1 GBP = 103.12

ജസ്റ്റിസ് ലോയയുടെ മരണത്തിൽ ബാഹ്യ ഇടപെടലെന്ന് കാരവൻ മാസിക

ജസ്റ്റിസ് ലോയയുടെ മരണത്തിൽ ബാഹ്യ ഇടപെടലെന്ന് കാരവൻ മാസിക

നാഗ്പൂര്‍: ജസ്റ്റിസ് ലോയയുടെ പോസ്റ്റ് മോര്‍ട്ടം നടത്തിയതില്‍ വന്‍ ബാഹ്യ ഇടപെടല്‍. കാരവന്‍ മാസിക തന്നെയാണ് തുടര്‍ച്ചയായ അന്വേഷണങ്ങള്‍ക്കൊടുവില്‍ ഇക്കാര്യവും പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ലോയയുടെ മരണത്തില്‍ കുടുംബത്തിനുള്ള സംശയങ്ങളെ ഉയര്‍ത്തിക്കാണിച്ച് നിരവധി തെളിവുകളോടെ നേരത്തെയും കാരവന്‍ റിപ്പോര്‍ട്ടുകള്‍ തയാറാക്കിയിരുന്നു.

ഹൃദയാഘാതം മൂലമാണ് ലോയ മരിച്ചതെന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ഔദ്യോഗിക രേഖകള്‍ അനുസരിച്ച് ലോയയുടെ പ്രേതവിചാരണ നടത്തിയത് നാഗ്പൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജിലെ ഫൊറന്‍സിക് മെഡിസിന്‍ വിഭാഗത്തിലെ ലക്ചറര്‍ ഡോക്ടര്‍ എന്‍കെ തുംറാമാണ്. എന്നാല്‍ ശരിക്കും പോസ്റ്റ് മോര്‍ട്ടം നടത്തിയത് അവിടുത്തെ പ്രൊഫസര്‍ ഡോക്ടര്‍ മകരന്ദ് വ്യവഹാരെയാണെന്നാണ് കാരവന്‍ തെളിവുകളോടെ പുറത്തുവിടുന്നത്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന് പിന്നില്‍ മന്ത്രിസഭയിലെ രണ്ടാമന്‍ എന്നറിയപ്പെടുന്ന ധനമന്ത്രി സുധീര്‍ മുങാന്തിവാറിന്റെ സഹോദരിയുടെ ഭര്‍ത്താവാണ് വ്യവഹാരെ. മെഡിക്കല്‍ കൗണ്‍സില്‍ അംഗമായ ഇയാള്‍ രാഷ്ട്രീയമായി ഏറെ ശക്തനാണെന്നും സഹപ്രവര്‍ത്തകര്‍ക്കിടയില്‍ സംസാരമുണ്ട്.

വ്യവഹാരെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നേരിട്ടിടപെട്ടു. മരണകാരണം മറ്റൊന്നാണെന്ന് തോന്നിപ്പിക്കുന്ന യാതൊന്നും അതിലില്ല എന്ന് ഉറപ്പുവരുത്തി. പോസ്റ്റ് മോര്‍ട്ടം നടത്തിയവരുടെ പേരുകളില്‍ തന്റെ പേരില്ല എന്നത് ഉറപ്പുവരുത്താനായും ചില ഇടപെടീലുകള്‍ നടത്തി. ഇതില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ക്കിടയിലും മുറുമുറുപ്പുണ്ടാക്കി. എന്നിങ്ങനെ പോസ്റ്റ്‌മോര്‍ട്ടം ദിവസത്തെ ഏകദേശം എല്ലാ കാര്യങ്ങളും കാരവന്‍ വ്യക്തമായും ആധികാരികമായും പുറത്തുവിട്ടു.

ഡോക്ടര്‍ മകരന്ദ് വ്യവഹാരെ മറ്റ് ഡോക്ടര്‍മാര്‍ക്കും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ എന്ത് ഉള്‍പ്പെടുത്താം എന്ത് പാടില്ല എന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇതേ രീതിയില്‍ ഇയാള്‍ നേരത്തേയും പല പ്രേതവിചാരണകളിലും ഇടപെട്ടിട്ടുണ്ട്. ഇതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച മറ്റ് ഡോക്ടര്‍മാര്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഇതിന്മേല്‍ അന്വേഷണം നടന്നിട്ടും ഇയാള്‍ക്കെതിരെ നടപടികളൊന്നുമുണ്ടായിട്ടില്ല. യഥാര്‍ഥ കാരണം മറച്ചുവച്ച് വ്യാജറിപ്പോര്‍ട്ടുകള്‍ തയാറാക്കുകയാണ് വ്യവഹാര സാധാരണ ചെയ്യാറുള്ളത്. ഇങ്ങനെ വിശദമായ റിപ്പോര്‍ട്ടാണ് കാരവന്‍ വീണ്ടും പുറത്തുവിട്ടത്.

നിലവിലേയും വിരമിച്ചവരുമായ 14 ആളുകളാണ് കാരവനോട് ഇക്കാര്യങ്ങള്‍ വിശദമാക്കിയത്. ഇവരുടെ സുരക്ഷയേക്കരുതി പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പൊലീസ്, ഭരണകൂടം, രഹസ്യാന്വേഷണ സംവിധാനങ്ങള്‍ എന്നിവയോടെല്ലാമുളള ഭയത്തെ അതിജീവിച്ചാണ് ഈ 14 ആളുകള്‍ തങ്ങളോട് മനസുതുറന്നതെന്നും കാരവന്‍ പറയുന്നു.

ഇതോടെ ബിജെപി നേതൃത്വം വീണ്ടും വെട്ടിലായി. ലോയയുടെ മരണം വീണ്ടും അന്വേഷിക്കുന്ന നടപടി അമിത് ഷായെ സമ്മര്‍ദ്ദത്തിലാഴ്ത്തും. സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷാ മുഖ്യ പ്രതിയാണെന്നിരിക്കെയാണ് ലോയ മരണപ്പെടുന്നത്. ഇത് കൊലപാതകമാണെന്ന് അന്നുതന്നെ കുടുംബം ആരോപിച്ചിരുന്നു. കാരവന്‍ മാസിക ഇതേക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ടുകള്‍ തയാറാക്കുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more