1 GBP = 103.96

പെയ്തിറങ്ങിയ മഴയിലും ആവേശം ചോരാതെ കാത്തിരുന്ന കാണികളെ എട്ടോവറിൽ വണ്ടറടിപ്പിച്ച് ഇന്ത്യയുടെ പരമ്പര വിജയം

പെയ്തിറങ്ങിയ മഴയിലും ആവേശം ചോരാതെ കാത്തിരുന്ന കാണികളെ  എട്ടോവറിൽ വണ്ടറടിപ്പിച്ച് ഇന്ത്യയുടെ പരമ്പര വിജയം

തിരുവനന്തപുരം ട്വന്റി-20 മത്സരത്തിൽ ഇന്ത്യയ്ക്ക് ആറ് റൺസ് വിജയം , പരമ്പരയും സ്വന്തം
തിരുവനന്തപുരം : എട്ടോവറാക്കി വെട്ടിച്ചുരുക്കിയിട്ടും ആവേശം ചോരാത്ത കന്നിക്കളിയിൽ ഇന്ത്യയെ വിജയകിരീടം ചൂടിച്ച് കാര്യവട്ടം സ്പോർട്സ് ഹബ്. ഇന്നലെ തിരുവനന്തപുരത്ത് നടന്ന കിവീസിനെതിരായ മൂന്നാം ട്വന്റി -20യിൽ ആറ് റൺസിന് വിജയിച്ച ഇന്ത്യ പരമ്പര 2-1 ന് സ്വന്തമാക്കുകയും ചെയ്തു. രാത്രി എട്ടരവരെ വട്ടം ചുറ്റിച്ച മഴയെത്തുടർന്നാണ് ഒാവറുകൾ വെട്ടിച്ചുരുക്കിയത്. സ്പോർട്സ് ഹബ്ബിലെ ആദ്യ അന്താരാഷ്ട്ര മത്സരത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് ടീം ഇന്ത്യയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. ബാറ്റ്സ്‌മാൻമാർക്കാർക്കും തിളങ്ങാൻ കഴിയാതെ പോയപ്പോൾ എട്ടോവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 67 റൺസെടുക്കാനേ ഇന്ത്യയ്ക്ക് കഴിഞ്ഞുള്ളൂ. മറുപടിക്കിറങ്ങിയ കിവീസാകട്ടെ ഇന്ത്യയുടെ അച്ചടക്കമാർന്ന ബൗളിംഗിന് മുന്നിൽ 61/6 എന്ന സ്കോറിലൊതുങ്ങി.

മഴകാരണം ബാറ്റിംഗ് ദുഷ്കരമായ സാഹചര്യത്തിൽ ടോസ് നഷ്ടമായ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. ഒാപ്പണർമാരായ ശിഖർ ധവാനെയും(6) രോഹിത് ശർമ്മയെയും (8) ഇന്ത്യയ്ക്ക് മൂന്നാം ഒാവറിലെ അടുത്തടുത്ത പന്തുകളിൽ നഷ്ടമായി. ടിം സൗത്തിയുടെ പന്തിൽ സാന്റ്നർക്കായിരുന്നു ഇരുവരുടെയും ക്യാച്ച്. തുടർന്ന് ഒാരോ സിക്സും ഫോറുമടിച്ച് റൺറേറ്റുയർത്താൻ നോക്കിയ നായകൻ കൊഹ്‌ലി (13) നാലാം ഒാവറിൽ പുറത്തായതോടെ ഇന്ത്യ 30/3 എന്ന നിലയിലായിരുന്നു. ആറുപന്തിൽ ആറുറൺസെടുത്ത പാതിമലയാളി താരം ശ്രേയസ് അയ്യർ ആറാം ഒാവറിൽ പുറത്തായി. തുടർന്ന് മനീഷ് പാണ്ഡേയും(17) ഹാർദിക്ക് പാണ്ഡ്യയും(14*) ചേർന്നാണ് 67ലെത്തിച്ചത്. അവസാന ഒാവറിൽ ഏഴാമനായി ധോണി ക്രീസിലെത്തിയെങ്കിലും ഒരു പന്തുപോലും നേരിടാൻ അവസരം ലഭിച്ചില്ല.

വൈകിട്ട് മൂന്ന് മണിക്കേ തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിൽ മണിക്കൂറുകൾ ക്ഷമയോടെ കാത്തിരുന്ന 45000ത്തിലധികം വരുന്ന കാണികളുടെ പ്രാർത്ഥന കേട്ടെന്നോണമാണ് എട്ടരയോടെ മഴ മാറിയത്. അത്യാധുനിക സൂപ്പർ സോപ്പറുകളുടെയും ഗ്രൗണ്ട് സ്റ്റാഫുകളുടെയും അശ്രാന്തപരിശ്രമഫലമായാണ് ഒൻപതരയോടെ കളി തുടങ്ങാനായത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more