1 GBP = 103.82
breaking news

ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിവന്നിരുന്ന അനിശ്ചിതകാല സമരം ഒത്തുതീര്‍പ്പാക്കി

ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിവന്നിരുന്ന അനിശ്ചിതകാല സമരം ഒത്തുതീര്‍പ്പാക്കി

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതിനെ തുടര്‍ന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിവന്നിരുന്ന അനിശ്ചിതകാല സമരം ഒത്തുതീര്‍പ്പാക്കി. ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍ന്നത്.

സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് സര്‍വീസില്‍ നിന്ന് വിരമിക്കാതിരിക്കുന്ന സാഹചര്യത്തില്‍ ഉണ്ടാകുന്ന പ്രയാസം പരിഹരിക്കണമെന്നാണ് സമരം ചെയ്ത ജൂനിയര്‍ ഡോക്ടര്‍മാര്‍ പ്രധാനമായും ഉന്നയിച്ചത്.

പിജി പഠനത്തിനു ശേഷം ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ കയറാന്‍ കഴിയുന്ന തരത്തില്‍ തസ്തികകള്‍ വര്‍ധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

175 പുതിയ തസ്തികകള്‍ ആരോഗ്യവകുപ്പ് സൃഷ്ടിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ വിരമിക്കല്‍ പ്രായം ഉയര്‍ത്തിയതു മുലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പുതിയതായി പ്രവേശിക്കുന്നവര്‍ക്ക് ഉണ്ടാകില്ല എന്ന് സമരക്കാരോട് വ്യക്തമാക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. പുതിയ തസ്തികകള്‍ ഉള്ളതിനാല്‍ കൂടുതല്‍ ആളുകള്‍ക്ക് സര്‍വീസില്‍ പ്രവേശിക്കാന്‍ സാധിക്കുമെന്നും അവര്‍ അറിയിച്ചു.

കൂടുതല്‍ തസ്തികകള്‍ കൂടി സൃഷ്ടിച്ച് സര്‍വീസില്‍ കയറാന്‍ അവസരം ഉണ്ടാക്കണമെന്നാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ ഉന്നയിച്ച മറ്റൊരു ആവശ്യം. അത് അങ്ങനെ തന്നെ പരിഗണിക്കുകയാണെന്ന് മന്ത്രി സമരക്കാരെ അറിയിച്ചു. ഇത്തവണ സൃഷ്ടിച്ചതിന് പുറമെ ‘ആര്‍ദ്രം’ പദ്ധതിയുടെ ഭാഗമായി കൂടുതല്‍ തസ്തികകള്‍ ഉണ്ടാക്കുമെന്ന് സമരക്കാരെ മന്ത്രി അറിയിച്ചു.

പി.ജി സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യവും സമരക്കാര്‍ ഉന്നയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം തന്നെ പിജി സീറ്റുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. ഇക്കാര്യത്തില്‍ സമരക്കാരുടെ ആവശ്യം പരിഗണിക്കാമെന്നും സമരം ചെയ്തവരോട് പ്രതികാര നടപടികള്‍ സ്വീകരിക്കില്ലെന്നും മന്ത്രി ഉറപ്പുനല്‍കി.

പലമേഖലകളിലും തസ്തികകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ കിടക്കുന്നുണ്ട്. ഇതിലേക്ക് നിയമനം നടക്കുന്നില്ലെന്നും സമരക്കാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പിഎസ്സിയുമായി ബന്ധപ്പെട്ട് നിയമനം ത്വരിതപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് മന്ത്രി സമരക്കാരെ അറിയിച്ചു. എവിടെയൊക്കെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുണ്ടെന്ന കാര്യം കണ്ടെത്താന്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍കൂടി തയ്യാറാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

റാങ്ക് ലിസ്റ്റുണ്ടായിട്ടും നിയമനം നടത്താത്ത പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് അടിയന്തിരമായി പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനു മുമ്പ് ജൂനിയര്‍ ഡോക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more