പുതുതായി യുകെയിലേക്ക് കുടിയേറുന്നവര്‍ക്ക് നിര്‍ബന്ധിത ഇംഗ്ലീഷ് ക്ലാസ് വേണമെന്ന് സര്‍വ്വകക്ഷി സംഘം, ലക്ഷ്യം സാമൂഹിക ഉദ്ഗ്രഥനം


പുതുതായി യുകെയിലേക്ക് കുടിയേറുന്നവര്‍ക്ക് നിര്‍ബന്ധിത ഇംഗ്ലീഷ് ക്ലാസ് വേണമെന്ന് സര്‍വ്വകക്ഷി സംഘം, ലക്ഷ്യം സാമൂഹിക ഉദ്ഗ്രഥനം

പുതുതായി യുകെയിലേക്ക് കുടിയേറുന്നവര്‍ നിര്‍ബന്ധിത ഇംഗ്ലീഷ് ക്ലാസില്‍ പങ്കെടുക്കണമെന്ന് സര്‍വ്വകക്ഷി സംഘത്തിന്റെ റിപ്പോര്‍ട്ട്. പുതുതായി കുടിയേറുന്നവരെ യുകെ സമൂഹവുമായി ഇഴുകി ചേരാന്‍ സഹായിക്കുന്നതിന് ഇത് സഹായിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലെ കേന്ദ്രീകൃത ഇമിഗ്രേഷന്‍ സംവിധാനത്തിന് പകരം കുടിയേറ്റ അധികാരങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൂടി വീതിച്ച് നല്‍കാന്‍ ഗവണ്‍മെന്റ് തയ്യാറാകണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

ബ്രിട്ടന്‍ കൂടുതല്‍ വൈവിധ്യവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അത് ബ്രിട്ടനെ കൂടുതല്‍ വിഭജനത്തിലേക്ക് നയിക്കുമെന്നും കഴിഞ്ഞമാസം ലൂസി കേസി നല്‍കിയ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കുടിയേറ്റക്കാര്‍ കൂടുതല്‍ യുകെയുടെ സംസ്‌കാരവുമായി ഇഴുകിച്ചേരേണ്ടതിന്റെ ആവശ്യകതയും കേസിയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ലമെന്റിലെ സര്‍വ്വകക്ഷി സംഘം ബ്രിട്ടനിലേക്ക് കുടിയേറുന്നവര്‍ കൂടുതല്‍ സാമൂഹിക ഉദ്ഗ്രഥനം നടത്തേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇതിനായി ഇംഗ്ലീഷ് സംസാരിക്കേണ്ടത് ഏറെ ആവശ്യമാണ് എന്നും ഇതിലൂടെ മാത്രമേ സമൂഹത്തിലേക്കും സമ്പദ് വ്യവസ്ഥയിലേക്കും പൂര്‍ണ്ണമായി സഹകരിക്കാന്‍ സാധിക്കുകയുള്ളൂ എന്നും ചൂണ്ടിക്കാട്ടുന്നു.

ഇംഗ്ലണ്ടിലേക്ക് വരുന്നതിന് മുന്‍പ് ഇംഗ്ലീഷ് പഠിക്കുകയോ അല്ലെങ്കില്‍ യുകെയിലെത്തിയ ശേഷം ഇംഗ്ലീഷ് ഫോര്‍ സ്പീക്കേഴ്‌സ് ഓഫ് അദര്‍ ലാംഗ്വേജസ് കോഴ്‌സിന് നിര്‍ബന്ധമായി ചേരുകയോ വേണമന്ന് ഓള്‍പാര്‍ട്ടി ഗ്രൂപ്പ് നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ കുടിയേറ്റ പ്രവാഹമുള്ള പ്രദേശങ്ങള്‍ക്കായി പ്രത്യേക നയങ്ങള്‍ രൂപീകരിക്കണമെന്നും സര്‍വ്വകക്ഷി സംഘം ആവശ്യപ്പെടുന്നു.

ഇതിന് ഉദാഹരണമായി കാനഡയിലെ പ്രാദേശിക അതോറിറ്റികള്‍ക്ക് കുടിയേറ്റവിഷയത്തിലുള്ള അധികാരത്തെ കുറിച്ചും സംഘം ചൂണ്ടിക്കാട്ടി.കുടിയേറ്റക്കാര്‍ക്ക് യുകെ സംസ്‌കാരവുമായി ഇടപഴകാനുള്ള അവസരം ഒരുക്കേണ്ടത് ഗവണ്‍മെന്റിന്റെ ചുമതലയാണ് എന്ന് സര്‍വ്വകക്ഷി സംഘത്തിന്റെ ചെയര്‍മാനായ ലേബര്‍ എംപി ചുക ഉംമ്‌ന ചൂണ്ടിക്കാട്ടി. ഇതിന് സാധിക്കാത്ത പക്ഷം തീവ്രവാദികളും മറ്റും ഈ സാഹചര്യത്തെ ദുരുപയോഗം ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 559
Latest Updates