1 GBP = 104.21

പണം തട്ടിപ്പ് കേസ്; കാര്‍ത്തി ചിദംബരത്തെ ഇന്ന് സിബിഐ കോടതിയില്‍ ഹാജരാക്കും

പണം തട്ടിപ്പ് കേസ്; കാര്‍ത്തി ചിദംബരത്തെ ഇന്ന് സിബിഐ കോടതിയില്‍ ഹാജരാക്കും

ദില്ലി: ഐഎൻഎക്സ് മീഡിയ പണം ഇടപാട് കേസിൽ മുൻ ധനകാര്യമന്ത്രി പി ചിദബരത്തിന്റെ മകൻ കാര്‍ത്തി ചിദംബരത്തെ ഇന്ന് വീണ്ടും സിബിഐ കോടതിയില്‍ ഹാജരാക്കും. വിശദമായ ചോദ്യം ചെയ്യലിന് കാര്‍ത്തിയെ 15 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് സിബിഐ ആവശ്യപ്പെടും.

ബ്രിട്ടണിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ കാർത്തിയെ കഴിഞ്ഞ ദിവസം ചെന്നൈയിലെ വിമാനത്താവളത്തില്‍ വെച്ചാണ് അറസ്റ് ചെയ്യുന്നത്. കാർത്തി ചിദംബരത്തിനെ അജ്ഞാത കേന്ദ്രത്തിൽ വച്ച് സിബിഐ ചോദ്യം ചെയ്തിരുന്നു.

പി ചിദംബരം ധനകാര്യ മന്ത്രിയായിരുന്നപ്പോള്‍ ഐഎൻഎക്സ് മീഡിയയിലേക്ക് 305 കോടിയുടെ വിദേശ നിക്ഷേപത്തിന് ചട്ടങ്ങൾ മറികടന്ന് അനുമതി ലഭിക്കാൻ കാർത്തി ഇടപെട്ടുവെന്നാണ് കേസ്. കാര്‍ത്തി ചിദംബരം ഐഎന്‍എക്സില്‍നിന്നു കണ്‍സള്‍ട്ടേഷന്‍ ഫീസ് വാങ്ങിയതായും സിബിഐ കണ്ടെത്തിയിരുന്നു. പി ചിദംബരത്തിന്റെയും കാർത്തി ചിദംബരത്തിന്റെയും ദില്ലിയിലെയും ചെന്നൈയിലെയും വീടുകൾ നേരത്തെ സിബിഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റും റെയിഡ് ചെയ്തിരുന്നു.

കാർത്തി ചിദബരത്തിന്റെ ഓഡിറ്റർ ഭാസ്കര രാമനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. ഐഎൻഎക്സ് മീഡിയ പണം ഇടപാട് കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് പി ചിദംബരം കഴിഞ്ഞ ദിവസം സുപ്രിം കോടതിയിൽ ഹർജി നൽകിയിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതം ആണെന്നും, തന്റെയും കാർത്തിയുടെയും പേര് സിബിഐ എഫ്ഐആറിൽ ഇല്ലെന്നും ചിദംബരം ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

തങ്ങളെ രാഷ്ട്രീയമായി ലക്ഷ്യം വെച്ചാണ് കേസെന്നും ചിദംബരം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാർത്തിയെ സിബിഐ അറസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം കേന്ദ്ര സർക്കാരിന് എതിരായ അഴിമതി വാർത്തകളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് കാർത്തിയുടെ അറസ്റ്റെന്ന് കോൺഗ്രസ് ആരോപിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more