1 GBP = 102.92
breaking news

കേരളാ കോണ്‍ഗ്രസ്സ് വീണ്ടും പിളര്‍പ്പിലേക്കോ? മാണിയുടെ ഫോണ്‍ കോളുകള്‍ക്ക് കാതോര്‍ക്കാതെ പി ജെ ജോസെഫും മോന്‍സും

കേരളാ കോണ്‍ഗ്രസ്സ് വീണ്ടും പിളര്‍പ്പിലേക്കോ? മാണിയുടെ ഫോണ്‍ കോളുകള്‍ക്ക് കാതോര്‍ക്കാതെ പി ജെ ജോസെഫും മോന്‍സും

കേരളകോണ്‍ഗ്രസ് മാണി വിഭാഗം പിളര്‍പ്പിലേക്കെന്ന് സൂചനകള്‍ ശക്തമാകുന്നു. പാര്‍ട്ടി അദ്ധ്യക്ഷനായ കെഎം മാണിയുടെ വസതിയില്‍ വെച്ചു നടന്ന പാര്‍ലമെന്ററി യോഗത്തില്‍ മോന്‍സ് ജോസഫും പിജെ ജോസഫും പങ്കെടുത്തിരുന്നില്ല. യോഗം നടക്കുന്ന സമയമത്രയും പിജെ ജോസഫ് തൊടുപുഴയിലെ തന്റെ വസതിയില്‍ ഉണ്ടായിരുന്നു. ബന്ധപ്പെടാന്‍ പലവട്ടം മാണി ശ്രമിച്ചെങ്കിലും ഫോണെടുക്കാന്‍ മോന്‍സ് ജോസഫ് തയാറായില്ല. ഇതും പാര്‍ട്ടി പിളര്‍പ്പിലേക്കാണെന്നതിന്റെ സൂചനകളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞായിരുന്നു സിഎഫ് തോമസും മോന്‍സ് ജോസഫും പിജെ ജോസഫും യോഗത്തില്‍ പങ്കെടുക്കാതിരുന്നത്. സിപിഎമ്മുമായുള്ള സഖ്യത്തില്‍ പ്രതിഷേധിച്ചാണ് മൂവരും വിട്ടുനിന്നതെന്നാണ് സൂചന. അതേസമയം ഇത് പാര്‍ട്ടിയുടെ അടുത്ത പിളര്‍പ്പിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍.

കോട്ടയം ജില്ലാപഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് സിപിഎം പിന്തുണയോടെയാണ് ജില്ലാ പ്രസിഡന്റ് സ്ഥാനം പിടിച്ചെടുത്തത്. ഇതില്‍ പി ജെ ജോസഫ് തന്റെ പരസ്യപ്രതിഷേധമറിയിക്കുകയും ചെന്നിരുന്നു. കോട്ടയം ജില്ലാ പഞ്ചായത്തിലെ രാഷ്ട്രീയ നീക്കം നിര്‍ഭാഗ്യകരമായെന്നാണ് പി ജെ ജോസഫിന്റെ പ്രതികരണം. പ്രാദേശിക തലത്തില്‍പ്പോലും യുഡിഎഫുമായി യോജിച്ച് പോകാനായിരുന്നു കേരളകോണ്‍ഗ്രസ് തീരുമാനം. ഇതായിരുന്നു ചരല്‍ക്കുന്നിലെ ക്യാംപില്‍ തീരുമാനിച്ചത്. എന്നാല്‍ പുതിയ രാഷ്ട്രീയ കൂട്ടുകെട്ടിനെക്കുറിച്ച് പാര്‍ട്ടിയുടെ ഒരു ഫോറത്തിലും ചര്‍ച്ച ചെയ്തിട്ടില്ല. പ്രാദേശിക തലത്തിലുണ്ടായ തീരുമാനമെന്നാണ് മാണിയുടെ വിശദീകരണമെന്നും ജോസഫ് പറഞ്ഞു.

ജോസഫ് വിഭാഗത്തിലെ എംഎല്‍എയും നേതാവുമായ മോന്‍സ് ജോസഫും ഇക്കാര്യത്തില്‍ എതിര്‍പ്പറിയിച്ചിരുന്നു. കെ എം മാണി രാഷ്ട്രീയമായി വഞ്ചിച്ചെന്നുള്ള കോണ്‍ഗ്രസ് പ്രസ്താവനയില്‍ തെറ്റില്ല. എംഎല്‍എമാര്‍ എന്ന നിലയില്‍ ഇക്കാര്യത്തില്‍ തങ്ങളുടെ തീരുമാനം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്നും പാര്‍ട്ടിക്കുളളില്‍ ചര്‍ച്ച ചെയ്യാതെയാണ് പിന്തുണ സ്വീകരിക്കാന്‍ തീരുമാനം എടുത്തതെന്നും മോന്‍സ് ജോസഫ് പറഞ്ഞു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more