1 GBP = 103.87

മിനി കൂപ്പറിലും ഭൂമി കൈയേറ്റത്തിലും തട്ടിത്തടഞ്ഞു കൊടിയേരിയുടെ ജനജാഗ്രതാ യാത്ര; പ്രതിരോധിക്കാനാവാതെ സി പി എം നേതൃത്വം

മിനി കൂപ്പറിലും ഭൂമി കൈയേറ്റത്തിലും  തട്ടിത്തടഞ്ഞു കൊടിയേരിയുടെ ജനജാഗ്രതാ യാത്ര; പ്രതിരോധിക്കാനാവാതെ സി പി എം നേതൃത്വം

തിരുവനന്തപുരം: ഇടതുമുന്നണി തുടങ്ങിയ ജനജാഗ്രതായാത്രയ്ക്ക് കൊടുവള്ളിയിലെ കാർയാത്രാ വിവാദവും ഭൂമികൈയേറ്റ വിഷയത്തിൽ മന്ത്രി തോമസ് ചാണ്ടിക്കെതിരായ ജില്ലാ കളക്ടറുടെ റിപ്പോർട്ടും മങ്ങലേൽപ്പിക്കുകയാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ കാസർകോട്ട് നിന്നാരംഭിച്ച ജനജാഗ്രതായാത്ര കോഴിക്കോട്ടെത്തിയപ്പോൾ ഉണ്ടായ വിവാദത്തിൽ പ്രതിരോധം ചമയ്ക്കാൻ മുന്നണി നേതൃത്വവും സി.പി.എമ്മും പാടുപെടുന്നു. സോളാർ റിപ്പോർട്ടിൽ കുരുക്കിലായ പ്രതിപക്ഷത്തിന് സി.പി.എമ്മിനെ അടിക്കാൻ കിട്ടിയ ശക്തമായ രാഷ്ട്രീയായുധമാവുകയാണ് കൊടുവള്ളിയിലെ വിവാദ കാർയാത്ര.

നഗരസഭാ കൗൺസിലറായ കാരാട്ട് ഫൈസലിന്റെ 44 ലക്ഷം രൂപ വിലയുള്ള മിനി കൂപ്പർ കാർ കൊടുവള്ളിയിലെ സ്വീകരണകേന്ദ്രത്തിൽ സി.പി.എം പ്രാദേശിക നേതൃത്വം കോടിയേരിക്ക് വേണ്ടി ഒരുക്കിക്കൊടുത്തതാണ് യാത്രയുടെ തന്നെ തലവിധി മാറ്റിക്കുറിക്കുന്ന വിവാദത്തിന് തിരികൊളുത്തിയത്. സംഭവം പാർട്ടി അന്വേഷിക്കുമെന്ന് പ്രഖ്യാപിച്ച് കോടിയേരി ബാലകൃഷ്ണൻ തന്നെ വിവാദത്തിന് തടയിടാൻ ശ്രമിച്ചെങ്കിലും കോൺഗ്രസ്, ലീഗ്, ബി.ജെ.പി നേതാക്കൾ ശക്തമായ ആരോപണമുയർത്തി രംഗത്ത് വന്നത് സി.പി.എമ്മിനെയും ഇടത് നേതൃത്വത്തെയും വെട്ടിലാക്കുകയാണ്. വിവാദങ്ങളെ മറികടന്ന് സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുകയെന്ന രാഷ്ട്രീയലക്ഷ്യവുമായി തുടങ്ങിയതാണ് ജനജാഗ്രതായാത്ര. എന്നാൽ വിവാദങ്ങൾ യാത്രയെയും വിഴുങ്ങുന്നതാണ് കാണുന്നത്.

യാത്ര ആരംഭിച്ച ഘട്ടത്തിലാണ് ആലപ്പുഴയിലെ ഭൂമികൈയേറ്റ വിഷയത്തിൽ മന്ത്രി തോമസ് ചാണ്ടിക്കെതിരായ ജില്ലാ കളക്ടറുടെ റിപ്പോർട്ട് പുറത്ത് വരുന്നത്. മന്ത്രിക്കെതിരായ കൈയേറ്റ ആരോപണം സ്ഥിരീകരിക്കുന്ന റിപ്പോർട്ടിന് പിന്നാലെ മന്ത്രി ചാണ്ടിയുടെ രാജിയാവശ്യമുയർത്തി പ്രതിപക്ഷം രംഗത്ത് വന്നു. തെക്കൻ, വടക്കൻ മേഖലാ ജാഥകൾക്കിടെ, വാർത്താസമ്മേളനങ്ങളിലുടനീളം വാർത്ത സൃഷ്ടിച്ചത് ഈ വിഷയത്തിലെ കോടിയേരിയുടെയും കാനം രാജേന്ദ്രന്റെയും മറുപടികളാണെങ്കിൽ ഇന്നലെ വിവാദം കാർയാത്രയിലേക്ക് വഴിമാറി.

ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ ഇട്ട ഫേസ് ബുക്ക് പോസ്റ്റാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. കാരാട്ട് ഫൈസലിന്റെ ഉടമസ്ഥതയിലുള്ള കാർ കോടിയേരി യാത്രയ്ക്ക് ഉപയോഗിച്ചെന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം. താൻ സ്വർണക്കടത്ത് കേസിൽ പ്രതിയല്ലെന്ന വിശദീകരണവുമായി കാരാട്ട് ഫൈസൽ രംഗത്തെത്തി. സുരേന്ദ്രന്റെ ആരോപണം ശരിവച്ച് ലീഗ് നേതാക്കളും രംഗത്ത് വന്നതോടെ വിവാദം കൊഴുത്തു. വാഹനം സി.പി.എം പ്രാദേശിക നേതൃത്വം ഏർപ്പാട് ചെയ്തതാണെന്നും ആരോപണവിധേയന്റേതെന്ന് തനിക്കറിയില്ലെന്നും വ്യക്തമാക്കിയ കോടിയേരി, പാർട്ടി ഇതേക്കുറിച്ചന്വേഷിക്കുമെന്നും വ്യക്തമാക്കി.

സി.പി.എം ലോക്കൽ സമ്മേളനങ്ങൾ നടക്കുകയാണിപ്പോൾ. സമ്മേളനകാലത്ത് വന്നുപെട്ട കാർ വിവാദം വടക്കൻ ജില്ലകളിലെങ്കിലും പാർട്ടി സമ്മേളനങ്ങളിൽ ചൂടേറിയ ചർച്ചയ്ക്ക് വഴിയൊരുക്കിയേക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more