1 GBP = 103.68
breaking news

നിയമസഭയിലെ കയ്യാങ്കളിക്കേസ് പിൻവലിക്കാൻ സർക്കാർ നീക്കം അനുവദിക്കില്ലെന്ന് രമേശ് ചെന്നിത്തല.

നിയമസഭയിലെ കയ്യാങ്കളിക്കേസ് പിൻവലിക്കാൻ സർക്കാർ നീക്കം അനുവദിക്കില്ലെന്ന് രമേശ് ചെന്നിത്തല.

ബാർകോഴ വിവാദസമയത്തു കെ.എം. മാണിയുടെ ബജറ്റ് അവതരണം തടയാൻ നിയമസഭയില്‍ അന്നത്തെ പ്രതിപക്ഷമായ ഇടതുപക്ഷം നടത്തിയ കയ്യാങ്കളിയുടെ കേസ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ടു മുൻ എംഎൽഎയും സിപിഎം നേതാവുമായ വി.ശിവന്‍കുട്ടി മുഖ്യമന്ത്രി പിണറായി വിജയന് അപേക്ഷ നൽകി. അപേക്ഷ മുഖ്യമന്ത്രിയുടെ ഓഫിസ് നിയമവകുപ്പിനു കൈമാറി. എന്നാൽ കേസ് അവസാനിപ്പിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എൽഡിഎഫ് സർക്കാരിന്റെ നീക്കം നിയമസഭയോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണ്. ഇതിനെ നിയമപരമായി നേരിടും. സംസ്ഥാനത്ത് ആക്രമണങ്ങളും കൊലപാതകങ്ങളും വർധിച്ചു. ക്രമസമാധാനം തകർന്നിട്ടും സർക്കാർ ഇടപെടുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു.


2015 മാർച്ച് 13നായിരുന്നു കേരളത്തെ നാണംകെടുത്തിയ സംഭവങ്ങളുണ്ടായത്. രണ്ടുലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്ന് ആരോപിച്ചാണ് ആറ് ഇടത് എംഎൽഎമാരെ പ്രതിയാക്കി തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയത്. ഇപ്പോൾ മന്ത്രിയായ കെ.ടി. ജലീൽ, കുഞ്ഞഹമ്മദ് മാസ്റ്റര്‍, കെ.അജിത്, സി.കെ.സദാശിവന്‍, ഇ.പി.ജയരാജന്‍, വി.ശിവൻകുട്ടി തുടങ്ങിയവരാണു കേസിലെ പ്രതികൾ. സ്പീക്കറുടെ വേദി തകർത്ത 15 എംഎൽഎമാരെ പൊലീസ് തിരിച്ചറിഞ്ഞെങ്കിലും തുടർനടപടി ഉണ്ടായില്ല.

ധനമന്ത്രി ആയിരിക്കെ ബാർ കോഴക്കേസിൽ ആരോപണ വിധേയനായ കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതു പ്രതിപക്ഷം തടയാൻ ശ്രമിച്ചതാണു ഭരണ-പ്രതിപക്ഷ കയ്യാങ്കളിയിലേക്കും അക്രമത്തിലേക്കും നയിച്ചത്. കേരള രാഷ്ട്രീയത്തെയും നിയമസഭയെയും പിടിച്ചുകുലുക്കിയ സംഭവമായിരുന്നു അത്. നിയമസഭയുടെ നടുത്തളത്തിൽ ഇറങ്ങി അധ്യക്ഷവേദിക്കു മുന്നിൽ ആക്രോശിക്കുകയും ആംഗ്യം കാണിക്കുകയും ചെയ്‌ത ശിവൻകുട്ടിയാണു കയ്യാങ്കളിക്കു നേതൃത്വം നൽകിയത്. സീറ്റു വിട്ടിറങ്ങിയ ശിവൻകുട്ടി നടുത്തളത്തിൽ ഇറങ്ങി അധ്യക്ഷവേദിക്കു മുന്നിലെത്തി. അവിടെനിന്നു സ്‌പീക്കറെ നോക്കി ആക്രോശിച്ചു. സീറ്റിലേക്കു മടങ്ങാൻ സ്‌പീക്കർ ആവശ്യപ്പെട്ടെങ്കിലും ശിവൻകുട്ടി അനുസരിച്ചില്ല. സംഭവത്തിൽ ശിവൻകുട്ടി പെരുമാറ്റച്ചട്ടങ്ങൾ പൂർണമായി ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി സ്പീക്കർ ശാസിച്ചിരുന്നു. സ്പീക്കറുടെ വേദി തല്ലിത്തകർക്കലടക്കം സഭയിൽ കാണാൻ പാടില്ലാത്തതു പലതും കേരളം കണ്ടു.

ബഹളത്തിനിടെ ജമീലാപ്രകാശം ശിവദാസൻ നായരെ കടിച്ചതും വിവാദമായി. മുണ്ട് മാടിക്കുത്തി വാച്ച് ആൻഡ് വാർഡിന്റെ തോളിനു മുകളിലൂടെ മേശപ്പുറത്തു ചവിട്ടി മാണിക്കരികിലേക്കു കുതിച്ച ശിവൻകുട്ടിയും ബഹളത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്ന കെ.കെ.ലതികയും മാണിക്കുനേരെ പാഞ്ഞടുത്ത ബിജിമോളും സഭയുടെ അന്തസ്സിനു കളങ്കമുണ്ടാക്കിയതായി വിമർശനമുയർന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more