1 GBP = 103.87

ഇന്ത്യൻ ഉദ്യോഗസ്ഥരെ തേൻകെണിയിൽ കുടുക്കാനുള്ള പാക് ശ്രമം വിഫലമാക്കി

ഇന്ത്യൻ ഉദ്യോഗസ്ഥരെ തേൻകെണിയിൽ കുടുക്കാനുള്ള പാക് ശ്രമം വിഫലമാക്കി

ന്യൂഡൽഹി: അതീവരഹസ്യ സ്വഭാവമുള്ള വിവരങ്ങൾ ചോർത്തുന്നതിനായി ഇന്ത്യൻ ഹൈക്കമ്മിഷനിലെ മൂന്ന് ഉദ്യോഗസ്ഥരെ തേൻകെണി (ഹണി ട്രാപ്പ്)യിൽ കുടുക്കാനുള്ള പാകിസ്ഥാന്റെ ചാരസംഘടനയായ ഐ.എസ്.ഐയുടെ ശ്രമം വിഫലമാക്കി. ഐ.എസ്.ഐയുടെ ശ്രമത്തെ കുറിച്ച് ഇന്ത്യയെ വിവരം അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ചിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം നടന്നുവരികയാണ്. അതേസമയം, ഉദ്യോഗസ്ഥർ തെറ്റായി എന്തെങ്കിലും ചെയ്തതായി സംശയമില്ലെന്നും ഇന്ത്യൻ അധികൃതർ വ്യക്തമാക്കി. മൂവരേയും വീണ്ടും പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ നിയോഗിക്കുമോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
മാദകത്വമുള്ള സ്ത്രീകളെ ഉപയോഗിച്ച ചാര സംഘടനകൾ ശത്രുരാജ്യത്തെ ഉദ്യോഗസ്ഥരെ വശീകരിച്ച് വിവരം ചോർത്തിയുള്ള ചാരപ്രവർത്തനം ആഗോള തലത്തിൽ സാധാരണ പ്രചാരത്തിലുള്ള പരിപാടിയാണെങ്കിലും ഇന്ത്യയിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഇത്തരത്തിൽ കുഴപ്പത്തിൽ ചാടിക്കുന്നത് അപൂർവമാണ്. തേൻ കെണി ഒരുക്കുന്നതായി നേരത്തെ തന്നെ മനസിലായതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ വിവരം ഇന്ത്യയെ അറിയിച്ചത്. ഉടൻ തന്നെ ഉദ്യോഗസ്ഥരോട് ഡൽഹിയിലേക്ക് മടങ്ങാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിർദ്ദേശിക്കുകയായിരുന്നു.

ഹൈക്കമ്മിഷനിലെ ഭാഷാ വിഭാഗത്തിൽ ജോലി നോക്കിയിരുന്ന ഉദ്യോഗസ്ഥർ, ഔദ്യോഗിക രേഖകൾ തർജമ ചെയ്യുന്നതിന്റെ ജോലിയാണ് നിറവേറ്റിയിരുന്നത്. ഇന്ത്യയിൽ നിന്നുള്ള ജൂനിയർ ഓഫീസർമാരെ പ്രാദേശിക ഹോട്ടലുകളിലെ സ്ത്രീകളെ ഉപയോഗിച്ച് വശീകരിക്കാൻ മുന്പും പാകിസ്ഥാൻ ശ്രമം നടത്തിയിട്ടുണ്ട്. സ്ത്രീകളേയും ഉദ്യോഗസ്ഥരേയും നഗ്നരാക്കി ഒരുമിച്ച് നിറുത്തി ഫോട്ടോ എടുത്ത ശേഷം അതുപയോഗിച്ച് ബ്ളാക്ക് മെയിൽ ചെയ്യുകയാണ് പൊതുവേയുള്ള രീതി. സംഭവത്തെ കുറിച്ച് ഇന്ത്യൻ സർക്കാർ വിശദമായ അന്വേഷണം തുടങ്ങി. രണ്ട് ദിവസത്തിനുള്ളിൽ കേന്ദ്ര സർക്കാർ തുടർ നടപടികൾ കൈക്കൊള്ളും.

2010ൽ ഇന്ത്യൻ ഹൈക്കമ്മിഷനിലെ പ്രസ് വിഭാഗത്തിൽ സെക്കൻഡ് സെക്രട്ടറി ആയിരുന്ന മാധുരി ഗുപ്ത യുവ ഐ.എസ്.ഐ ഉദ്യോഗസ്ഥനുമായി പ്രണയത്തിലാവുകയും അഫ്ഗാനിലെ ഇന്ത്യയുടെ വികസന പ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ചോർത്തി നൽകിയതിന് അറസ്‌‌റ്റിലാവുകയും ചെയ്തിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more