1 GBP = 103.87

ഉത്തരകൊറിയൻ ഏകാധിപതി കിം വിമാന യാത്ര ഒഴിവാക്കി ട്രയിൻ മാർഗ്ഗം ചൈനയിലെത്തിയത് ആക്രമിക്കപ്പെടുമെന്ന ഭയത്താൽ

ഉത്തരകൊറിയൻ ഏകാധിപതി കിം വിമാന യാത്ര ഒഴിവാക്കി ട്രയിൻ മാർഗ്ഗം ചൈനയിലെത്തിയത് ആക്രമിക്കപ്പെടുമെന്ന ഭയത്താൽ

ബെയ്ജിങ്: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ആകാശപാത ഒഴിവാക്കി റെയില്‍ മാര്‍ഗ്ഗം ചൈനയിലെത്തിയത് സുരക്ഷ മുന്‍നിര്‍ത്തിയെന്ന് റിപ്പോര്‍ട്ട്. അമേരിക്കയുമായി ചര്‍ച്ചക്ക് കളമൊരുങ്ങുന്നുണ്ടെങ്കിലും ആകാശ പാത റിസ്‌ക്കാണെന്ന് കണ്ടാണ് അതീവ രഹസ്യമായി റെയില്‍ മാര്‍ഗ്ഗം തിരഞ്ഞെടുത്തതത്രെ.

അമേരിക്കന്‍, ജപ്പാന്‍ ചാരക്കണ്ണുകള്‍ക്ക് പിടികൊടുത്താല്‍ ആക്രമിക്കപ്പെടുമെന്ന ഭീതി കിം ജോങ് ഉന്നിനുണ്ട്. ഇപ്പോള്‍ സമവായ സാധ്യതയുമായി ‘ശത്രുക്കള്‍’ രംഗത്തുണ്ടെങ്കിലും കിമ്മിനെ വകവരുത്താന്‍ കിട്ടുന്ന ഒരവസരവും അവര്‍ പാഴാക്കാന്‍ സാധ്യതയില്ലന്നാണ് ചൈനയുടെയും വിലയിരുത്തല്‍.

ചൈനീസ്-ഉത്തര കൊറിയന്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ പരസ്പരം ധാരണയില്‍ എത്തിയതിന് ശേഷമാണ് കിമ്മിന്റെ യാത്ര മിന്നല്‍ വേഗത്തില്‍ തീരുമാനിച്ചത്. കിം തിരിച്ച് ഉത്തര കൊറിയയില്‍ എത്തിയതിനു ശേഷം മാത്രമാണ് ചൈന ഔദ്യോഗികമായി സന്ദര്‍ശന വിവരം പരസ്യപ്പെടുത്തിയത്.

ഞായറാഴ്ച ചൈനയിലെത്തിയ കിം ബുധനാഴ്ച വരെ ചൈനയിലുണ്ടായിരുന്നു എന്ന് ചൈന വ്യക്തമാക്കിയിട്ടുണ്ട്.

ആണവായുധങ്ങള്‍ ഉപേക്ഷിക്കുമെന്നും പരീക്ഷണം അവസാനിപ്പിക്കുമെന്നും കിം ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്ങിന് ഉറപ്പു നല്‍കിയതായി ചൈനീസ് ഒദ്യോഗിക മാധ്യമമായ സിന്‍ഹുവ യാണ് റിപ്പോര്‍ട്ട് ചെയ്തത്. ചര്‍ച്ച വിജയകരമായിരുന്നുവെന്ന് കിം പറഞ്ഞതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അമേരിക്കയുമായി ചര്‍ച്ച നടത്തുന്നതിന് ആവശ്യമെങ്കില്‍ ഉച്ചകോടി സംഘടിപ്പിക്കാന്‍ തയ്യാറാണെന്ന് ഉത്തര കൊറിയന്‍ ഏകാധിപതി പറഞ്ഞതായാണ് പുറത്ത് വരുന്ന വിവരം. അമേരിക്കന്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഉപരോധം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് കിം നിലപാടില്‍ അയവ് വരുത്തിയത്.

ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ , അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എന്നിവരുമായി അധികം താമസിയാതെ കിം ചര്‍ച്ച നടത്തും.

എന്നാല്‍ അമേരിക്കയും ഉത്തര കൊറിയയും നിലപാടില്‍ അയവ് വരുത്തിയതായി പുറത്ത് പറയുന്നുണ്ടെങ്കിലും അത് താല്‍ക്കാലികം മാത്രമാണെന്നും അവസരം കിട്ടിയാല്‍ കിമ്മിനെ അമേരിക്കയും ജപ്പാനും കൊലപ്പെടുത്തുമെന്നുമാണ് ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.

ആണവായുധം കൈവശമുള്ള ഉത്തര കൊറിയന്‍ തലപ്പത്ത് കിം തുടരുന്നിടത്തോളംകാലം ഈ ഭീഷണി നിലവിലുണ്ടാകുമെന്നും ചൈനീസ് ഏജന്‍സി കരുതുന്നു.

ഉത്തര കൊറിയയില്‍ കടന്നു കയറി ജനങ്ങളിലും സേനയിലും ഭിന്നിപ്പ് ഉണ്ടാക്കുന്നത് അസാധ്യമായ കാര്യമാണെങ്കിലും ഈ വഴികള്‍ സംഘര്‍ഷം മൂര്‍ച്ഛിച്ച ഘട്ടത്തില്‍ അമേരിക്കയും ജപ്പാനും ദക്ഷിണ കൊറിയയും ശ്രമിച്ചിരുന്നതായാണ് ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

അയല്‍ രാജ്യമായ ഉത്തര കൊറിയ അക്രമിക്കപ്പെട്ടാല്‍ അത് ചൈനക്കും വലിയ ഭീഷണിയാകുമെന്നാണ് കമ്യൂണിസ്റ്റ് ഭരണകൂടം കരുതുന്നത്. ഇതെല്ലാം മുന്‍ നിര്‍ത്തിയാണ് ചൈന സമാധാന ശ്രമത്തിന് ഉത്തര കൊറിയയെ പ്രേരിപ്പിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more