1 GBP = 103.87

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ ഓസ്‌ട്രേലിയക്ക് ആശ്വാസ ജയം

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ ഓസ്‌ട്രേലിയക്ക് ആശ്വാസ ജയം

ബംഗളൂരു: ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഓസ്‌ട്രേലിയക്ക് 21 റണ്‍സിന്റെ ആശ്വാസജയം. ഓസീസ് ഉയര്‍ത്തിയ 335 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 313 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു. മികച്ച ബാറ്റിംഗിലൂടെ ഒരു ഘട്ടത്തില്‍ ഇന്ത്യ വിജയപ്രതീക്ഷ നല്‍കിയിരുന്നെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍ ആണ് ഇന്ത്യയെ തകര്‍ത്തത്.

ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശര്‍മ്മ (65), അജിന്‍ക്യ രഹാനെ (53), കേദാര്‍ ജാദവ് (67) എന്നിവര്‍ അര്‍ദ്ധസെഞ്ച്വറി നേടി. നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് ഡേവിഡ് വാര്‍ണറുടെ സെഞ്ച്വറിക്കരുത്തില്‍ നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സ് അടിച്ചുകൂട്ടി. ഓപ്പണിംഗ് വിക്കറ്റില്‍ തന്നെ 231 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറുമാണ് ആസ്‌ട്രേലിയന്‍ റണ്‍ ഒഴുക്കിന് വേഗത കൂട്ടിയത് . 119 പന്തില്‍ 12 ഫോറും നാല് സിക്‌സുമടക്കം 124 റണ്‍സ് അടിച്ചുകൂട്ടിയ വാര്‍ണറെ കേദര്‍ ജാദവ് പുറത്താക്കിയതോടെയാണ് ആ കൂട്ടുകെട്ട് പൊളിഞ്ഞത്. സെഞ്ച്വറിക്ക് ആറ് റണ്‍സ് മാത്രം അകലെ നിന്ന ആരോണ്‍ ഫിഞ്ചിനെ ഉമേഷ് യാദവ് കുടുക്കുകയായിരുന്നു. എന്നാല്‍ പിന്നീട് വന്നവരൊന്നും കാര്യമായി ചെയ്യാതിരുന്നതോടെ സ്‌കോറിംഗിന്റെ വേഗത കുറഞ്ഞു. ഇന്ത്യയ്ക്ക് വേണ്ടി ഉമേഷ് യാദവ് നാല് വിക്കറ്റ് നേടിയപ്പോള്‍ ഒരു വിക്കറ്റ് കേദാര്‍ ജാദവ് സ്വന്തമാക്കി.

അഞ്ച് മത്സരങ്ങള്‍ അടങ്ങിയ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ വിജയിച്ച് ഇന്ത്യ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. ഈ പരമ്പരയ്ക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരെ ആഷസ് പരമ്പരയ്ക്ക് ഇറങ്ങുന്ന ഓസീസിന് ഇനിയുള്ള മത്സരങ്ങളില്‍ വിജയം അനിവാര്യമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more