1 GBP = 104.19

ഐസിസിൽ ചേരാൻ സിറിയയിലേക്ക് തിരിച്ച മൂന്ന് യുവാക്കളെ തുർക്കി സൈന്യം പിടികൂടി തിരിച്ചയച്ചു

ഐസിസിൽ ചേരാൻ സിറിയയിലേക്ക് തിരിച്ച മൂന്ന് യുവാക്കളെ തുർക്കി സൈന്യം പിടികൂടി തിരിച്ചയച്ചു

കണ്ണൂർ: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ (ഐസിസ്) ചേരാൻ സിറിയയിലേക്ക് തിരിച്ച മൂന്ന് മലയാളി യുവാക്കളെ തുർക്കി സൈന്യം പിടികൂടി ഇന്ത്യയിലേക്ക് തിരിച്ചയച്ചു. ചക്കരക്കല്ല് മുണ്ടേരി ബൈത്തുൽ ഫർസാനയിലെ കെ.സി. മിഥിലാജ് (26), ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പിൽ ഹൗസിലെ കെ.വി. അബ്ദുൾ റസാഖ് (24), ചക്കരക്കല്ല് പടന്നോട്ട് മൊട്ട എം.വി. ഹൗസിൽ എം.വി. റാഷിദ് (23) എന്നിവരെയാണ് തിരിച്ചയച്ചത്. നേരത്തേ തുർക്കിയിൽ നിന്നു തിരിച്ചയച്ച ശേഷം ഡൽഹി വിമാനത്താവളത്തിൽ പിടിയിലായ കണ്ണൂർ സ്വദേശി ഷാജഹാന്റെ സുഹൃത്തുക്കളാണിവർ. ഇവരുടെ അറസ്റ്റ് കണ്ണൂർ പൊലീസ് രേഖപ്പെടുത്തി.
സംഘത്തിലെ രണ്ടുപേരെ കണ്ണൂർ പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കണ്ണൂർ ഡിവൈ.എസ്.പി പി.പി. സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ ചോദ്യംചെയ്യുകയാണ്. ഭീകരസംഘടനകളുമായി ബന്ധം പുലർത്തിയതിനും ദേശവിരുദ്ധ പ്രവർത്തനത്തിനും യു.എ.പി.എ 38, 39 വകുപ്പുകൾ ചുമത്തിയാണ് കേസ്.

നേരത്തേ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടായിരുന്ന ഇവർ ജിഹാദി പരിശീലനത്തിനായാണ് സിറിയയിൽ പോകാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. നാലു മാസം മുമ്പ് സിറിയയിലേക്കുള്ള യാത്രയ്ക്കിടെ മതിയായ രേഖകളില്ലെന്നു കണ്ടെത്തി തുർക്കി സൈന്യം പിടികൂടി ഇവരെ ഡൽഹിയിലേക്ക് തിരിച്ചയയ്ക്കുകയായിരുന്നു.

ബിരിയാണി ഹംസ എന്നറിയപ്പെടുന്ന തലശേരി സ്വദേശിയാണ് ഇവരെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്തതെന്നാണ് വിവരം. 2016 ഏപ്രിൽ, മേയ് മാസങ്ങളിലാണ് കണ്ണൂരിൽ നിന്നുള്ള അഞ്ചു പേർ സിറിയയിലേക്ക് തിരിച്ചത്. ഇപ്പോൾ പിടിയിലായ മൂന്നു പേരുൾപ്പെടെ സന്ദർശകവിസയിൽ മലേഷ്യ, ദുബായ് എന്നിവിടങ്ങളിലേക്ക് എത്തുകയായിരുന്നു. അവിടെ നിന്നു ഇറാൻ, ഇസ്താംബുൾ വഴി സിറിയയിലേക്ക് കടക്കാനായിരുന്നു അബ്ദുൾ റസാഖിന്റെ പദ്ധതി. മിഥിലാജും റാഷിദും ഷാർജ വഴിയാണ് തുർക്കിയിലെത്തിയത്.

കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്ന് നിരവധി പേർ ഐസിസിൽ ചേർന്നതായാണ് പൊലീസിന് ലഭിച്ച സൂചന. ഐസിസ് താവളത്തിലെത്തിയവരിൽ കൂടുതൽ പേരും വളപട്ടണം, ചക്കരക്കല്ല് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നുള്ളവരാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more