1 GBP = 104.00
breaking news

എനിക്ക് കോടികൾ ഉണ്ടായിരുന്നെങ്കിൽ മകൻ കടം വാങ്ങുമോ – ബിനോയ് വിഷയത്തിൽ കോടിയേരി

എനിക്ക് കോടികൾ ഉണ്ടായിരുന്നെങ്കിൽ മകൻ കടം വാങ്ങുമോ – ബിനോയ് വിഷയത്തിൽ കോടിയേരി

തിരുവനന്തപുരം: തന്റെ രണ്ടു മക്കളും തന്നെ ആശ്രയിച്ചല്ല ജീവിക്കുന്നതെന്നും ജോലി ചെയ്ത് കുടുംബം പുലർത്തുന്നതിനാണ് അവർ വിദേശത്ത് പോയതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. ബിനോയ് കോടിയേരി ദുബായിൽ സാന്പത്തിക തട്ടിപ്പ് കേസിൽ പെട്ടതിന് ശേഷമുള്ള ആദ്യത്തെ അഭിമുഖത്തിൽ  ഒരു മാധ്യമത്തോട് സംസാരിക്കുകയായിരുന്നു കോടിയേരി.

മക്കൾ എന്നെ ആശ്രയിച്ചു ജീവിക്കുന്നവരല്ല. അവർ പ്രായപൂർത്തിയായവരും കല്യാണം കഴിച്ചവരും പ്രത്യേക കുടുംബവുമായി ജീവിക്കുന്നവരാണ്. അവർ ജോലി ചെയ്ത് ജീവിക്കാനാണ് വിദേശത്തു പോയത്. ഇവിടെ ഞാനൊന്നും ചെയ്തു കൊടുക്കുന്നില്ലെന്ന് വന്നതിനെ തുടർന്നാണ് അവർ അങ്ങോട്ടേക്കു പോകാൻ തയ്യാറായത്. അച്ഛന്റെയടുത്തു നിന്നിട്ട് കാര്യമില്ല. സ്വന്തം വഴി തേടിപ്പോകാമെന്ന് തീരുമാനിക്കുകയായിരുന്നു അവർ.

അവർ ചെയ്യുന്ന ഓരോ കാര്യങ്ങളും പരിശോധിച്ച് ഇടപെടാൻ എനിക്ക് സാധിക്കുന്ന കാര്യമല്ല. അതുകൊണ്ട് എന്നെ ദുബായിലെ കേസ് എന്നെ ബാധിക്കുന്ന ഒരു വിഷയമല്ല അത്. ഞാനിടപെട്ട എന്തെങ്കിലും ഒരു വിവാദം ഉണ്ടായിട്ടില്ല. അവർ വ്യക്തിപരമായി കൈകാര്യം ചെയ്ത വിഷയങ്ങൾ സംബന്ധിച്ച് ചില ആക്ഷേപങ്ങളുണ്ട്. അതവർ തന്നെ പരിഹരിക്കണം. അതിന് പാർട്ടിയുടെ സഹായം കൊടുക്കില്ല. എന്റെ സഹായവും കൊടുക്കില്ല – കോടിയേരി പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളുടെ മക്കൾ ലളിത ജീവിതം നയിക്കേണ്ടതില്ലേയെന്ന ചോദ്യത്തിന് ലളിത ജീവിതമെന്നു പറഞ്ഞാൽ പൈസ കൈയിലില്ലാത്തതു കൊണ്ടല്ലേ ഇതിൽ പെട്ടത്. പൈസ കൈയിലുണ്ടായിരുന്നെങ്കിൽ ആരോടെങ്കിലും വായ്പ വാങ്ങുമോ? ബിസിനസ് ചെയ്യുന്നതിനിടയിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടായി. പ്രതിസന്ധി വന്നപ്പോൾ കടം വാങ്ങി. എന്റെ കൈയിൽ കോടിക്കണക്കിന് ഉറുപ്പിക ഉണ്ടെങ്കിൽ മകൻ കടം വാങ്ങാൻ പോകുമോയെന്ന് കോടിയേരി ചോദിച്ചു. ഇവിടെത്തന്നെ എന്റെ സ്വാധീനം ഉപയോഗിച്ച് എന്തെങ്കിലും ചെയ്യാൻ തയ്യാറായിരുന്നെങ്കിൽ ജോലി അന്വേഷിച്ച് ദുബായിൽ പോകേണ്ട കാര്യമുണ്ടായിരുന്നു. എനിക്ക് കോർപ്പറേറ്റ് ബന്ധം ഉണ്ടായിരുന്നെങ്കിൽ ഈ കടം വാങ്ങേണ്ട കാര്യമുണ്ടോ? ഇവിടെ തന്നെ ഒരു ജോലി കൊടുത്ത് മാന്യമായ സ്ഥിതി ഉണ്ടാക്കിക്കൊടുത്തൂടെ. എന്റെ പദവി വച്ചു നോക്കിയാൽ അത് ചെയ്യാവുന്നതല്ലേയുള്ളൂ. ഞാൻ മന്ത്രിയായ കാലത്ത് പോലും അത് ചെയ്തിട്ടില്ലല്ലോ. അപ്പോൾ അങ്ങനെയുള്ള വിവാദങ്ങൾ ഇപ്പോൾ ഉണ്ടാകുന്നത് രാഷ്ട്രീയ ഉദ്ദേശ്യങ്ങളോടെയാണ്. അത്തരത്തിലുള്ളത് രാഷ്ട്രീയമായിട്ടുള്ളതാണെന്ന് തിരിച്ചറിയാനുള്ള സമചിത്തത ഞാൻ കാണിക്കുന്നതേയൂള്ളൂ – കോടിയേരി പറഞ്ഞു. ഇതിലൊന്നും വ്യക്തിപരമായി വിഷമിച്ചതുകൊണ്ട് കാര്യമില്ല. ശത്രുക്കൾ ഇത്തരം അവസരങ്ങൾ കിട്ടിയാൽ ഉപയോഗിക്കും. അതിനാൽ കരുതിയിരിക്കുക മാത്രമേ ചെയ്യാനുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more