1 GBP = 104.05

കെവിന്‍ പി ജോസഫിന്റേത് മുങ്ങിമരണമെന്ന് ഉറപ്പിച്ച് അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് അന്വേഷണ സംഘം മെഡിക്കല്‍ ബോര്‍ഡിനെ സമീപിച്ചേക്കുമെന്ന് സൂചന

കെവിന്‍ പി ജോസഫിന്റേത് മുങ്ങിമരണമെന്ന് ഉറപ്പിച്ച് അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് അന്വേഷണ സംഘം മെഡിക്കല്‍ ബോര്‍ഡിനെ സമീപിച്ചേക്കുമെന്ന് സൂചന

കോട്ടയം: പ്രണയവിവാഹത്തെത്തുടര്‍ന്ന് കോട്ടയത്ത് നിന്ന് വധുവിന്റെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോകുകയും പിന്നീട് പുനലൂരിന് സമീപം പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത  കെവിന്‍ പി ജോസഫിന്റേത് മുങ്ങിമരണമെന്ന് ഉറപ്പിച്ച് അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലം ലഭിക്കാത്തതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന ആവശ്യത്തിലാണ് അന്വേഷണ സംഘം. ഇതിനിടെ കേസില്‍ ഉള്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ സഹപ്രവര്‍ത്തകര്‍ ശ്രമിക്കുകയാണെന്നും ആരോപണം ഉയരുന്നുണ്ട് .

ശനിയാഴ്ച രാത്രി വൈകിയാണ് മെഡിക്കല്‍ കോളജ് ഫോറന്‍സിക് മെഡിസിന്‍ വിഭാഗം അധികൃതര്‍ അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘത്തലവന്‍ ഐജി വിജയ് സാഖറക്ക് കൈമാറിയത്. ആദ്യ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനകളെ ശരിവെക്കുന്നതാണ് അന്തിമ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍. മരണകാരണമായേക്കാവുന്ന പരിക്കുകളൊന്നും കെവിന്റ ശരീരത്തില്‍ കണ്ടെത്താനായിട്ടില്ല. ആകെയുള്ള 15 മുറിവുകളില്‍ കൂടുതലും വീണപ്പോള്‍ ശരീരം ഉരഞ്ഞ് ഉണ്ടായിട്ടുള്ളതാണ്. മുഖത്തേറ്റ ചതവുകള്‍ മര്‍ദനത്തില്‍നിന്നുള്ളതാണ്. എന്നാല്‍, ഇത് മരണകാരണമാണെന്ന് പറയാനാകില്ല.

ആന്തരികാവയവങ്ങളും ശരീരത്തിനുള്ളിലെ വെള്ളവും നല്‍കിയതിന്റ ശാസ്ത്രീയ പരിശോധനഫലം ലഭിച്ചിട്ടില്ല. ഇതുകൂടി ലഭിച്ചെങ്കില്‍ മാത്രമേ മരണം സംബന്ധിച്ച് വ്യക്തത ലഭിക്കൂ. ഇതിനിടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വിശദമായി പരിശോധിക്കുന്നതിനായി അന്വേഷണ സംഘം മെഡിക്കല്‍ ബോര്‍ഡിനെ സമീപിച്ചേക്കുമെന്ന സൂചനയുണ്ട്. ഇതിനിടെ കെവിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വധു കൊല്ലം തെന്മല ഒറ്റക്കല്‍ ഷാനു ഭവനില്‍ നീനുവിന്റ മൊഴിയെടുത്തു. ക്രൈംബ്രാഞ്ച് സിഐയുടെ നേതൃത്വത്തിലാണ് വിശദമായ മൊഴി രേഖപ്പെടുത്തിയത്. പൊലീസിനെതിരെ നീനു മൊഴി നല്‍കിയതായാണ് വിവരം.

എസ്‌ഐ കെവിനെ പിടിച്ചുതള്ളിയെന്നും ഭീഷണിപ്പെടുത്തിയെന്നും നീനു മൊഴിയില്‍ പറയുന്നു. കെവിനെ ആദ്യമായി കാണുന്നതുമുതല്‍ അവസാന ദിവസത്തെ ഫോണ്‍ വിളിയുടെ വിവരങ്ങള്‍ വരെ ഉള്‍പ്പെടുത്തിയ വിശദ മൊഴിയാണ് പൊലീസ് ശേഖരിച്ചിരിക്കുന്നത്. കേസില്‍ നീനുവിെന്റ മാതാവ് രഹ്‌നക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്താന്‍ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. സംഭവത്തലേന്ന് കെവിന്റ വീട്ടില്‍ ഇവര്‍ എത്തിയിരുന്നു. പിറ്റേന്ന് ഷാനുവിന് വീട് കാണിച്ചുെകാടുത്തത് ഇവരാണെന്ന് പൊലീസ് പറഞ്ഞു. അതിനിടെ, കേസില്‍ അറസ്റ്റിലായ എഎസ്‌ഐ ടിഎം ബിജു, പൊലീസ് ഡ്രൈവര്‍ അജയകുമാര്‍ എന്നിവര്‍ക്ക് ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. പ്രതികള്‍ക്കെതിരായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പൊലീസിനുണ്ടായ വീഴ്ചയാണ് ഇവര്‍ക്ക് ജാമ്യം ലഭിക്കാന്‍ കാരണമായെന്നും ആക്ഷേപമുണ്ട്. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപണമുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more