1 GBP = 103.87

ഹാരി രാജകുമാരന്റെയും മെഗാന്റെയും സ്വപ്നം പൂവണിയുന്നത് മേയിൽ; വിവാഹം വിൻഡ്‌സർ കാസിലിലെ സെന്റ് ജോർജ് ചാപ്പലിൽ

ഹാരി രാജകുമാരന്റെയും മെഗാന്റെയും സ്വപ്നം പൂവണിയുന്നത് മേയിൽ; വിവാഹം വിൻഡ്‌സർ കാസിലിലെ സെന്റ് ജോർജ് ചാപ്പലിൽ

ലണ്ടൻ ∙ ബ്രിട്ടീഷ് രാജകുടുംബത്തിലെ അഞ്ചാം കിരീടാവകാശിയായ ഹാരി രാജകുമാരനും ഹോളിവുഡ് നടി മെഗാൻ മെർക്കലും തമ്മിലുള്ള വിവാഹം മേയിൽ. അടുത്തവർഷം വിവാഹം ഉണ്ടാകുമെന്ന് തിങ്കളാഴ്ച ഹാരിയുടെ പിതാവ് ചാൾസ് രാജകുമാരൻ വെളിപ്പെടുത്തിയതിനു തൊട്ടു പിന്നാലെയാണ് ഇന്നലെ വിവാഹത്തിന്റെ കൂടുതൽ വിശദാംശങ്ങൾ കെൻസിങ്ടൺ പാലസ് വൃത്തങ്ങൾ പുറത്തുവിട്ടത്. എലിസബത്ത് രാജ്ഞിയുടെ വസതിയായ വിൻസർ കൊട്ടാരത്തിലെ സെന്റ് ജോർജ് ചാപ്പലിൽ വച്ചാകും താലികെട്ട്.

പ്രൊട്ടസ്റ്റന്റുകാരിയായ മെഗാൻ മെർക്കൽ വിവാഹത്തിനുമുമ്പ് ആംഗ്ലിക്കൻ സഭയുടെ ആചാരങ്ങൾ അനുസരിച്ചുള്ള മാമോദീസയും മറ്റ് കൂദാശകളും സ്വീകരിച്ച് രാജകീയ വധുവായി ഒരുങ്ങും. ഭാവിയിൽ ബ്രിട്ടീഷ് പൗരത്വവും സ്വീകരിക്കും. നിയമപരമായ നടപടികളും പാസ്പോർട്ട് നിയമങ്ങളും പാലിച്ചാകും ഇത്. ചാൾസിനു ശേഷം കിരീടാവകാശിയായ ഹാരിയുടെ സഹോദരൻ വില്യം രാജകുമാരന്റെയും കെയ്റ്റിന്റെയും വിവാഹം ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ ആബിയിൽ വച്ചായിരുന്നു.

ലോക നേതാക്കൾ ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികളുടെ വൻനിരതന്നെ വിവാഹചടങ്ങിന് എത്തും. ഹാരിയുടെ അടുത്ത സുഹൃത്തായ മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ അടക്കമുള്ളവരുടെ സാന്നിധ്യം ഉറപ്പാണെങ്കിലും നിലവിലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ക്ഷണമുണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ബ്രിട്ടീഷ് രാജകുടുംബത്തിലെ കിരീടാവകാശികളുടെയെല്ലാം വിവാഹത്തിന് അമേരിക്കൻ പ്രസിഡന്റുമാരെ ക്ഷണിക്കാറുണ്ട്. വില്യമിന്റെ വിവാഹത്തിനുൾപ്പെടെ അവർ എത്തുകയും ചെയ്തു. എന്നാൽ സുരക്ഷാ കാരണങ്ങളാലും രാഷ്ട്രീയ കാരണങ്ങളാലും ട്രംപിനെ ഇക്കുറി ക്ഷണിതാക്കളുടെ ലിസ്റ്റിൽനിന്നും ഒഴിവാക്കിയേക്കുമെന്ന് സൂചനയുണ്ട്. അമേരിക്കൻ പ്രസിഡന്റായശേഷം പ്രതിഷേധങ്ങൾ ഭയന്ന് ട്രംപ് ഇനിയും ബ്രിട്ടനിൽ സന്ദർശനത്തിനെത്തിയിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more