1 GBP = 103.87

വൈറസ് ബാധ: ആറ് പേരുടെ നില ഗുരുതരം, 26 പേർ

വൈറസ് ബാധ: ആറ് പേരുടെ നില ഗുരുതരം, 26 പേർ

കോഴിക്കോട്: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ പന്തിരിക്കര സൂപ്പിക്കടയിൽ അപൂർവ വൈറസ് ബാധ പടരുന്നത് തടയാൻ ജില്ലാ തലത്തിൽ ടാസ്ക് ഫോഴ്സ് രൂപീകരിക്കാൻ ഇന്നു ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. സർക്കാർ -സ്വകാര്യ ആശുപത്രികളിൽ ഇതിനായി പ്രത്യേക ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്താനും യോഗം തീരുമാനിച്ചു. അടിയന്തര ചികിത്സാ സൗകര്യങ്ങളൊരുക്കുന്നതടക്കമുള്ള മേൽനോട്ടം ഈ ടാസ്‌ക് ഫോഴ്സിനായിരിക്കും.
അതേസമയം,​ പനി ബാധിച്ച ആറ് പേരുടെ നില ഗുരുതരമാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ആറ് പേർ ഐ.സിയുവിൽ കഴിയുന്നുണ്ട്,​ ഇതിൽ അഞ്ച് പേർ ഒരേ പ്രദേശത്തുള്ളവരാണ്. കഴിഞ്ഞ ദിവസം സാബിത്തും സ്വാലിഹും മരിച്ചത് എൻസഫിലിറ്റിസ് വിത്ത് മയോക്കാഡൈറ്റിസ് വൈറസ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ട് പേരിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതുവരെ മൂന്ന് പേരാണ് കോഴിക്കോട് വൈറസ് ബാധിച്ച് മരിച്ചത്. സാംക്രമിക സ്വഭാവമുള്ള ഗുരുതരമായ വൈറസ് ബാധയെന്ന് സംശയിക്കുന്നതിനാൽ അതീവ ജാഗ്രതയോടെയാണ് ആരോഗ്യവകുപ്പ് വിഷയം കൈകാര്യം ചെയ്യുന്നത്. രോഗികളുമായി സമ്പർക്കമുണ്ടായ പേരാമ്പ്ര ആശുപത്രിയിലെ ഒരു സ്റ്റാഫ് നഴ്സും ആദ്യം മരിച്ച സാബിത്തിന്റെ മരണാനന്തര ചടങ്ങിൽ അടുത്തിടപഴകിയ ഒരു ബന്ധുവും ചികിത്സയിലാണ്.

രോഗികളുമായി അടുത്ത് ഇടപഴകിയ ആളുകളുടെ ലിസ്റ്റ് തയ്യാറാക്കി സൂക്ഷ്മ നിരീക്ഷണം നടത്താൻ ചങ്ങരോത്ത് മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും പി.പി.ഇ കിറ്റ് ലഭ്യമാക്കാൻ ജില്ലാതലത്തിൽ നടപടിയും ആരംഭിച്ചു. ജില്ലയിൽ അവധിയിൽ പോയ എല്ലാ ജീവനക്കാരും അടിയന്തര സാഹചര്യം കണക്കിലെടുത്ത് ജോലിയിൽ പ്രവേശിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ നിർദ്ദേശിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more