1 GBP = 103.92

വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാന്‍ ചെയ്യാവുന്നതെല്ലാം ചെയ്തു; മെഡിക്കല്‍ കോളെജ് വിഷയത്തില്‍ വിവാദങ്ങളെ പ്രതിരോധിച്ച് സര്‍ക്കാര്‍

വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാന്‍ ചെയ്യാവുന്നതെല്ലാം ചെയ്തു; മെഡിക്കല്‍ കോളെജ് വിഷയത്തില്‍ വിവാദങ്ങളെ പ്രതിരോധിച്ച് സര്‍ക്കാര്‍

 

തിരുവനന്തപുരം: നിയസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ തിരികെ അയച്ചത് കനത്ത പ്രതിസന്ധിയാണ് സര്‍ക്കാരിന് സൃഷ്ടിച്ചത്. സ്വാശ്രയമാനേജ്‌മെന്റുകളെ സഹായിക്കാന്‍ നിയമം കൊണ്ടുവരാന്‍ ശ്രമിച്ചുവെന്ന് പേരുദോഷം വരുത്തുകയും ഫലത്തില്‍ പ്രയോജനം ഉണ്ടായതുമില്ല എന്നതാണ് സര്‍ക്കാരിനുണ്ടായ തിരിച്ചടി. എന്നാല്‍ വിദ്യാര്‍ഥികളെ സംരക്ഷിക്കാന്‍ ചെയ്യാവുന്നതെല്ലാം ചെയ്തുവെന്ന വിശദീകരണം നല്‍കി വിവാദങ്ങളെ പ്രതിരോധിക്കാനാണ് സര്‍ക്കാര്‍ ശ്രമം.

സുപ്രിംകോടതി വിധിക്ക് പിന്നാലെ ഗവര്‍ണറുടെ നടപടിയും പ്രതികൂലമായതോടെ കനത്ത തിരിച്ചടിയാണ് കണ്ണൂര്‍ കരുണാ മെഡിക്കല്‍ ബില്‍ വിഷയത്തില്‍ സര്‍ക്കാരിനുണ്ടായത്. ഒന്നരമാസം നീണ്ട നിയമസഭാ സമ്മേളനം അവസാനിക്കാനിക്കുന്ന ദിവസമാണ് പ്രതിപക്ഷ പിന്തുണയോടെ ശബ്ദവോട്ടില്‍ വിവാദ ബില്‍ സഭയില്‍ അവതരിപ്പിച്ച് പാസാക്കിയത്. മുന്‍പ് പല തവണ കോടതികളില്‍ നിന്നും പ്രതികൂല ഇടപെടലുണ്ടായ സ്വാശ്രയ കോളെജുകളിലെ വിദ്യാര്‍ഥികള്‍ക്കു വേണ്ടി സര്‍ക്കാര്‍ നടത്തിയ നീക്കത്തിനെതിരെ അന്നു തന്നെ വലിയ വിമര്‍ശനങ്ങളുയര്‍ന്നു. തൊട്ടടുത്ത ദിവസം തന്നെ സര്‍ക്കാര്‍ നടപടിക്കെതിരെ കടുത്ത പരാമര്‍ശങ്ങളോടെ സുപ്രിംകോടതി പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ പുറത്തു പോകണമെന്ന വിധിയും പുറപ്പെടുവിച്ചു.

ബില്ല് ഗവര്‍ണര്‍ക്ക് അയച്ചു നല്‍കുക എന്ന ഭരണഘടനാബാധ്യത നിറവേറ്റുക, അനന്തിര നടപടി എന്തായാലും അംഗീകരിക്കുക എന്ന രണ്ടു മാര്‍ഗം മാത്രമാണ് പിന്നീട് സര്‍ക്കാരിനു മുമ്പില്‍ അവശേഷിച്ചത്. മുന്‍പിറക്കിയ ഓര്‍ഡിനന്‍സ് സുപ്രിംകോടതി റദ്ദ് ചെയ്തതും ബില്ലിന് നിമസാധുത നേടിയെടുക്കാന്‍ വേണ്ടത്ര സമയം ലഭിക്കാതിരുന്നതും സര്‍ക്കാരിന് മുന്നില്‍ പോംവഴികള്‍ ഇല്ലാതെയാക്കി. ഒടുവില്‍ നീണ്ട ചര്‍ച്ചകള്‍ക്കും വിദഗ്ദ പരിശോധനകള്‍ക്കും ശേഷം ഫയല്‍ ഗവര്‍ണര്‍ക്ക് അയക്കുന്നു. നിയമസെക്രട്ടറിയെ അതിനായി ചുമതലപ്പെടുത്തും മുന്‍പ് തന്നെ തുടര്‍സാധ്യതകളെക്കുറിച്ച് സര്‍ക്കാരിന് നിശ്ചയമുണ്ടായിരുന്നു. ഗവര്‍ണര്‍ ബില്ല് മടക്കി അയച്ചാല്‍ വിശദീകരണം നല്‍കി രണ്ടാം വട്ടം ഫയല്‍ അയക്കാന്‍ നില്‍ക്കാതെ നടപടി അവസാനിപ്പിക്കാമെന്നു സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തു. അഥവാ ഗവര്‍ണര്‍ ബില്ലില്‍ ഒപ്പു വെച്ചിരുന്നുവെങ്കില്‍ ഒരുപക്ഷേ ഇതിലും വലിയ തിരിച്ചടികളെ സുപ്രിംകോടതിയില്‍ നിന്നു നേരിടേണ്ടി വരുമായിരുന്നവെന്നതും അത്തരമൊരു തീരുമാനത്തിലേക്കെത്താന്‍ കാരണമായി.

വിദ്യാര്‍ഥികളുടെ ഭാവിയെ കരുതിയായിരുന്നു തീരുമാനമെടുത്തത് എന്നു തന്നെയാണ് സര്‍ക്കാര്‍ വിശദീകരണം. പ്രതിപക്ഷ പാര്‍ട്ടികളെല്ലാം പിന്തുണ നല്‍കിയ തീരുമാനമെന്ന നിലയില്‍ അവരുടെ പ്രതിഷേധങ്ങളെയും ഭയക്കേണ്ടതില്ല. എന്നാല്‍ നിയമസഭ പാസാക്കിയ ബില്ല് പാതിയില്‍ ഉപേക്ഷിച്ച് പിന്‍വലിയേണ്ടി വന്നത് പിണറായി സര്‍ക്കാരിന് കനത്ത പ്രഹരമേല്‍പ്പിച്ചു. സ്വാശ്രയമാനേജ്‌മെന്റ് വിഷയത്തിലാണ് കോടതിയ്ക്ക് മുന്നില്‍ സര്‍ക്കാരിന് അടിയറവ് പറയേണ്ടി വന്നതെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more