1 GBP = 103.12

കർണാടകയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു; കരുനീക്കങ്ങളുമായി നേതൃത്വങ്ങള്‍

കർണാടകയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു; കരുനീക്കങ്ങളുമായി നേതൃത്വങ്ങള്‍

ബംഗളൂരു: കർണാടകയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു. രാത്രി വൈകിയും തിരക്കിട്ട രാഷ്ട്രീയ ചർച്ചകളാണ് സംസ്ഥാനത്ത് നടന്നത്. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയും കോൺഗ്രസ്-ജെഡിഎസ് നേതാക്കളും ഗവർണറെ കണ്ട് മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. രണ്ട് ദിവസത്തെ സാവകാശമാണ് ബിജെപി തേടിയത്. ആടി നിൽക്കുന്ന എംഎൽഎമാരെ ചാക്കിട്ട് പിടിക്കാനുള്ള ശ്രമം ഇരുപക്ഷത്തും ഊർജ്ജിതമാണ്. പത്ത് കോൺഗ്രസ് എംഎൽഎമാരെ ബിജെപി സമീപിച്ചതായി അനൗദ്യോഗിക റിപ്പോർട്ടുകളുണ്ട്. ഇന്ന് ബിജെപി നേതാക്കൾ ബംഗളൂരുവിൽ നിര്‍ണായക യോഗം ചേരും.

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് ഗവർണർ വജുഭായ് വാലയുടെ തീരുമാനം നിർണായകമാണ്. എച്ച് ഡി കുമാരസ്വാമിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കാം എന്ന് ദേവഗൗഡയെ കോൺഗ്രസ് നേതൃത്വം അറിയിച്ചിട്ടുണ്ട്. കോൺഗ്രസ്- ജെഡിഎസ് സഖ്യം ഒരുമിച്ച് ഗവർണറെ കണ്ടു. ബിഎസ് യെദിയൂരപ്പയും ഗവർണറെ കണ്ടു.

സംസ്ഥാനത്ത് കേവലഭൂരിപക്ഷത്തിന് വേണ്ടത് 113 സീറ്റുകളാണ്. ഇത്രയും സീറ്റുകള്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് കിട്ടില്ലെന്ന് വ്യക്തമായതോടെയാണ് പുതിയ സഖ്യനീക്കം തിരക്കിട്ടുണ്ടായത്. കോണ്‍ഗ്രസ് ദേശീയ നേതൃത്വമാണ് പുതിയ നീക്കത്തിന് തുടക്കമിട്ടത്. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി ദേവഗൗഡയയുമായി സഖ്യസര്‍ക്കാരിനെ സംബന്ധിച്ച് ചര്‍ച്ച ആരംഭിക്കുകയായിരുന്നു. സോണിയയുടെ പ്രതിനിധിയായി പ്രവര്‍ത്തകസമിതി അംഗം ഗുലാംനബി ആസാദ്, ദേവഗൗഡയുമായി നടത്തിയ ചര്‍ച്ചയിലാണ് സഖ്യം സംബന്ധിച്ച സമ്മതം ജെഡിഎസ് അറിയിച്ചത്.

ഇതിന് പിന്നാലെ ജെഡിഎസിന് മുഖ്യമന്ത്രിസ്ഥാനം നല്‍കിക്കൊണ്ടുള്ള സഖ്യത്തിന് തയാറാണെന്ന് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ വ്യക്തമാക്കി. കര്‍ണാടകയില്‍ ജെഡിഎസിന് പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തീരുമാനിച്ചതായും തീരുമാനം അനുസരിച്ച് തങ്ങള്‍ ജെഡിഎസിന് പിന്തുണ നല്‍കുകയാണെന്നും കര്‍ണാടക പിസിസി അധ്യക്ഷന്‍ ജി പരമേശ്വര വ്യക്തമാക്കി.

കര്‍ണാടകയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ ഗവര്‍ണര്‍ വാജുഭായി വാലയുടെ തീരുമാനം നിര്‍ണായകമാണ്. മോദിക്ക് സംസ്ഥാന നിയമസഭയിലെത്താന്‍ തന്റെ മണ്ഡലം ഒഴിഞ്ഞുകൊടുത്തയാളാണ് വാജുഭായി വാല. പിന്നീട് മോദിയുടെ മന്ത്രിസഭയില്‍ ധനമന്ത്രിയുമായിരുന്നു അദ്ദേഹം. മോദിയുടെ ഏറ്റവും വിശ്വസ്തനായ ഗവര്‍ണര്‍ വാജുഭായി വാല സ്വീകരിക്കുന്ന നിലപാടിലേക്കാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

കീഴ്‌വഴക്കങ്ങള്‍ അനുസരിച്ചാണെങ്കില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയെയാണ് ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുക. എന്നാല്‍ ഗോവ, മണിപ്പൂര്‍, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും എംഎല്‍എമാരുടെ എണ്ണം നോക്കി പാര്‍ട്ടികളുടെ സഖ്യത്തെയാണ് ഗവര്‍ണര്‍മാര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. ഇങ്ങനെയാണ് ബിജെപി സഖ്യത്തിന് സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞത്. എന്നാല്‍ ഈ രീതി കടുത്ത ബിജെപി നേതാവായ കര്‍ണാടക ഗവര്‍ണര്‍ മാനദണ്ഡമാക്കുമോ എന്ന് കണ്ടറിയണം.

അതേസമയം ലോക്സഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബിജെപിക്കും നരേന്ദ്ര മോദിക്കും കനത്ത ആത്മവിശ്വാസമാണ് കർണാടക തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്. കർണാടകയിൽ മുന്നിലെത്തിയ സാഹചര്യത്തിൽ ലോക്സഭ തെരഞ്ഞെടുപ്പ് നേരത്തെ ആക്കാൻ മോദി തീരുമാനിച്ചേക്കാം . എന്നാല്‍ തെരഞ്ഞെടുപ്പ് പരാജയം ദേശീയ രാഷ്ട്രീയത്തിൽ രാഹുൽ ഗാന്ധിയുടെ നില കൂടുതൽ പരുങ്ങലിൽ ആക്കിയേക്കാം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more