1 GBP = 103.81

കോട്ടയത്തെ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയുടെ മകന്റെ ജഡം റെയില്‍വേ ട്രാക്കില്‍

കോട്ടയത്തെ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയുടെ മകന്റെ ജഡം റെയില്‍വേ ട്രാക്കില്‍

കോട്ടയം: തിരുനക്കരയിലെ പ്രമുഖ ഓഡിറ്റോറിയമായ ഇന്ദ്രപ്രസ്ഥത്തിന്റെ ഉടമയുടെ മകന്റെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. തിരുവാതുക്കല്‍ ശ്രീവത്സം വീട്ടില്‍ വിജയകുമാറിന്റെ മകന്‍ ഗൗതമിന്റെ (28) മൃതദേഹമാണ് ഇന്ന് രാവിലെ ആറു മണിയോടെ കാരിത്താസ് റെയില്‍വേ ഗേറ്റിനു സമീപം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. ഗേറ്റിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഗൗതമിന്റെ കാറും കണ്ടെത്തി. ഗൗതമിന്റെ ഈ കാറിനുള്ളില്‍ രക്തം തളംകെട്ടിക്കിടപ്പുണ്ട്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മകനെ കാണാനില്ലെന്ന് കാണിച്ച് ഗൗതമിന്റെ പിതാവ് വിജയകുമാര്‍ ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ കോട്ടയം വെസ്റ്റ് പൊലീസ് സ്‌റ്റേഷനില്‍ എത്തി സി.ഐ നിര്‍മ്മല്‍ ബോസിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് ഇയാള്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രി പത്തരയോടെ വീട്ടുകാരുമായി ഗൗതം വഴക്കുണ്ടാക്കിയെന്നും തുടര്‍ന്ന് കാറില്‍ പുറത്തുപോയി എന്നുമാണ് പറയപ്പെടുന്നത്. അവിവാഹിതനാണ് ഗൗതം. മകന്‍ തിരിച്ചുവരുന്നതും കാത്ത് ഏറെനേരം കാത്തിരുന്നെങ്കിലും രണ്ടുമണിയായിട്ടും എത്താതിരുന്നതിനെ തുടര്‍ന്നാണ് പിതാവ് പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയത്. കാറില്‍ ഇരുന്നു കൊണ്ടുതന്നെ ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചതായാണ് സൂചന. കഴുത്തില്‍ ‘ഹെസിറ്റേഷന്‍ വൂണ്ട് ‘ ഉണ്ട്. ഈ മുറിവില്‍ നിന്നുള്ള രക്തമാണ് കാറില്‍ കാണപ്പെട്ടതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ഈ മുറിവ് മാരകമല്ല. ആത്മഹത്യാശ്രമം പരാജയപ്പെട്ടതിനാല്‍ ട്രെയിനിനു മുമ്പില്‍ ചാടിയതാകാമെന്നാണ് സംശയം.

ജില്ലാ പൊലീസ് മേധാവി എന്‍. രാമചന്ദ്രന്‍ പുലര്‍ച്ചെതന്നെ സ്ഥലത്തെത്തി. തെളിവുകളൊന്നും നഷ്ടമാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. മൃതദേഹം കിടന്നിരുന്ന ഭാഗത്തും കാര്‍ കിടക്കുന്ന ഭാഗത്തും ആരും കടക്കാതിരിക്കാന്‍ വേലിയും പൊലീസ് നിര്‍മ്മിച്ച് വേര്‍തിരിച്ചു. വെളുപ്പിന് പോയ ട്രെയിനുകളുടെ വിവരങ്ങളും ലോക്കോ പൈലറ്റുമാരെയും കുറിച്ച് കോട്ടയം റെയില്‍വേ പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. വെളുപ്പിന് വന്ന ട്രെയിനുകളിലെ ലോക്കോ പൈലറ്റുമാര്‍ ട്രാക്കില്‍ ആരെങ്കിലും നില്‍ക്കുന്നതായോ മറ്റോ കണ്ടിരുന്നോയെന്നാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ കൂടുതലായി എന്തെങ്കിലും പറയാന്‍ സാധിക്കുകയുള്ളുവെന്ന് ഡിവൈ.എസ്.പി സഖറിയ മാത്യു പറഞ്ഞു. ഏറ്റുമാനൂര്‍ സി.ഐ സി.ജെ.മാര്‍ട്ടിന്‍, എസ്.ഐ കെ.ആര്‍.പ്രകാശ് എന്നിവര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് തയാറാക്കിയശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more