1 GBP = 104.06

ഇന്‍ഫാം കര്‍ഷകദിനാചരണം, കര്‍ഷകനേതൃസമ്മേളനം സംസ്ഥാനത്തുടനീളം വിപുലമായ ഒരുക്കങ്ങള്‍

ഇന്‍ഫാം കര്‍ഷകദിനാചരണം, കര്‍ഷകനേതൃസമ്മേളനം സംസ്ഥാനത്തുടനീളം വിപുലമായ ഒരുക്കങ്ങള്‍

കൊച്ചി: ഇന്ത്യന്‍ ഫാര്‍മേഴ്‌സ് മൂവ്‌മെന്റിന്റെ (ഇന്‍ഫാം) നേതൃത്വത്തില്‍ ജനുവരി 15 കര്‍ഷകദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം വിപുലമായ ഒരുക്കങ്ങള്‍. ഇതിനു മുന്നോടിയായി ജനുവരി 14ന് കര്‍ഷകനേതൃസമ്മേളനം മൂവാറ്റുപുഴ വാഴക്കുളത്ത് ചേരും. സംസ്ഥാന ഡയറക്ടര്‍ ഫാ.ജോസ് മോനിപ്പള്ളിയുടെ അധ്യക്ഷതയില്‍ ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്‌ററ്യന്‍ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യും. അന്താരാഷ്ട്ര കരാറുകളും കാര്‍ഷിക വെല്ലുവിളികളും, ഇന്‍ഫാം കര്‍മ്മപരിപാടികളും, കാര്‍ഷിക രാഷ്ട്രീയ നിലപാടുകളുമാണ് നേതൃസമ്മേളനത്തിന്റെ മുഖ്യചര്‍ച്ചാവിഷയം. ഇന്‍ഫാം സംസ്ഥാന കണ്‍വീനര്‍ ജോസ് എടപ്പാട്ട് കരട് പ്രമേയം അവതരിപ്പിക്കും. ദേശീയ വൈസ്‌ചെയര്‍മാന്‍ കെ.മൈതീന്‍ ഹാജി, ദേശീയ ട്രസ്‌ററി ഡോ.എം.സി.ജോര്‍ജ്, ദേശീയ ട്രഷറര്‍ ജോയി തെങ്ങുംകുടി എന്നിവര്‍ സംസാരിക്കും.

ജനുവരി 15ന് മലബാര്‍, ഇടനാട്, തീരദേശങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന കര്‍ഷകദിനാചരണത്തിന് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ.ജോസഫ് ഒറ്റപ്‌ളാക്കല്‍, ദേശീയ പ്രസിഡന്റ് പി.സി.സിറിയക്, ദേശീയ ജനറല്‍ സെക്രട്ടറി ഫാ.ആന്റണി കൊഴുവനാല്‍ എന്നിവര്‍ നേതൃത്വം നല്‍കും. കര്‍ഷകറാലി, പൊതുസമ്മേളനം, കര്‍ഷകരെ ആദരിക്കല്‍, മികച്ചകര്‍ഷകര്‍ക്കും സ്‌കൂളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള അവാര്‍ഡുകള്‍, സമഗ്ര കാര്‍ഷിക വികസന ബോധവല്‍ക്കരണം, രാജ്യാന്തര കരാറുകളെയും കാര്‍ഷിക വെല്ലുവിളികളെയും കുറിച്ചുള്ള സെമിനാര്‍ എന്നിവയാണ് പ്രധാന കര്‍ഷകദിന പരിപാടികള്‍.

ഇന്‍ഫാം സംസ്ഥാനതല കര്‍ഷകദിനാചരണം മൂവാറ്റുപുഴ വാഴക്കുളത്ത് ജനുവരി 15 ഉച്ചകഴിഞ്ഞ് 3ന് വന്‍ കര്‍ഷകറാലിയോടെ തുടക്കമാകും. തുടര്‍ന്ന് ഇന്‍ഫാം രക്ഷാധികാരിയും കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പുമായ മാര്‍ മാത്യു അറയ്ക്കലിന്റെ അധ്യക്ഷതയില്‍ സംസ്ഥാന കൃഷിവകുപ്പ് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. എല്‍ദോ എബ്രാഹം എംഎല്‍എ, പൈനാപ്പിള്‍ കമ്പനിയുടെയും ഇ.ഇ.സി.മാര്‍ക്കറ്റിന്റെയും മുന്‍ ഡയറക്ടറും സംസ്ഥാന വിജിലന്റ്‌സ് ഡയറക്ടറുമായ ഡോ.ജേക്കബ് തോമസ് ഐപിഎസ്, മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് പെരുമ്പള്ളിക്കുന്നേല്‍ എന്നിവര്‍ ആശംസകള്‍ നേരും. ഇന്‍ഫാം ദേശീയ സംസ്ഥാന ഭാരവാഹികള്‍ സംസാരിക്കും. ഇന്‍ഫാം കാര്‍ഷികപദ്ധതികളും കര്‍ഷകനിലപാടുകളും സമ്മേളനത്തില്‍ പ്രഖ്യാപിക്കും.

ജനസേവ ശിശുഭവന്‍ രക്ഷാധികാരി ജോസ് മാവേലിയെ ചടങ്ങില്‍ പ്രത്യേകമായി ആദരിക്കും. ഇന്‍ഫാം സംസ്ഥാന തലത്തില്‍ തെരഞ്ഞെടുത്ത മികച്ച പച്ചക്കറികൃഷി ചെയ്ത സ്‌കൂളുകള്‍ക്കും അദ്ധ്യാപകര്‍ക്കും ചടങ്ങില്‍ പ്രത്യേക പുരസ്‌കാരങ്ങള്‍ നല്‍കും. വീടുകളില്‍ സ്വന്തമായി പച്ചക്കറിത്തോട്ടം വളര്‍ത്തുന്ന സംസ്ഥാനതലത്തിലെ മികച്ച മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കും.

സംസ്ഥാന ഡയറക്ടര്‍ ഫാ.ജോസ് മോനിപ്പള്ളി, സംസ്ഥാന കണ്‍വീനര്‍ ജോസ് എടപ്പാട്ട് എന്നിവരുടെ നേതൃത്വത്തില്‍ 151 അംഗങ്ങളുള്ള സംസ്ഥാനതല കര്‍ഷകദിനാചരണ സ്വാഗതസംഘത്തിനും രൂപം നല്‍കിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more