1 GBP = 103.75

അമ്മ തന്റെ റോൾ മോഡലായിരുന്നുവെന്ന് നിമിഷ നോബി…. യുകെ മലയാളികള്‍ കണ്ണീരോടെ ജയക്ക് വിട നല്‍കി….

അമ്മ തന്റെ റോൾ മോഡലായിരുന്നുവെന്ന്  നിമിഷ നോബി….  യുകെ മലയാളികള്‍ കണ്ണീരോടെ ജയക്ക് വിട നല്‍കി….
പ്രെസ്റ്റൺ:- പ്രെസ്റ്റണില്‍ കഴിഞ്ഞ ബുധനാഴ്ച നിര്യാതയായ ജയ നോബിയ്ക്ക് യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന മലയാളി സമൂഹം അന്തിമോപചാരമര്‍പ്പിച്ചു. പ്രെസ്റ്റണിലെ സെന്റ്. അല്‍ഫോന്‍സാ കത്തീഡ്രലില്‍ ഇന്നലെ ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് ഫ്യൂണറൽ ഡയറക്ടേഴ്സ് ജയയുടെ മൃതദേഹവുമായി  ദേവാലയ കവാടത്തിലെത്തി. വൈദികർ പ്രാർത്ഥനയോടെ മൃതദേഹത്തെ ദേവാലയത്തിലേക്ക് സ്വീകരിച്ചു. തുടർന്ന് നടന്ന ദിവ്യബലിക്ക്  രൂപതാ സെമിനാരി റെക്ടര്‍ റവ. ഫാ. വര്‍ഗീസ് പുത്തന്‍പുരക്കലിന്റമുഖ്യകാര്‍മികത്വം വഹിച്ചു.  ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ചെറുപുഷ്പ മിഷന്‍ ലീഗ് കമ്മീഷന്‍ ചെയര്‍മാനും ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിനുമായ റവ. ഫാ. മാത്യു മുളയോലില്‍, ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ചാന്‍സിലര്‍ റവ. ഫാ. മാത്യു പിണക്കാട്ട് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.
ഫാ. മാത്യൂ പിണക്കാട്ട് അനുശോചന സന്ദേശത്തിൽ ഒരു ഉത്തമ ക്രൈസ്തവ കുടുംബനാഥയായിരുന്ന ജയ കര്‍ത്താവിന്റെ പുനരുദ്ധാനത്തോട്ടത്തിലേയ്ക്ക്  ആത്മീയമായി ഒരുങ്ങിയാണ്   യാത്രയായതെന്ന് അനുസ്മരിച്ചു. കഠിനമായ വേദനകൾക്കിടയിലും ക്രിസ്തുവിനെ മുറുകെ പിടിച്ച     മാതൃകാ  കുടുംബിനിയായിരുന്നു ജയയെന്നും  നമ്മള്‍ അത് മാതൃകയാക്കണമെന്നും  പറഞ്ഞു.  വിശുദ്ധ  കുർബാനക്ക് ശേഷം പരേതയുടെ ആത്മശാന്തിക്കായുള്ള ഒപ്പീസും മറ്റ് പ്രാർത്ഥനകളും നടന്നു. ശുശ്രൂഷകള്‍ക്ക് ശേഷം ജയയുടെ മക്കളായ നിമിഷയും നോയലും ജയ അമ്മയുമായുള്ള  തങ്ങളുടെ അനുഭവം പങ്കുവെച്ചു. നിമിഷയുടെ വാക്കുകളിൽ   അമ്മ തന്റെ റോൾ മോഡൽ ആണെന്ന് അനുസ്മരിച്ചു. താൻ ചെയ്യുന്ന ഏത് ജോലിയും തികഞ്ഞ ഉത്തരവാദിത്വത്തോടെയും, ആത്മാർത്ഥതയോടെയും ചെയ്യുന്ന അമ്മ തങ്ങളെയും വളരെ ഉത്തരവാദിത്ത ബോധത്തോടെയാണ് വളർത്തിയതെന്ന് അനുസ്മരിച്ചു. തങ്ങളുടെ നികത്താനാവാത്ത വേദനയിൽ ആശ്വസിപ്പിച്ച അഭിവന്ദ്യ പിതാവ്, വൈദികർ, മറ്റെല്ലാവർക്കും നിമിഷ നന്ദി പറഞ്ഞു.
തുടര്‍ന്ന് വൈകുന്നേരം അഞ്ചു മണിവരെ ജയ നോബിയുടെ ഭൗതീക ശരീരം പൊതുദര്‍ശനത്തിന് വെയ്ച്ചു. ബന്ധുക്കളും , സുഹൃത്തുക്കളുമായി സമൂഹത്തിന്റെ നാനാതുറയിലുള്ള നൂറുകണക്കിനാളുകള്‍ ശുശ്രൂഷകളിലും അന്തിമോപചാരമർപ്പിക്കുന്നതിനുമായി എത്തിയിരുന്നു.  തങ്ങളുടെ പ്രിയ സുഹൃത്തിനെ അവസാനമായി ഒരു നോക്കു കാണാന്‍ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധിയാളുകള്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ എത്തിച്ചേര്‍ന്നിരുന്നു.
അത്യധികം ദുഃഖകരമായ മുഹൂര്‍ത്തത്തിനാണ് കത്തീഡ്രല്‍
ദേവാലയം സാക്ഷിയായത്.
സെന്റ്. അല്‍ഫോന്‍സായുടെ നാമത്തിലുള്ള ഈ ദേവാലയം കത്തീഡ്രല്‍ ദേവാലയമായി ഉയര്‍ത്തപ്പെട്ടതിനു ശേഷമുള്ള ആദ്യത്തെ ഏറ്റവും വലിയ ദു:ഖകരമായ ശുശ്രൂഷകളാണ് ഇന്നലെ നടന്നത്. പ്രെസ്റ്റണിലെ മലയാളി കുടുംബങ്ങള്‍ ജാതി മത ഭേദമെന്യേ ഒരു കൂട്ടായ്മയായി ഒന്നുചേര്‍ന്നാണ് തങ്ങളുടെ പ്രിയ സഹോദരിക്ക് യാത്രയപ്പ് നല്‍കിയത്. അദ്ധ്യാത്മികവും സാംസ്കാരികവുമായ വിവിധ സംഘടനകൾക്ക് വേണ്ടി പുഷ്പചക്രങ്ങൾ അർപ്പിക്കപ്പെട്ടു. യുക്മയ്ക്ക് വേണ്ടി യുക്മ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ്, മുൻ പ്രസിഡന്റ് വിജി കെ.പി, ട്രഷറർ അലക്സ് വർഗ്ഗീസ്, റീജണൽ ഭാരവാഹികളായ ഷീജോ വർഗ്ഗീസ്, തങ്കച്ചൻ എബ്രഹാം, ബിജു മൈക്കിൾ എന്നിവരും, ജയ നഴ്സിംഗ് പഠിച്ച സെന്റ്. ഫിലോമിനാസ് സ്കൂളിലെ സഹപ്രവർത്തകർ, ഇടുക്കി സംഗമം, ഇടുക്കി ജില്ലാ സംഗമം തുടങ്ങി വിവിധ സംഘടനകളും വ്യക്തികളും അന്തിമോപചാരമർപ്പിച്ചു.
ഇടുക്കി ജില്ലയില്‍ തൊടുപുഴക്കടുത്തു അറക്കുളത്ത് കുപ്പോടയ്ക്കല്‍ കുടുംബാംഗമായ നോബി ജോസഫിന്റെ ഭാര്യയാണ് പരേതയായ ജയ. നാല്‍പ്പത്തിയേഴ് വയസ്സ് പ്രായമുണ്ട്. ഈരാറ്റുപേട്ടക്കടുത്തുള്ള കളത്തുക്കടവാണ് ജയയുടെ ജന്മദേശം. വലിയ മംഗലം കുടുംബാംഗമാണ്. 2003ലാണ് ജയയും കുടുംബവും യുകെയിലെത്തിയത്. പ്രസ്റ്റണിലെ റോയല്‍ പ്രസ്റ്റണ്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായി ജോലി നോക്കി വരികയായിരുന്നു. രണ്ട് മക്കളാണ് നോബി ജയ ദമ്പതികൾക്കുള്ളത്. മൂത്ത മകള്‍ നിമിഷ നോബി (16 വയസ്സ്) ലെങ്കാസ്റ്റര്‍ ഗേള്‍സ് ഗ്രാമര്‍ സ്‌ക്കൂളില്‍ ജി.സി.എസ്. ഇ വിദ്യാര്‍ത്ഥിനിയാണ്. നിമിഷയുടെ സഹോദരന്‍ നോയല്‍ നോബി (10 വയസ്സ് ) സെന്റ് ഗ്രിഗൊറിയോസ് കാത്തലിക് പ്രൈമറി സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
മൂന്നു വര്‍ഷമായി ജയ ക്യാന്‍സറിന്റെ പിടിയിലായിരുന്നുവെങ്കിലും അടുത്തകാലത്ത് രോഗം ഭേദമായിവന്ന അവസ്ഥയില്‍ എത്തിയിരുന്നു. അതിനു ശേഷം വീണ്ടും രോഗം മൂർഛിച്ചതിനെ തുടർന്ന്    സെന്റ്. കാതറിന്‍ ഹോസ് പൈസിന്റെ  പ്രതേക പരിചരണത്തില്‍ ആയിരുന്നു .
  യുകെയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിച്ച്,  ശനിയാഴ്ചയോടെ  അറക്കുളം സെന്റ് തോമസ്സ് ഓള്‍ഡ് ചര്‍ച്ചില്‍ ശവസംസ്‌കാര ചടങ്ങുകള്‍ നടത്താനാവുമെന്നാണ് കരുതുന്നത്.  പ്രെസ്റ്റണിലെ മലയാളി സമൂഹം ഒത്തൊരുമിച്ച് നിന്നു കൊണ്ട് ഇന്നലെ നടന്ന  ചടങ്ങുകൾ ഭംഗിയാക്കുകയും, ജയാ നോബിയോടുള്ള ആദരവ് പ്രകടിപ്പിക്കുകയും ചെയ്തത്  യുകെ മലയാളി സമൂഹത്തിന് മാതൃകയായ ഒരു പ്രവർത്തനമായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more