1 GBP = 103.33

കട്ടിപ്പാറയില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു; ഇനി കണ്ടെത്താനുള്ളത് രണ്ടുപേരെ; മരണം പന്ത്രണ്ടായി

കട്ടിപ്പാറയില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു; ഇനി കണ്ടെത്താനുള്ളത് രണ്ടുപേരെ; മരണം പന്ത്രണ്ടായി

കോഴിക്കോട്: കോഴിക്കോട് കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവര്‍ക്കായി ഇന്നും തിരച്ചില്‍ തുടരും. പന്ത്രണ്ട് പേര്‍ മരണമടഞ്ഞ ദുരന്തത്തില്‍ ഇനി രണ്ട് പേരെയാണ് കണ്ടുകിട്ടാനുള്ളത്. ദുരന്തത്തില്‍ അകപ്പെട്ട കരിഞ്ചോല അബ്ദുറഹിമാന്റെ ഭാര്യ നഫീസ, ഹസന്റെ ഭാര്യ ആസ്യ എന്നിവര്‍ക്കായാണ് തിരച്ചില്‍ തുടരുന്നത്. ഇന്നലെ നാല് മൃതദേഹം കണ്ടെടുത്ത താഴ്ന്ന പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും ഇന്നും തിരച്ചില്‍ തുടരുക.

യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തുന്ന തെരച്ചിലിനിടെയാണ് ഇന്നലെ നാല് മൃതദേഹം കൂടി കണ്ടെടുത്തത്. മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട് മരണമടഞ്ഞ കരിഞ്ചോല ഹസ്സന്റെ മകള്‍ നുസ്രത്ത് അവരുടെ മകള്‍ പത്ത് വയസുകാരി റിംഷ, ഹസ്സന്റ മരുമകള്‍ ഷംന അവരുടെ ഒന്നര വയസ്സുള്ള മകള്‍ നിയ ഫാത്തിമ എന്നിവരുടെ മൃതദേഹമാണ് കണ്ടെടുത്തത്. മലഞ്ചെരുവില്‍ നിന്ന് മാറി താഴ്ന്ന പ്രദേശങ്ങളിലേക്കും തെരച്ചില്‍ വ്യാപിപ്പിച്ചതോടെയാണ് മൃതദേഹം കണ്ടത്. രാപ്പകലില്ലാതെ നാട്ടുകാരും ഒപ്പം സന്നദ്ധ പ്രവര്‍ത്തകരും അഗ്‌നിശമന വിഭാഗവും തെരച്ചില്‍ തുടരുന്നുണ്ട്.

ചെന്നൈയില്‍ നിന്ന് എത്തിയ 39 അംഗങ്ങള്‍ കൂടി ചേര്‍ന്നതോടെ ദേശീയ ദുരന്തനിവാരണ സേനയുടെ അംഗബലവും 78 ആയി. ഇവരെല്ലാം ചേര്‍ന്ന് പത്ത് വിഭാഗങ്ങളായി തിരിഞ്ഞാണ് തെരച്ചില്‍ നടത്തുന്നത്. കൂറ്റന്‍ പാറകള്‍ പൊട്ടിച്ചും മരങ്ങള്‍ മുറിച്ച് മാറ്റിയും ഏറെ ദുസ്സഹമാണ് പ്രവൃത്തികള്‍.

ദുരന്ത നിവാരണ സേനയും ഫയര്‍ഫോഴ്‌സും സന്നദ്ധ സംഘടന പ്രവര്‍ത്തകരും ഡോഗ്‌സ്‌ക്വാഡുമെല്ലാം ഇന്നും തിരച്ചിലിനായി രംഗത്തിറങ്ങും. അതിനിടെ മണ്ണിടിച്ചില്‍ ഉണ്ടായ സാഹചര്യത്തില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ കക്കാഡംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്കിന് സ്റ്റോപ്പ് മെമ്മോ നല്‍കി. ദുരന്ത നിവാരണ അതോറ്റിയാണ് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് പാര്‍ക്കിന്റെ പ്രവര്‍ത്തനം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിട്ടത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more