1 GBP = 104.27
breaking news

സ്വര്‍ഗീയ നാഥന്‍ ഏല്‍പ്പിച്ച ജോലി പൂര്‍ത്തിയാക്കി ജിന്‍സി മടങ്ങി. പരസ്പരം ആശ്വസിപ്പിക്കാന്‍ കഴിയാതെ പ്രകൃതിയും മലയാളി സമൂഹത്തോടൊപ്പം തേങ്ങി….. ജിന്‍സി ഇനി ഓര്‍മ്മകളില്‍ ജീവിക്കും.

സ്വര്‍ഗീയ നാഥന്‍ ഏല്‍പ്പിച്ച ജോലി പൂര്‍ത്തിയാക്കി ജിന്‍സി മടങ്ങി. പരസ്പരം ആശ്വസിപ്പിക്കാന്‍ കഴിയാതെ പ്രകൃതിയും മലയാളി സമൂഹത്തോടൊപ്പം തേങ്ങി….. ജിന്‍സി ഇനി ഓര്‍മ്മകളില്‍ ജീവിക്കും.

ലൂട്ടന്‍: ‘വേര്‍പാടിന്റെ വേദനയില്‍ നാമെല്ലാം കണ്ണുനീരോടു കൂടി ഇവിടെ ആയിരിക്കുന്നു. എന്നാല്‍ സന്തോഷത്തോടുകൂടി ജിന്‍സിയെ നമുക്ക് യാത്രയാക്കാം. കാരണം ജിന്‍സി ഇന്ന് സ്വര്‍ഗീയ സന്നിധിയില്‍ നാഥനോടൊപ്പമാണ്’ കുര്‍ബാനമധ്യേമലങ്കര സഭയുടെ ചാപ്ലിന്‍ ബഹു. ഫാദര്‍ രഞ്ചിത് മഠത്തിപ്പറമ്പില്‍ , ജിന്‍സിക്ക് അന്തിമോപചാരം അര്‍പ്പിക്കുവാന്‍ എത്തിയ ലൂട്ടനില്‍ നിന്നും യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ മലയാളി സമൂഹത്തോട് പറഞ്ഞു. അപ്പോഴും നേരില്‍ കണ്ടിട്ടില്ലാത്തവര്‍ക്കുപോലും തേങ്ങലിന്റെ ശബ്ദം നിയന്ത്രിക്കാനായില്ല.

കഴിഞ്ഞ ആഴ്ച കോണിപ്പടിയില്‍ നിന്നുള്ള വീഴ്ചയില്‍ അപകടത്തില്‍പെട്ടു നിര്യാതയായ ജിന്‍സിയുടെ മൃത ശരീരവും വഹിച്ചുകൊണ്ടുള്ള പേടകം ഒരുമണിക്ക് മലങ്കര കാത്തോലിക്ക സഭയുടെ കോര്‍ഡിനേറ്റര്‍ ബഹുമാനപെട്ട തോമസ് മടുക്കമൂട്ടിലും സഹ കാര്‍മ്മികരും ലുട്ടന്‍ ഹോളി ഗോസ്‌റ് കത്തോലിക്കദേവാലയത്തിലേക്ക് സ്വീകരിച്ചു. തുടര്‍ന്ന് നടന്ന ദിവ്യ ബലിയില്‍ സീറോ മലബാര്‍ വികാരി ജനറല്‍ ഫാദര്‍ തോമസ് പാറാടിയില്‍, സെഹിയോന്‍ ധ്യാന കേന്ദ്രം ഡയറക്ടര്‍ ഫാദര്‍ സോജി ഓലിക്കല്‍, ഫാദര്‍ രെഞ്ചിത് മഠത്തിപ്പറമ്പില്‍ , വയലത്തല ഇടവകാഗമായ ഫാദര്‍ സജു നെടുംകുഴിയില്‍ എന്നിവര്‍ സഹകാര്‍മികരായി. വിശുദ്ധ കുര്‍ബാനക്ക് ശേഷം സീറോ മലബാര്‍ ക്രമത്തില്‍ ഉള്ള ഒപ്പീസും മലങ്കര ക്രമത്തില്‍ ഉള്ള പ്രാര്‍ത്ഥനാ ശുശ്രുഷകളും നടന്നു.

ചുരുങ്ങിയ കാലം കൊണ്ട് ഏവര്‍ക്കും പ്രിയപെട്ടവളായി മാറിയ ജിന്‍സിയെ കുടുംബ സുഹൃത്തും ജിന്‍സിയുടെ പ്രിയപ്പെട്ട ചേച്ചിയുമായ സുമ റിജോ അനുസ്മരിച്ചപ്പോള്‍ ജിന്‍സിയെ ഇതുവരെ കണ്ടിട്ടില്ലാത്തവരിലും കണ്ണുനീര്‍ചാലുകള്‍ കാണാമായിരുന്നു.
തുടര്‍ന്ന് ബഹുമാനപെട്ട ഫാദര്‍ ജോണ്‍സന്‍ ലത്തീന്‍ സഭയുടെ പ്രാര്‍ത്ഥന ശുശ്രുഷകള്‍ നടത്തി.

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ പ്രസിഡന്റ് ശ്രീ രഞ്ചിത്, യുക്മയുടെയും ലൂട്ടന്‍ മലയാളി സമൂഹത്തിന്റെയും പേരില്‍ ഉള്ള അനുശോചനം അറിയിച്ചുകൊണ്ട് സംസാരിച്ചു. തുടര്‍ന്ന് കുടുംബത്തിന്റെ പേരില്‍ ബഹു. ഫാദര്‍ തോമസ് മടുക്കമൂട്ടില്‍ എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.

‘ഏകദേശം അഞ്ചുമാസക്കാലമേ ജിന്‍സി നമ്മോടൊപ്പം ഉണ്ടായിരുന്നുള്ളു എന്നാലും മറക്കാനാവാത്ത ഓര്‍മ്മകള്‍ നമുക്ക് സമ്മാനിച്ചു, ആശുപത്രിയില്‍ ഇരുന്നുകൊണ്ട് ജിന്‍സിക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സാധിച്ചു. എല്ലാം ഒരു ദൈവ നിയോഗം മാത്രമാണ്. ആ കുടുംബത്തെ ബലപ്പെടുത്തുവാന്‍ ഈ സമൂഹം ഒന്നായി നിന്നു’ ഫാദര്‍ തോമസ് പറഞ്ഞു.

യുക്മ പ്രസിഡന്റ് ശ്രീ മാമന്‍ ഫിലിപ്പിനും , സെക്രട്ടറി ശ്രീ റോജിമോനും യുക്മയുടെ പ്രവര്‍ത്തകര്‍ക്കും കുടുംബത്തിന്റെ പേരില്‍ നന്ദി അറിയിച്ചു. ബെഡ്ഫോര്‍ഡ്ഷയര്‍ യൂണിവേഴ്സിറ്റി ചാപ്ലിനും വിദ്യാര്‍ത്ഥികളും ജിന്‍സിക്ക് അന്ത്യയാത്ര പറയുവാന്‍ എത്തിയിരുന്നു.

പത്തനംതിട്ട വയലത്തല പട്ടിയാനിക്കല്‍വീട്ടില്‍ ഷിജു ജോണിന്റെ ഭാര്യയാണ് 22 വയസ്സുള്ള ജിന്‍സി. ബെഡ്ഫോര്‍ഡ്ഷയര്‍ യൂണിവേഴ്സിറ്റിയില്‍ ഡിഗ്രി വിദ്യാര്‍ത്ഥിയായ ജിന്‍സി ഭക്ഷണം കഴിച്ചു ഉറങ്ങാന്‍ മുകള്‍ നിലയിലേക്ക് പടികള്‍ കയറവെ തലയിടിച്ചു വീണു അപകടത്തെ തുടര്‍ന്ന് കേംബ്രിജ് ആദം ബ്രുക് ഹോസ്പിറ്റലില്‍ വെച്ച് ഈ മാസം അഞ്ചാം തീയതിയാണ് നിര്യാതയായത് .

ശനിയാഴ്ച നാട്ടില്‍ എത്തിക്കുന്ന മൃതദേഹത്തോടൊപ്പം ജിന്‍സിയുടെ ഭര്‍ത്താവ് ഷിജുവും , സഹോദരന്‍ ബൈജുവും കുടുബവും അനുഗമിക്കും. തുടര്‍ന്ന് ഞായറാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് പത്തനംതിട്ട വയലത്തല സെന്റ് മേരീസ് കത്തോലിക്കാ പള്ളി സെമിത്തേരിയില്‍ പ്രത്യകം തയ്യാറാക്കിയ കല്ലറയില്‍ സംസ്‌കരിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more