1 GBP = 103.87

സംഭരണവും അടിസ്ഥാനവിലയുമില്ലാതെ റബര്‍ പ്രതിസന്ധി പരിഹരിക്കപ്പെടില്ല: ഇന്‍ഫാം

സംഭരണവും അടിസ്ഥാനവിലയുമില്ലാതെ റബര്‍ പ്രതിസന്ധി പരിഹരിക്കപ്പെടില്ല: ഇന്‍ഫാം

ഫാ. ആന്റണി കൊഴുവനാല്‍

കൊച്ചി: പ്രമുഖ റബര്‍ ഉല്‍പ്പാദക രാജ്യങ്ങളിലേതു പോലെ ഉല്‍പ്പാദന ചിലവ് കണക്കാക്കി റബ്ബറിന് അടിസ്ഥാന വില നിശ്ചയിക്കുവാനും സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ കര്‍ഷകരില്‍ നിന്ന് നേരിട്ട് റബര്‍ സംഭരിക്കുവാനും നടപടികളില്ലാതെ റബര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കപ്പെടുകയില്ലെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. രാജ്യാന്തര വിലപോലും കര്‍ഷകന് ലഭിക്കാതെ ആഭ്യന്തര വിപണിയെ അട്ടിമറിക്കുന്നതില്‍ റബര്‍ ബോര്‍ഡിനും പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ബോര്‍ഡ് ദിവസവും പ്രഖ്യാപിക്കുന്ന വിപണിവിലയുടെ മാനദണ്ഡം സംശയാസ്പദമാണ്.

1998 സെപ്തംബറില്‍ സര്‍ക്കാര്‍ സ്ഥാപനമായ സ്റ്റേറ്റ് ട്രേഡിംഗ് കോര്‍പ്പറേഷന്‍ റബര്‍ സംഭരിക്കുകയും തുടര്‍ന്ന് ഇറക്കുമതിയില്‍ തുറമുഖനിയന്ത്രണം ഏര്‍പ്പെടുത്തി 2003ല്‍ വിലസ്ഥിരത ഉറപ്പാക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. 2000ത്തിലുണ്ടായ റബര്‍ പ്രതിസന്ധിക്ക് സമാനമായ പ്രതിസന്ധിയാണ് കഴിഞ്ഞ നാല് വര്‍ഷത്തോളമായി റബര്‍ മേഖലയും കര്‍ഷകരും നേരിടുന്നത്. കേന്ദ്ര സര്‍ക്കാരും റബര്‍ ബോര്‍ഡും വിലത്തകര്‍ച്ചയില്‍ മുഖംതിരിഞ്ഞു നില്‍ക്കുന്ന കര്‍ഷകവിരുദ്ധ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.

കാര്‍ഷികപ്രതിസന്ധി അതിരൂക്ഷമെന്ന് കേന്ദ്രധനമന്ത്രി കുറ്റസമ്മതം നടത്തുമ്പോളും ബദല്‍ സംവിധാനത്തിന് തയ്യാറാകാതെ അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യയിലെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പ്രധാനമന്ത്രി നിരന്തരം പ്രഖ്യാപിക്കുന്നത് വിരോധാഭാസമാണ്. റബര്‍ നയം വന്നതുകൊണ്ട് വിലത്തകര്‍ച്ചയ്ക്ക് പരിഹാരമാകില്ല. കരട് നയത്തില്‍ കര്‍ഷകരെ സംരക്ഷിക്കാനുള്ള നിര്‍ദ്ദേശങ്ങളൊന്നുമില്ലാത്തപ്പോള്‍ വരാന്‍ പോകുന്ന റബര്‍ നയത്തിന്റെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു.

ആസിയാന്‍ കരാറിന്റെ തുടര്‍ച്ചയായി 2019 ഡിസംബര്‍ 31 നു മുമ്പായി കേരളത്തിന്റെ കാര്‍ഷിക സമ്പദ്ഘടന നിശ്ചയിക്കുന്ന റബര്‍, കുരുമുളക്, ഏലം, കാപ്പി, തേയില തുടങ്ങിയ പ്രധാന കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം പരിപൂര്‍ണ്ണമായി എടുത്തു കളയുവാനുള്ള നീക്കം സജീവമാണ്. ഇതോടെ അനിയന്ത്രിതമായ രാജ്യാന്തര ഇറക്കുമതിക്ക് ആക്കം കൂടും. ഇത് കേരളത്തിന്റെ കാര്‍ഷിക മേഖലയ്ക്ക് വലിയ ആഘാതം ഉണ്ടാക്കും. ഇതിനെതിരെ സംസ്ഥാന സര്‍ക്കാരും കാര്‍ഷിക സംസ്‌കാരവും കര്‍ഷക ആഭിമുഖ്യവുമുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കര്‍ഷകപ്രസ്ഥാനങ്ങളും രാഷ്ട്രീയത്തിനതീതമായി സംഘടിച്ച് സംയുക്ത കര്‍ഷക പ്രക്ഷോഭത്തിന് മുന്നോട്ടുവരണമെന്ന് വി.സി.സെബാസ്‌ററ്യന്‍ അഭ്യര്‍ത്ഥിച്ചു

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more