സൈനികര്‍ക്കുള്ള റേഷനില്‍ ഉദ്യോഗസ്ഥര്‍ തിരിമറി നടത്താറുണ്ടെന്ന് നാട്ടുകാര്‍


സൈനികര്‍ക്കുള്ള റേഷനില്‍ ഉദ്യോഗസ്ഥര്‍ തിരിമറി നടത്താറുണ്ടെന്ന് നാട്ടുകാര്‍

സൈനികര്‍ക്കായി നല്‍കുന്ന റേഷന്‍ മുതല്‍ ഫര്‍ണീച്ചര്‍ വരെയുള്ള വസ്തുക്കളില്‍ ഉദ്യോഗസ്ഥര്‍ തിരിമറി നടത്താറുണ്ടെന്ന് നാട്ടുകാരുടെ വെളിപ്പെടുത്തല്‍. അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികര്‍ക്കായി നല്‍കുന്ന എണ്ണയും മറ്റ് ഭക്ഷ്യവസ്തുക്കളും വിപണിയേക്കാള്‍ കുറഞ്ഞ വിലയില്‍ തങ്ങള്‍ക്ക് ലഭിക്കാറുണ്ടെന്നാണ് സൈനിക ക്യാമ്പിന് സമീപത്ത് താമസിക്കുന്നവര്‍ ഒരു ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തിയത്.

ശ്രീനഗറിലെ ഹുംഹാമ ബിഎസ്എഫ് ആസ്ഥാനത്തിന് സമീപത്തെ ചെറുകിട കച്ചവടക്കാരും ഇത് ശരിവെയ്ക്കുന്നു. പെട്രോള്‍,ഡീസല്‍, അരി, പച്ചക്കറി എന്നിവടയ്ക്കമുള്ള സാധനങ്ങളാണ് ഉന്നത ഉദ്യോഗസ്ഥര്‍ വഴി ലഭിക്കുന്നത്. ഇവ കുറഞ്ഞ വിലയ്ക്ക് എത്തിച്ച് നല്‍കുന്ന ഏജന്റുമാരുണ്ടെന്നും ഇവര്‍ പറയുന്നു.

ഓഫീസിലേക്കുള്ള ഫര്‍ണീച്ചറിനുള്ള ടെണ്ടറുകള്‍ ലഭിക്കാന്‍ ഉദ്യോഗസ്ഥര്‍ കമ്മീഷന്‍ വാങ്ങാറുണ്ടെന്നും കച്ചവടക്കാര്‍ ആരോപിക്കുന്നു. തങ്ങള്‍ക്ക് കിട്ടുന്നത് മോശം ഭക്ഷണമാണെന്നും പലപ്പോഴും ഭക്ഷണമില്ലാതെ കഴിയേണ്ടി വരുന്നതായും ആരോപിച്ച് ജമ്മുകശ്മീരില്‍ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ബിഎസ്എഫ് ജവാന്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ബിഎസ്എഫിന്റെ 29 ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ തേജ് ബഹദൂര്‍ യാദവ് തനിക്ക് കിട്ടിയ ഭക്ഷണത്തിന്റെ ദൃശ്യവും കാട്ടിയിരുന്നു. ജവാന്‍മാരോട് ക്രൂരതയും അനീതിയുമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള വീഡിയോ വൈറലായതോടെ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് തേടിയതായി ട്വിറ്ററില്‍ പ്രതികരിച്ചിരുന്നു.എന്നാല്‍ ജവാന്‍മാര്‍ക്കു നല്‍കുന്നത് നല്ല ഭക്ഷണമാണെന്നും പരാതിക്കാരനായ ജവാന്‍ സ്വഭാവദൂഷ്യമുള്ളയാളാണെന്നുമാണ് ബിഎസ്എഫ് സംഭവത്തോട് പ്രതികരിച്ചത്.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 559
Latest Updates