1 GBP = 103.12

എന്റെ തെരുവ്, എന്റെ പ്രതിഷേധം: ഇന്ത്യയുടെ തെരുവുകളിൽ പ്രതിഷേധമിരമ്പി

എന്റെ തെരുവ്, എന്റെ പ്രതിഷേധം: ഇന്ത്യയുടെ തെരുവുകളിൽ പ്രതിഷേധമിരമ്പി

തിരുവനന്തപുരം: കാശ്‌മീരിലെ കത്വയിലും ഉത്തർപ്രദേശിലെ ഉന്നാവോയിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെയുണ്ടായ ക്രൂരപീഡനങ്ങളിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയുടെ തെരുവുകളിൽ പ്രതിഷേധമിരമ്പി. എന്റെ തെരുവ്, എന്റെ പ്രതിഷേധം എന്ന പേരിൽ ഒരു സംഘടനയുടെയും ആഹ്വാനമില്ലാതെ സോഷ്യൽ മീഡിയയിലൂടെയായിരുന്നു പ്രതിഷേധത്തിന്റെ ആളൊരുക്കം നടന്നത്. ഇന്ത്യയിലൊട്ടാകെ പതിനായിരത്തോളം പേരാണ് കറുത്ത ബാഡ്‌ജുകളും പ്ലക്കാർഡുകളുമായി പ്രതിഷേധിക്കാൻ എത്തിയത്.
സ്ത്രീകൾക്കും കുട്ടികൾക്കും സ്വതന്ത്ര്യമായി ജീവിക്കാൻ പറ്റിയ സുരക്ഷിത ഇന്ത്യയാണ് തങ്ങൾക്ക് വേണ്ടതെന്നും സ്ത്രീപീഡനക്കേസിലെ പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഇന്ത്യയിലെ പ്രമുഖ നഗരങ്ങൾക്കൊപ്പം കേരളത്തിലെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലും പ്രതിഷേധം നടന്നു. തിരുവനന്തപുരം മാനവീയം വീഥിയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ ഭരണപരിഷ്‌ക്കാര കമ്മിഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദൻ പങ്കെടുത്തു.

മുംബയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ ബോളിവുഡ് നടി പ്രിയങ്കാ ചോപ്ര, സംവിധായകൻ ഏക്‌താ കപൂർ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. നടൻ അമിർ ഖാന്റെ ഭാര്യ കിരൺ റാവു തുടങ്ങിയ പ്രമുഖരും പ്രതിഷേധത്തിനെത്തിയിരുന്നു. ജാതി മത ഭേദമന്യേ എല്ലാവരും തെരുവിലിറങ്ങി പ്രതിഷേധിക്കണമെന്ന് ഏക്‌താ കപൂർ ട്വിറ്ററിലൂടെ ആഹ്വാനം ചെയ്‌തിരുന്നു. അതിനിടെ, കത്വയിലും ഉന്നാവോയിലുമെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്ന് 49 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ സംയുക്തമായി എഴുതിയ കത്തിൽ ആവശ്യപ്പെട്ടു. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇരുണ്ട കാലഘട്ടമാണിതെന്നും ഇതിന് ഉത്തരവാദി സർക്കാരാണെന്നും കത്തിൽ ആരോപിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more