1 GBP = 103.87

സ്വാശ്രയ മെഡി. സർക്കാർ ഫീസ് 2.5 ലക്ഷമായി കുറഞ്ഞേക്കും

സ്വാശ്രയ മെഡി. സർക്കാർ ഫീസ് 2.5 ലക്ഷമായി കുറഞ്ഞേക്കും

തിരുവനന്തപുരം: സ്വാശ്രയ, കല്പിത മെഡിക്കൽ കോളേജുകളിലെ 50 ശതമാനം സീറ്റിൽ വീണ്ടും സർക്കാർ ഫീസ് ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതോടെ, സംസ്ഥാനത്ത് എം.ബി.ബി.എസ് ഫീസ് രണ്ടര ലക്ഷം രൂപയായി കുറഞ്ഞേക്കും.
സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ 100 ശതമാനം സീറ്റിലും നിലവിൽ 4.68 ലക്ഷം മുതൽ 5.65 ലക്ഷം വരെയാണ് വാർഷിക ഫീസ്. സർക്കാർ മെരിറ്റിലെ 1150 സീറ്റുകളിലെങ്കിലും ഇതോടെ കുറഞ്ഞ ഫീസിൽ പ്രവേശനം ലഭ്യമാവും. ഫീസ് നിരക്കുകൾ പുതുക്കി നിശ്ചയിക്കാൻ ജസ്റ്റിസ് രാജേന്ദ്രബാബു സമിതിയോട് നിർദ്ദേശിക്കുമെന്ന് ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദൻ പറഞ്ഞു.

ജസ്റ്റിസ് രാജേന്ദ്രബാബു നിശ്ചയിച്ച ഉയർന്ന ഫീസ് പ്രോസ്പെക്ടസിൽ ഉൾപ്പെടുത്തി അടുത്ത വർഷത്തെ പ്രവേശന നടപടികൾ തുടങ്ങാനിരിക്കെയാണ് കേന്ദ്രത്തിന്റെ സുപ്രധാന തീരുമാനമുണ്ടായത്. സർക്കാരിന്റെ സ്കോളർഷിപ്പിന് അർഹരായ 15 ശതമാനത്തോളം നിർദ്ധന വിദ്യാർത്ഥികൾക്കു മാത്രമാണ് ഇപ്പോൾ സ്വാശ്രയ കോളേജുകളിൽ കുറഞ്ഞ ഫീസുള്ളത്. എൻ.ആർ.ഐ വിദ്യാർത്ഥികളുടെ 20 ലക്ഷം രൂപ ഫീസിൽ നിന്ന് 5 ലക്ഷം നിർദ്ധനർക്കുള്ള സ്കോളർഷിപ്പ് ഫണ്ടിലേക്ക് മാറ്റുകയാണ്. പട്ടിക വിഭാഗം, ഒ.ഇ.സി വിദ്യാർത്ഥികളുടെ മുഴുവൻ ഫീസും സർക്കാരാണ് ഇപ്പോൾ നൽകുന്നത്.

സ്വാശ്രയ മെഡിക്കൽ കോളേജുകളുടെ വരവ്-ചെലവ്, നടത്തിപ്പ് ചെലവുകൾ കണക്കാക്കിയാണ് ഉയർന്ന ഫീസ് നിശ്ചയിച്ചത്. 50 ശതമാനം സീറ്റുകളിൽ ഫീസ് നിയന്ത്രണമേർപ്പെടുത്തുമ്പോൾ ശേഷിക്കുന്ന സീറ്റുകളിൽ ഫീസ് ഉയർത്തിയാലേ കോളേജുകളുടെ ചെലവിന് പണം കണ്ടെത്താനാവൂ.
15 ശതമാനം എൻ.ആർ.ഐ സീറ്റിലും, ശേഷിക്കുന്ന 35 ശതമാനം ഫീസ് നിയന്ത്രണമില്ലാത്ത മെരിറ്റ് സീറ്റിലും ഫീസുയരും. അല്ലെങ്കിൽ, ഫീസ് കുറയ്ക്കുമ്പോഴുള്ള കോളേജുകളുടെ നഷ്ടം സർക്കാർ നികത്തണം. സർക്കാരിന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയിൽ ഇത് പ്രായോഗികമല്ല.

കഴിഞ്ഞ വർഷംവരെ 25,000 രൂപ ഫീസുണ്ടായിരുന്ന ബി.പി.എൽ ക്വോട്ടയിൽ ഇത്തവണ 4.85 ലക്ഷം രൂപയാണ് ഫീസ്. കടം വാങ്ങിയും പലിശയ്ക്കെടുത്തും പ്രവേശനം നേടിയ നിരവധി വിദ്യാർത്ഥികളുണ്ട്. ഉയർന്ന ഫീസായതിനാൽ പ്രവേശനം വേണ്ടെന്നു വച്ചവരും നിരവധി. നീറ്റിൽ മുന്നിലെത്തിയാൽ കുറഞ്ഞ ഫീസിൽ പഠിക്കാൻ വീണ്ടും സാഹചര്യമൊരുങ്ങുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more