1 GBP = 103.14

സഹോദരന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പൊലീസിനെതിരെ കഫീല്‍ ഖാന്‍

സഹോദരന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പൊലീസിനെതിരെ കഫീല്‍ ഖാന്‍

സഹോദരന് വെടിയേറ്റ സംഭവത്തില്‍ പൊലീസിനെതിരെ ഡോ. കഫീല്‍ ഖാന്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥുണ്ടായിരുന്ന ഗൊരഖ്നാഥ് അമ്പലത്തിന് വെറും 500 മീറ്റര്‍ മാത്രം അകലെ വെച്ചാണ് സഹോദരന് വെടിയേറ്റത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിസരത്തുണ്ടായിട്ടും അക്രമികളെ പിടികൂടാന്‍ കഴിഞ്ഞില്ലെന്നും ഇതാണ് ക്രമസമാധാന നിലയെന്നും കഫീല്‍ ഖാന്‍ വിമര്‍ശിച്ചു.

തന്നെ ഭയപ്പെടുത്താനാണ് സഹോദരന്‍ കാശിഫിനെ ആക്രമിച്ചതെന്നും എന്നാല്‍ താന്‍ വഴങ്ങില്ലെന്നും കഫീല്‍ ഖാന്‍ പറഞ്ഞു. സഹോദരന്‍റെ ശരീരത്തില്‍ നിന്ന് ബുള്ളറ്റുകള്‍ നീക്കുന്ന ശസ്ത്രക്രിയ വിജയകരമായിരുന്നു. ഇപ്പോള്‍ ഐസിയുവിലാണ്. കൂടെ നിന്ന എല്ലാവര്‍ക്കും നന്ദിയെന്നും കഫീല്‍ ഖാന്‍ പറഞ്ഞു.

ഇന്നലെ രാത്രി 10 മണിയോടെയാണ് പള്ളിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയ കാശിഫ് നേരെ ആക്രമണം നടന്നത്. കാശിഫ് സഞ്ചരിച്ച സ്കൂട്ടിക്ക് പിന്നില്‍ ബൈക്കിലെത്തിയ രണ്ടംഗ മുഖംമൂടി സംഘം വെടിയുതിര്‍ക്കുകയായിരുന്നു. കഴുത്തിലും ചുമലിലും കാലിലുമാണ് വെടിയേറ്റത്.

കഴിഞ്ഞ ആഗസ്തിൽ ഗോരഖ്പൂരിലെ ബിആര്‍ഡി മെഡിക്കൽ കോളജിൽ ഓക്സിജൻ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഡോ.കഫീല്‍ഖാന് ഈ വർഷം ഏപ്രിലിൽ ആണ് ജാമ്യം ലഭിച്ചത്. എട്ട് മാസമായിട്ടും കുറ്റം ചുമത്താൻ ഉത്തർപ്രദേശ്​ പൊലീസിന്​ കഴിഞ്ഞില്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നത്. ആശുപത്രിയിലുണ്ടായ ദുരന്തത്തിന്റെ യഥാര്‍ത്ഥ ഉത്തരവാദികള്‍ അധികൃതരാണെന്നും അവരുടെ ഭാഗത്തു നിന്നുണ്ടായ വന്‍ വീഴ്ച മറച്ചു വയ്ക്കുന്നതിനായി തന്നെ ബലിയാടാക്കുകയായിരുന്നുവെന്നും ഖഫീല്‍ ഖാന്‍ ആരോപിച്ചിരുന്നു. തന്‍റെയും കുടുംബത്തിന്‍റെയും ജീവന്‍ അപായപ്പെടുത്താന്‍ നീക്കം നടക്കുന്നുണ്ടെന്ന് കഫീല്‍ വെളിപ്പെടുത്തുകയും ചെയ്തു. പിന്നാലെയാണ് സഹോദരന്‍ ആക്രമിക്കപ്പെട്ടത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more