1 GBP = 104.06

സി.പി.ഐ അമരത്ത് വീണ്ടും കാനം, സംസ്ഥാന കൗൺസിൽ അംഗസംഖ്യ 96

സി.പി.ഐ അമരത്ത് വീണ്ടും കാനം, സംസ്ഥാന കൗൺസിൽ അംഗസംഖ്യ 96

മലപ്പുറം: അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല. തുടർച്ചയായ രണ്ടാം തവണയും സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് സമാപിച്ച സംസ്ഥാനസമ്മേളനത്തിൽ കെ.ഇ. ഇസ്മായിൽ പക്ഷം അവസാനനിമിഷം മത്സരത്തിനൊരുങ്ങിയേക്കുമെന്ന അഭ്യൂഹം പരന്നിരുന്നെങ്കിലും ഒന്നുമുണ്ടായില്ല. സംസ്ഥാന കൗൺസിലിലെ അംഗസംഖ്യ 89 ആയിരുന്നത് 96 ആയി ഉയർത്തി. കാൻഡിഡേറ്റ് അംഗങ്ങളുടെ എണ്ണം 9ൽ നിന്ന് 10 ആക്കി. പാർട്ടി അംഗസംഖ്യ ഉയർന്നതിനാലാണ് കൗൺസിലിന്റെയും അംഗസംഖ്യ കൂട്ടിയതെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിച്ചത്.
സംസ്ഥാന കൺട്രോൾ കമ്മിഷൻ റിപ്പോർട്ടിനെ ചൊല്ലിയുയർന്ന വിവാദമാണ് മലപ്പുറം സമ്മേളനത്തെ ശ്രദ്ധാകേന്ദ്രമാക്കിയതെങ്കിൽ, സമ്മേളനത്തിൽ കൺട്രോൾ കമ്മിഷൻ തന്നെ ഉടച്ചുവാർക്കുന്ന നിലയുണ്ടായി. പുതിയ ഒന്പത് അംഗ കൺട്രോൾ കമ്മിഷനിൽ ആറ് പേരും പുതുമുഖങ്ങളാണ്. ഇ. ചന്ദ്രശേഖരൻ നായർ അന്തരിച്ചതിനെ തുട‌ർന്ന് കമ്മിഷൻ ചെയർമാനായിരുന്ന വെളിയം രാജൻ പുതിയ സംസ്ഥാനകൗൺസിൽ പട്ടികയിലും ഇടം നേടിയില്ല. പ്രായാധിക്യത്തിന്റെ പേരിൽ കൊല്ലം ജില്ലാ ഗ്രൂപ്പിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി.

പുതിയ സംസ്ഥാന കൗൺസിലിൽ 26 പുതുമുഖങ്ങളുണ്ട്. നിലവിലെ കൗൺസിലിൽ നിന്ന് 18 പേർ ഒഴിവായി. കൗൺസിൽ അംഗങ്ങളെ തിരഞ്ഞെടുക്കാൻ ചേർന്ന ജില്ലാ ഗ്രൂപ്പുകളിൽ എറണാകുളത്ത് മാത്രം മത്സരം നടന്നു. കാനം ചേരിക്കാരെന്ന് അറിയപ്പെടുന്ന കെ.എം. ദിനകരനും വി.കെ.ശിവനുമാണ് മത്സരിച്ച് പരാജയപ്പെട്ടത്. പകരം ബാബുപോളും എം.ടി. നിക്സനും ഉൾപ്പെട്ടു. ഇടുക്കി ജില്ലയിൽ നിന്ന് നേരത്തേ തരംതാഴ്ത്തപ്പെട്ട ഇ.എസ്. ബിജിമോൾ കൗൺസിലിൽ തിരിച്ചുകയറിയത് ശ്രദ്ധേയമായി. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് തനിക്ക് ഗോഡ്ഫാദർമാരില്ല എന്ന് അഭിമുഖത്തിൽ പറഞ്ഞതടക്കമുള്ള ആരോപണങ്ങളാണ് ബിജിമോളുടെ തരംതാഴ്ത്തലിന് വഴിവച്ചത്. അതേസമയം, സംസ്ഥാനസെക്രട്ടറിയുടെ ചേരിക്കാരനായി അറിയപ്പെടുന്ന വാഴൂർ സോമൻ തഴയപ്പെട്ടു. സോമനെതിരെ നിരവധി ആരോപണങ്ങൾ പാർട്ടിക്കകത്ത് ഉയർന്നതാണ് തഴയപ്പെടാൻ കാരണമെന്നറിയുന്നു. ബിജിമോളെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നെങ്കിലും രമ്യമായി പരിഹരിക്കുകയായിരുന്നു. പാലക്കാട് നിന്ന് ഈശ്വരി രേശനെ തഴഞ്ഞ് കെ. മല്ലികയെ കാൻഡിഡേറ്റ് അംഗമായി ഉൾപ്പെടുത്തിയതിലും ചെറിയ തർക്കമുണ്ടായെങ്കിലും അതും നേതൃത്വം ഇടപെട്ട് മത്സരമില്ലാതെ പരിഹരിച്ചു. സംസ്ഥാന കൗൺസിലിൽ വനിതാ പ്രാതിനിധ്യം 10ൽ നിന്ന് 13 ആയി ഉയർന്നു.

ഇടപെടുന്നവരോടുള്ള സൗമ്യമായ പെരുമാറ്റവും നിലപാടുകളിലെ കാർക്കശ്യവും വാക്കുകളിലെ മൂർച്ചയുമാണ് സിപി.ഐ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കാനം രാജേന്ദ്രൻ എന്ന നേതാവിന്റെ സവിശേഷത. 1950 നവംബർ 10ന് കോട്ടയം വാഴൂർ കാനം ഗ്രാമത്തിൽ പി.കെ. പരമേശ്വരൻനായരുടെയും ടി.കെ. ചെല്ലമ്മയുടെയും മകനായി ജനിച്ചു. വിദ്യാർത്ഥിരാഷ്ട്രീയത്തിലൂടെ രംഗപ്രവേശം. 1968ൽ സി.പി.ഐ അംഗം. 20ആം വയസിൽ എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി. 1977വരെ തുടർന്നു. 74ൽ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിലും പിന്നീട് സംസ്ഥാന സെക്രട്ടേറിയറ്റിലും എസ്. കുമാരൻ, എൻ.ഇ. ബലറാം എന്നിവരോടൊപ്പം പ്രവർത്തിച്ചു. കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്നു. 82 മുതൽ 91വരെ വാഴൂരിൽ നിന്നുള്ള നിയമസഭാംഗം. തുടർന്ന് എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി, ജനറൽസെക്രട്ടറി, ദേശീയ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിലെത്തി. ഭാര്യ വനജ രാജേന്ദ്രൻ. മക്കൾ സ്മിത, സന്ദീപ്. മരുമക്കൾ: താര സന്ദീപ്, സർവേശ്വരൻ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more