഗ്രഹവും…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more