1 GBP = 103.62
breaking news

നിര്‍ണായക തെളിവ് ലഭിച്ചെന്ന് പൊലീസ്; ജെസ്‌ന തിരോധാനത്തില്‍ ‘ദൃശ്യം’ മോഡല്‍ പരിശോധന

നിര്‍ണായക തെളിവ് ലഭിച്ചെന്ന് പൊലീസ്; ജെസ്‌ന തിരോധാനത്തില്‍ ‘ദൃശ്യം’ മോഡല്‍ പരിശോധന

പത്തനംതിട്ട: മുക്കൂട്ടുതറയില്‍ നിന്ന് മൂന്നു മാസം മുന്‍പ് കാണാതായ ജസ്‌ന മരിയ ജയിംസിനായി പൊലീസിന്റെ നിര്‍ണായക പരിശോധന. ജെസ്‌നയുടെ ഫോണ്‍ കോളുകല്‍ പരിശോധിച്ചതില്‍ നിന്നും കേസന്വേഷണത്തില്‍ വഴിത്തിരിവായേക്കാവുന്ന ചില സൂചനകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ദൃശ്യം മോഡലിലുള്ള പരിശോധനയാണ് പൊലീസ് മുണ്ടക്കയത്ത് നടത്തുന്നത്.

ജെസ്‌നയുടെ പിതാവ് ജയിംസ് മുണ്ടക്കയം ഏന്തയാറില്‍ നിര്‍മിക്കുന്ന കെട്ടിടവും പരിസരവും വീണ്ടും പരിശോധിക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. കെട്ടിടം കുഴിക്കുന്നതിനു പകരം ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധനയാണ് നടത്തുന്നത്. ഏന്തയാറിലെ ഒരു സ്‌കൂളിലെ കുട്ടിക്കു വീടുവച്ചുകൊടുക്കുന്നതിന്റെ നിര്‍മാണ കരാര്‍ ജെസ്‌നയുടെ പിതാവിന്റെ പങ്കാളിത്തത്തിലാണ്.

ഒരാഴ്ച മുന്‍പും ജസ്നയുടെ പിതാവിന്റെ കണ്‍സ്ട്രഷന്‍ കമ്പനിയുടെ നിര്‍മ്മാണ സ്ഥലത്ത് തെരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നാണ് പൊലീസ് പറയുന്നത്. ജനുവരിയില്‍ നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ച നിര്‍മ്മാണ സ്ഥലത്തായിരുന്നു പരിശോധന. വൈദ്യുതിയുടേയും വെള്ളത്തിന്റെയും അപര്യാപ്തത മൂലമാണ് നിര്‍മാണം നിര്‍ത്തിവച്ചതെന്നാണ് കമ്പനി നല്‍കുന്ന വിവരം. നേരത്തേ, മുക്കൂട്ടുതറയിലെ വീട്ടിലും പരിശോധന നടത്തിയിരുന്നു.

അന്വേഷണവുമായി ബന്ധപ്പെട്ടു നിര്‍ണായക വിവരം ലഭിച്ചെന്നും എല്ലാ സാധ്യതകളും പരിശോധിച്ച് അന്വേഷണം നടത്തുമെന്നും പത്തനംതിട്ട എസ്പി ടി. നാരായണന്‍ ബുധനാഴ്ച അറിയിച്ചിരുന്നു. ജെസ്‌നയുടെ വീട്ടില്‍നിന്ന് രക്തം പുരണ്ട വസ്ത്രം കണ്ടെത്തിയിരുന്നു. ഫൊറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ ഇതിന്മേലും അന്വേഷണം നടക്കുകയാണ്.

ജെസ്‌നയുടെ മൊബൈലിലെ സന്ദേശങ്ങളും കോള്‍ വിവരങ്ങളും പോലീസ് വീണ്ടെടുത്തിട്ടുണട്്. അന്വേഷണത്തിന് സഹായകരമായ വിവരങ്ങള്‍ ഇതിലൂടെ ലഭിച്ചുവെന്നാണ് സൂചന. എന്നാല്‍ അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ലക്ഷക്കണക്കിന് കോളുകളാണ് ഈ കാലത്തിനിടെ പോലീസ് നിരീക്ഷിച്ചത്. ജസ്നയുടെ മൊബൈല്‍ ഫോണിലെ സന്ദേശങ്ങളും കോള്‍ വിവരങ്ങളും ആദ്യഘട്ടത്തില്‍ നശിപ്പിച്ച നിലയിലായിരുന്നു. സൈബര്‍ വിദഗ്ധരുടെ സഹായത്തോടെയാണ് ഇവ വീണ്ടെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ജസ്നയുടെ സഹപാഠികള്‍, ആണ്‍സുഹൃത്ത്, കുടുംബാംഗങ്ങള്‍ തുടങ്ങി നൂറ്റമ്പതോളം പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു.

ഇതിനിടെ വെച്ചൂച്ചിറ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ സിബിഐ അന്വേഷണ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിയെയും ഡിജിപിയെയും കഴിഞ്ഞ ദിവസം കണ്ടിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടാകുമെന്ന സൂചനയാണ് ഡിജിപി ഭാരവാഹികള്‍ക്കു നല്‍കിയത്.

അടുത്ത ബന്ധുക്കള്‍ക്കു ജെസ്‌നയുടെ തിരോധാനവുമായി ബന്ധമുണ്ടെന്ന ആരോപണം പൊലീസ് കാര്യമായി അന്വേഷിച്ചില്ലെന്ന പരാതിയാണ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ മുഖ്യമന്ത്രിയോടു പറഞ്ഞത്. സി.ബി.ഐ അന്വേഷണമെന്ന ആവശ്യമുന്നയിച്ച് ജെസ്‌നയുടെ സഹോദരനും രംഗത്തെത്തിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more