1 GBP = 103.87

പ്ളാസ്‌റ്റിക് സർജറി വരെ നടത്തിയിട്ടും രക്ഷയില്ല മോഷണ വീരൻ പിടിയിൽ

പ്ളാസ്‌റ്റിക് സർജറി വരെ നടത്തിയിട്ടും രക്ഷയില്ല മോഷണ വീരൻ പിടിയിൽ

ന്യൂഡൽഹി: പൊലീസിനെ വെട്ടിക്കാൻ പ്ളാസ്‌റ്റിക് സർജറി വരെ നടത്തി. എന്നിട്ടും രക്ഷയില്ല, പൊലീസിന്റെ പിടിയിലായി. പറഞ്ഞു വരുന്നത് 62ഓളം വാഹന മോഷണ കേസുകളിലെ പ്രതിയും കുപ്രസിദ്ധ തസ്‌‌കര വീരനുമായ കുനാലിനെ കുറിച്ചാണ്. ഡൽഹി കേന്ദ്രീകരിച്ച് മോഷണങ്ങൾ നടത്തിയിരുന്ന ഇയാളെയും സംഘത്തെയും സൗത്ത് ഡൽഹിയിലെ നെഹ്‌റു പ്ളേസിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
ഏറെക്കാലമായി ഡൽഹി പൊലീസിനെ വെള്ളം കുടിപ്പിച്ചുകൊണ്ടിരുന്ന കുനാലിനെ ഒക്ടോബർ 13നാണ് അറസ്റ്റ് ചെയ്‌തത്. കൽക്കജിയിൽ കാർ മോഷ്‌ടിക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാൾ പൊലീസിന്റെ വലയിൽ കുടുങ്ങുന്നത്. 500ൽ അധികം മോഷണങ്ങൾ ഇതുവരെ ഇയാൾ നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഷാലിമാർ ഗാർഡൻസ് സ്വദേശിയാണ് കുനാൽ. എന്നാൽ ഇയാളുടെ യഥാർത്ഥ പേര് തനൂജ് എന്നാണെന്നും പൊലീസിനെ കബളിപ്പിക്കാനാണ് പ്ളാസ്‌റ്റിക് സർജറിക്ക് വിധേയനായി കുനാൽ എന്ന പേര് സ്വീകരിച്ചതെന്ന് പൊലീസ് പറഞ്ഞു. 1997 മുതൽ വീടുകളിൽ കടന്നുള്ള മോഷണം ആരംഭിച്ച കുനാൽ പിന്നീടാണ് വാഹന മോഷണത്തിലേയ്‌ക്ക് തിരിയുന്നത്. വിലകൂടിയ വാഹനങ്ങളാണ് ഇയാൾ കൂടുതലായി മോഷ്‌ടിക്കാറുള്ളത്. ധാരാളം പെൺ സുഹൃത്തുക്കൾ ഉള്ള കുനാൽ, കാമുകിമാരുമായി ആർഭാട ജീവിതം നയിക്കാനാണ് മോഷണം തൊഴിലാക്കിയത്.

കുനാലിന്റെ സഹായികളായ ഇർഷാദ്, മുഹമ്മദ് ഷദാബ് എന്നിവരെയും പൊലീസ് പിടികൂടിയിട്ടുണ്ട്. ഇവർ മോഷ്‌ടിച്ച 12 കാറുകളും പൊലീസ് പിടിച്ചെടുത്തു. മോഷണസംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവരെയും പിടികൂടാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും ഡെപ്യൂട്ടി കമ്മീഷ്‌ണർ റോമിൽ ബാനിയ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more