ആവേശം വിതറിയ രണ്ടാം പാദ സെമിയില്‍ ഷൂട്ടൗട്ടിലൂടെ കേരളം ഫൈനലില്‍


ആവേശം വിതറിയ രണ്ടാം പാദ സെമിയില്‍ ഷൂട്ടൗട്ടിലൂടെ കേരളം ഫൈനലില്‍

ഡല്‍ഹിയ്ക്ക് എതിരായ ആവേശപ്പോരാട്ടത്തില്‍ ഷൂട്ടൗട്ടിലൂടെ കേരളം ഫൈനലില്‍. ഡല്‍ഹിയില്‍ നടന്ന രണ്ടാംപാദ സെമി മത്സരത്തില്‍ ഷൂട്ടൗട്ടിലൂടെ 3-0ത്തിന് ജയിച്ചാണ് ബ്ലാസ്റ്റേഴ്‌സ് രണ്ടാം തവണയും ഐ.എസ്.എല്‍ ഫൈനലിലേക്ക് എത്തിയത്.

ആദ്യ മത്സരത്തില്‍ 1-0ത്തിന് കേരളം വിജയിച്ചതോടെ ഡല്‍ഹിയ്ക്ക് രണ്ട് ഗോള്‍ വ്യത്യാസത്തില്‍ വിജയം ആവശ്യമായിരുന്നു. എന്നാല്‍ നിശ്ചിതസമയത്തും അധികസമയത്തും 2-1 എന്ന സ്‌കോറില്‍ തുടര്‍ന്നതിനാലാണ് ഷൂട്ടൗട്ട് അവശ്യമായി വന്നത്. രണ്ട് മത്സരത്തിന് ശേഷം ഗോള്‍ നില 2-2 എന്ന നിലയിലേക്ക് വന്നതോടെ മത്സരം അത്യധികം ആവേശകരമായ ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.

ഷൂട്ടൗട്ടില്‍ ഡല്‍ഹിയുടെ മെലൂദ, പെലിസാരി, മെമോ എന്നിവര്‍ കിക്കുകള്‍ പാഴാക്കിയപ്പോള്‍ കേരളത്തിനായി ഹോസുവും ബെല്‍ഫോര്‍ട്ടും മുഹമ്മദ് റഫീക്കും കിക്കുകള്‍ വലയിലെത്തിച്ചു. ഫൈനലില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കൊത്തയാണ് കേരളത്തിന്റൈ എതിരാളികള്‍. കൊച്ചിയില്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് മത്സരം.

21-ാം മിനിട്ടില്‍ കാഡിയോ നല്‍കിയ ക്ലിയറന്‍സിലെ പിഴവ് മുതലെടുത്ത് ഡല്‍ഹിയുടെ മാര്‍ക്വീതാരം മാര്‍സലീഞ്ഞോയാണ് ഡല്‍ഹിയെ മുന്നിലെത്തിച്ചത്. എന്നാല്‍ മൂന്ന് മിനിട്ടിനുള്ളില്‍ ഡങ്കണ്‍സ് നാസണ്‍ തിരിച്ചടിച്ചു കേരളത്തിന് സമനില സമ്മാനിച്ചു. ആദ്യ പകുതി തീരാന്‍ മിനിട്ടുകള്‍ മാത്രമുള്ളപ്പോള്‍ റൂബന്‍ റോക്കയിലൂടെ ഡല്‍ഹി വീണ്ടും മുന്നിലെത്തുകയായിരുന്നു. ഇതോടെ രണ്ടു പാദങ്ങളിലുമായി കളി സമനിലയിലായി.

ആദ്യപകുതിയില്‍ മിലന്‍സിങ് ചുവപ്പ്കാര്‍ഡ് കണ്ട് പുറത്തുപോയതോടെ മത്സരത്തിന്റെ ഭൂരിഭാഗവും പത്തുപേരുമായിട്ടാണ് ഡല്‍ഹിയ്ക്ക് കളിയ്‌ക്കേണ്ടി വന്നത്. എങ്കിലും അസാമാന്യ പോരാട്ടവീര്യത്തോടെ അക്രമിച്ച് കളിച്ച അവര്‍ക്ക് ആദ്യപാദ സെമിയിലെ തോല്‍വിയാണ് തിരിച്ചടി സമ്മാനിച്ചത്. ഒരാളുടെ അഭാവത്തിലും അക്രമണത്തിലും പ്രതിരോധത്തിലും ഡല്‍ഹി ഒരുപോലെ പിടിച്ചുനിന്നു. എന്നാല്‍ ഷൂട്ടൗട്ടില്‍ വരുത്തിയ പിഴവ് മൂലം പുറത്തേക്ക് പോകാനായിരുന്നു ഡല്‍ഹിയുടെ വിധി.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 376