1 GBP = 104.01

യുക്മ ദേശീയ കലാമേള 2017 : നഗര്‍ നാമകരണത്തിനും ലോഗോ രൂപകല്പനക്കും അപേക്ഷ സമര്‍പ്പിക്കാന്‍ ഇനി മൂന്ന് ദിവസങ്ങള്‍ കൂടി ബാക്കി

യുക്മ ദേശീയ കലാമേള 2017 : നഗര്‍ നാമകരണത്തിനും ലോഗോ രൂപകല്പനക്കും അപേക്ഷ സമര്‍പ്പിക്കാന്‍ ഇനി മൂന്ന് ദിവസങ്ങള്‍ കൂടി ബാക്കി

സജീഷ് ടോം (യുക്മ പി.ആര്‍.ഒ.)

എട്ടാമത് യുക്മ ദേശീയ കലാമേളയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഒക്ടോബര്‍ 28 ശനിയാഴ്ച വെസ്റ്റ് ലണ്ടനില്‍ നടക്കുന്ന മേളയുടെ നഗര്‍ നാമകരണത്തിനുവേണ്ടി അനുയോജ്യമായ പേരുകള്‍ നിര്‍ദ്ദേശിക്കുവാനും, കലാമേളയ്ക്ക് മനോഹരമായ ലോഗോ രൂപകല്പനചെയ്യുവാനും അപേക്ഷ സമര്‍പ്പിക്കുവാന്‍ ഇനി മൂന്ന് ദിവസങ്ങള്‍ കൂടി ബാക്കി.

മലയാള സാഹിത്യ സാംസ്‌ക്കാരിക വിഹായസിലെ മണ്മറഞ്ഞ ഇതിഹാസങ്ങളുടെയും ഗുരുസ്ഥാനീയരുടേയും നാമങ്ങളിലാണ് കഴിഞ്ഞ വര്‍ഷങ്ങളിലെ യുക്മ കലാമേള നഗറുകള്‍ അറിയപ്പെട്ടിരുന്നത്. സംഗീത കുലപതികളായ സ്വാതി തിരുന്നാള്‍ മഹാരാജാവും ദക്ഷിണാമൂര്‍ത്തി സ്വാമികളും എം.എസ്.വിശ്വനാഥനും, അഭിനയ തികവിന്റെ പര്യായമായിരുന്നു പദ്മശ്രീ തിലകനും, ജ്ഞാനപീഠ അവാര്‍ഡ് ജേതാവ് മഹാകവി ഒ.എന്‍.വി.കുറുപ്പുമെല്ലാം അത്തരത്തില്‍ ആദരിക്കപ്പെട്ടവരായിരുന്നു.

ഒരാള്‍ക്ക് പരമാവധി രണ്ട് ലോഗോകള്‍ വരെ രൂപകല്പനചെയ്ത് അയക്കാവുന്നതാണ്. കലാമേള നഗറിന് ഒരാള്‍ക്ക് ഒരു പേര് മാത്രമേ നിര്‍ദ്ദേശിക്കാന്‍ അവസരം ഉണ്ടാകുകയുള്ളൂ. സെപ്റ്റംബര്‍ 15 വെള്ളിയാഴ്ചക്ക് മുന്‍പായി [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്കാണ് നാമനിര്‍ദ്ദേശങ്ങള്‍ അയക്കേണ്ടത്. വൈകി വരുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

നഗര്‍ നാമകരണത്തിനായി തെരഞ്ഞെടുക്കപ്പെടുന്ന പേര് നിര്‍ദ്ദേശിക്കുന്ന വ്യക്തികളില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ആള്‍ക്ക് യുക്മ ദേശീയ കലാമേള നഗറില്‍വച്ച് പുരസ്‌ക്കാരം നല്‍കുന്നതാണ്. അതുപോലെതന്നെ തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ രൂപകല്‍പ്പന ചെയ്യുന്ന വ്യക്തിക്കും കലാമേള നഗറില്‍ വച്ച് പുരസ്‌ക്കാരം നല്‍കുന്നതാണ്. രണ്ട് മത്സരങ്ങളിലേക്കും അപേക്ഷിക്കുന്നവര്‍ തങ്ങളുടെ പേരും മേല്‍വിലാസവും ഫോണ്‍ നമ്പറും അപേക്ഷയോടൊപ്പം കൃത്യമായി ഉള്‍പ്പെടുത്തേണ്ടതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more