1 GBP = 103.12

തോറ്റ ജപ്പാനും ജയിച്ച കൊളംബിയയും പ്രീ ക്വാർട്ടറിൽ

തോറ്റ ജപ്പാനും ജയിച്ച കൊളംബിയയും പ്രീ ക്വാർട്ടറിൽ

മോസ്കോ: ഗ്രൂപ്പ് എച്ചിലെ ആദ്യഘട്ട മത്സരങ്ങൾ പൂർത്തിയായപ്പോൾ കൊളിംബയയും ജപ്പാനും പ്രീ ക്വാർട്ടറിൽ കടന്നു. സമാരയിൽ നടന്ന നിർണായക മത്സരത്തിൽ സെനഗലിനെ ഒരു ഗോളിന് പരാജയപ്പെടുത്തി ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് കൊളംബിയ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടിയത്. വോൾഗോഗ്രാഡിൽ നടന്ന രണ്ടാമത്തെ മത്സരത്തിൽ പോളണ്ടിനോട് ഒരു ഗോളിന് തോറ്റെങ്കിലും ജപ്പാനും പ്രീ ക്വാർട്ടറിലെത്തി.

തോറ്റെങ്കിലും ഫെയർപ്ലേയാണ് ജപ്പാന് തുണയായത്. പോയിന്റ് പട്ടികയിലും ഗോൾ കണക്കുകളിലുമെല്ലാം സെനഗലും ജപ്പാനും ഒപ്പത്തിനൊപ്പം നിന്നപ്പോൾ ഫെയർ പ്ലേ ആണ് ജപ്പാനെ രക്ഷിച്ചത്. ആറു മഞ്ഞക്കാർഡുകൾ ലഭിച്ചതാണ് സെനഗലിന് തിരിച്ചടിയായത്. ജപ്പാന് ആകെ ലഭിച്ചത് നാലു മഞ്ഞക്കാർഡുകളാണ്. ആദ്യമായാണ് ലോകകപ്പിൽ ഫെയർപ്ലേയുടെ ആനുകൂല്യത്തിൽ ഒരു ടീം പ്രീക്വാർട്ടറിലേക്ക് പ്രവേശിക്കുന്നത്.

പ്രീക്വാർട്ടറിലെത്താൻ കൊളംബിയയ്ക്ക് മത്സരം ജയിക്കണമായിരുന്നു. അതേസമയം ഒരു സമനില എങ്കിലും നേടിയാൽ സെനഗലിന് നോക്കൗട്ടിലെത്താമായിരുന്നു. ആദ്യപകുതി സമനിലയിൽ അവസാനിച്ചെങ്കിലും രണ്ടാം പകുതിയുടെ 74ാം മിനുറ്റിൽ കൊളംബിയ ആദ്യ ഗോൾ നേടി. യേറി മിന ആണ് സെനഗലിന്റെ വല കുലുക്കിയത്.

മത്സരത്തിന്റെ പതിനെട്ടാം മിനിറ്റിൽ സെനഗൽ താരം സാദിയോ മാനെയെ വീഴ്ത്തിയതിന് കൊളംബിയക്കെതിരെ റഫറി പെനാൽറ്റി വിധിച്ചെങ്കിലും ‘വാർ’ കൊളംബിയയുടെ രക്ഷക്കെത്തി. കളത്തിലുണ്ടായിരുന്നിട്ടും പ്രത്യേകിച്ചൊന്നും ചെയ്യാനാകാതെ നിന്ന കൊളംബിയൻ സൂപ്പർ താരം ജെയിംസ് റൊഡ്രീഗസ് മുപ്പതാം മിനുറ്റിൽ പരിക്കിനെത്തുടർന്ന് കളം വിട്ടത് അവർക്ക് കനത്ത തിരിച്ചടിയായി.

സെനഗലിന്റെ വേഗതയാർന്ന മുന്നേറ്റങ്ങളിൽ കൊളംബിയ ആദ്യ പകുതിയിൽ പതറിയപ്പോൾ റഡമൽ ഫൽക്കാവോയുടെ ചില മുന്നേറ്റങ്ങളാണ് കൊളംബിയയ്ക്ക് ഓർക്കാനുള്ളത്. പ്രീക്വാർട്ടറിലെത്താൻ ജയം കൂടിയേ തീരൂ എന്ന അവസ്ഥയിലായിരുന്നിട്ടും സെനഗലിനെതിരെയുള്ള ആദ്യ പകുതിയിൽ കൊളംബിയ പുറത്തെടുത്ത പ്രകടനം ആരാധകരെ നിരാശരാക്കി.

ജപ്പാനെതിരെ 59ാം മിനിറ്റിലാണ് പോളണ്ടിന് വേണ്ടി ബെഡ്നാർക്ക് വിജയഗോൾ നേടിയത്. ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റ പോളണ്ട് നേരത്തെ പുറത്തായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more