1 GBP = 103.87

കണ്ണൂർ സമാധാന യോഗത്തിൽ ബഹളം; യു.ഡി.എഫ് ബഹിഷ്കരിച്ചു

കണ്ണൂർ സമാധാന യോഗത്തിൽ ബഹളം; യു.ഡി.എഫ് ബഹിഷ്കരിച്ചു

കണ്ണൂർ: ഷുഹൈബ് വധത്തിന്‍റെ പശ്ചാത്തലത്തിൽ കണ്ണൂരിൽ വിളിച്ചു ചേർത്ത സമാധാന യോഗത്തിൽ ജില്ലയിലെ എം.എൽ.എമാരായ ജനപ്രതിനിധികളെ ക്ഷണിക്കാത്തതിനെ തുടർന്ന് യു.ഡി.എഫ് നേതാക്കൾ യോഗം ബഹിഷ്കരിച്ചു. മന്ത്രി എ.കെ ബാലന്‍റെ അധ്യക്ഷതയിൽ വിളിച്ചു ചേർത്ത യോഗ നടപടികൾ തുടങ്ങുന്നതിന് മുമ്പ് തന്നെ പ്രതിഷേധവുമായി യു.ഡി.എഫ് നേതാക്കൾ രംഗത്തു വന്നു. സി.പി.എം പ്രതിനിധിയായി സമാധാന യോഗത്തിൽ പങ്കെടുക്കാൻ വന്ന രാജ്യസഭാ എം.പി കെ.കെ രാഗേഷിനെ പ്രോട്ടോകോൾ പ്രകാരം വേദിയിലിരുത്തിയതും യു.ഡി.എഫ് നേതാക്കളെ ചൊടിപ്പിച്ചു.

ക്ഷണം പ്രതീക്ഷിച്ച് യോഗവേദിക്ക് പുറത്ത് നിന്ന യു.ഡി.എഫ് എം.എൽ.എമാരായ കെ.സി ജോസഫ്, കെ.എം ഷാജി, സണ്ണി ജോസഫ് എന്നിവർ ഹാളിലേക്ക് കയറി നടപടിയെ ചോദ്യം ചെയ്തു. ഇത് സർവകക്ഷി യോഗമാണെന്നും ജനപ്രതിനിധികളുടെ യോഗം പിന്നീട് ചേരുമെന്നും അധ്യക്ഷനായ മന്ത്രി ബാലൻ വിശദീകരിച്ചു. എം.പിയായതിനാലാണ് രാഗേഷിനെ വേദിയിലിരുത്തിയതെന്നും പ്രശ്നമുണ്ടാക്കരുതെന്നും മന്ത്രി അഭ്യർഥിച്ചു. എന്നാൽ, രാഗേഷിനെ വേദിയിലിരുത്താൻ അനുവദിക്കില്ലെന്ന വാദത്തിൽ യു.ഡി.എഫ് ഉറച്ച് നിന്നു. തുടർന്ന് രാഗേഷ് വേദിയിൽ നിന്ന് പാർട്ടി പ്രതിനിധികൾക്കൊപ്പം മാറിയിരുന്നെങ്കിലും യു.ഡി.എഫ് പ്രതിഷേധവുമായി മുന്നോട്ട് പോയി.

ജനപ്രതിനിധികളെ ക്ഷണിക്കാതിരുന്നത് യോഗത്തിന്‍റെ ഉദ്ദേശശുദ്ധിയിൽ സംശയം ജനിപ്പിക്കുന്നതാണെന്നും യു.ഡി.എഫ് നേതാക്കളായ കെ.സി ജോസഫ്, കെ.എം ഷാജി, സണ്ണി ജോസഫ് എന്നിവർ ആരോപിക്കുകയും യു.ഡി.എഫ് യോഗം ബഹിഷ്കരിക്കുകയും ചെയ്തു. എന്നാൽ, യു.ഡി.എഫിന്‍റേത് മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ നാടകമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജൻ ആരോപിച്ചു. അവർക്ക് ആത്മാർഥതയുണ്ടെങ്കിൽ യോഗത്തിന് ശേഷമാണ് പ്രതിഷേധിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യു.ഡി.എഫിന്‍റെ അഭാവത്തിൽ ബി.ജെ.പി അടക്കമുള്ള പാർട്ടികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി സർവകക്ഷിയോഗം ആരംഭിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more