1 GBP = 104.11

കാലാവസ്ഥ മാറി. യു.കെയില്‍ ഗാര്‍ഡന്‍ കൃഷിക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയോ….?

കാലാവസ്ഥ മാറി. യു.കെയില്‍ ഗാര്‍ഡന്‍ കൃഷിക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയോ….?

ബിബിന്‍ വി അബ്രഹാം

മണ്ണിനെയും വിണ്ണിനെയും സ്‌നേഹിക്കുന്നവര്‍ ആണ് മഹാഭൂരിപക്ഷം വരുന്ന മലയാളികളും. ലോകത്തിന്റെ ഏതു കോണില്‍ ജീവിച്ചാലും അവന്റെ മനസ്സില്‍ കുളിര്‍മഴ പെയിക്കുന്നതു നാടിന്റെ നല്ല ഓര്‍മ്മകള്‍ തന്നെ. ഒരു ശരാശരി മലയാളിയുടെ മനസ്സില്‍ എപ്പോഴും അവന്റെ നാടും, വീടും, പറമ്പും നിറഞ്ഞു നില്‍ക്കുന്നുണ്ടാകും.

ജോലിയും, കുടുംബവും കുട്ടികളുമായി കൃത്യമായ ടൈംടേബിളില്‍ ദിവസേന ചലിക്കുമ്പോളും മാനസിക പിരിമുറക്കും കുറയ്ക്കാനും, കുറച്ചു സമയം കുട്ടികളോടൊപ്പം ചിലവിട്ടു അവരോടൊപ്പം ആനന്ദകരമാക്കാനും ഏറ്റവും നല്ല ഉപാധി ആണ് അടുക്കളകൃഷി. അതെ, പ്രവാസ ജീവിതത്തിന്റെ വിരസത അകറ്റാന്‍ പറ്റിയ മാര്‍ഗം. ഒരു പക്ഷേ നാട്ടില്‍ നമ്മള്‍ അടുക്കളകൃഷി എന്നു പറയുമ്പോള്‍ ഇവിടെ ഉചിതം ഗാര്‍ഡന്‍ കൃഷി എന്നാകും.

പോയ വര്‍ഷങ്ങളില്‍ യു.കെയിലുള്ള ഓണ്‍ലൈന്‍ പത്രങ്ങളിലൂടെ ഒരു പാട് മികച്ച മലയാളി കൃഷിക്കാരുടെ വിജയകഥകള്‍ നമ്മള്‍ കേട്ടു അറിഞ്ഞതാണ്. ആദ്യ കാലങ്ങളില്‍ അടുക്കള തോട്ടത്തില്‍ ഒതുങ്ങി നിന്ന കൃഷി പിന്നീട് കൗണ്‍സിലില്‍ നിന്ന് സ്ഥലം പാട്ടത്തിനെടുത്തു വലിയ രീതിയിലേക്കു മാറുന്നതു നമ്മള്‍ കണ്ടതാണ്. അതിനു ശേഷം
സ്വന്തം ഗാര്‍ഡനില്‍ താറാവ്, മുയല്‍, കോഴി, കാട തുടങ്ങിയതിനെ വളര്‍ത്തി മലയാളികള്‍ വ്യത്യസ്തത ഈ മേഖലയില്‍ കൊണ്ടു വരാന്‍ ശ്രമിച്ചിരിക്കുന്നു. എന്തിന്, തേനിച്ച കൃഷി നടത്തുന്ന മലയാളികള്‍ പോലും നമുക്ക് ചുറ്റുമുണ്ട്.

ഒരു പരിധി വരെ ഈ കൃഷിയൊന്നും ലാഭത്തിനു വേണ്ടിയല്ല. മറിച്ച് ആത്മസംതൃപ്തിക്കും നാടിന്റെ നല്ല ഓര്‍മ്മകള്‍ ലൈവായി നിലനിര്‍ത്താനും പിന്നെ ജന്മസിദ്ധമായി മനസ്സില്‍ കുടിയിരിക്കുന്ന മണ്ണിനോടുള്ള സ്‌നേഹവും കരുതലും ആണ് മലയാളിയെ ഇതിനു പ്രേരിപ്പിക്കുന്നത്. ഇന്ന് യു.കെയിലുള്ള ഏതൊരു മലയാളിയുടെ വീടു സന്ദര്‍ശിച്ചാലും നാട്ടില്‍ നിന്നു കൊണ്ടു വന്ന നല്ല നാടന്‍ കറിവേപ്പില തൈ ചട്ടിയില്‍ വളര്‍ത്തുന്നതു കാണാം.

നിങ്ങള്‍ക്ക് കൃഷിയില്‍ താല്പര്യമുണ്ടെങ്കില്‍ അതു തുടങ്ങി വയ്ക്കാന്‍ ഏറ്റവും ഉചിതമായ സമയമാണിപ്പോള്‍. മാര്‍ച്ച് പകുതിയോടെ ഉദിച്ചുയര്‍ന്ന സൂര്യനും തണുപ്പിനു താല്കാലിക വിട നല്‍കി ചൂടും കടന്നു വന്നതോടെ, മുണ്ട് മുറുകിയുടുത്തു ഗാര്‍ഡനിലേക്ക് ഇറങ്ങാന്‍ നിങ്ങള്‍ തയ്യാറാണങ്കില്‍ മികച്ച രീതിയില്‍ പച്ചക്കറികളും, പഴവര്‍ഗങ്ങളും കൃഷി ചെയ്തു സ്വന്തം അടുക്കളയിലേക്കും, വേണമെങ്കില്‍ പ്രിയപ്പെട്ടവര്‍ക്കും പങ്കുവെക്കാന്‍ അവസരം ഉണ്ടാക്കാവുന്നതാണ്. ഒരു പക്ഷേ കൃഷിയെ സ്‌നേഹിക്കുന്നവര്‍ മാര്‍ച്ച് മാസത്തിന്റെ തുടക്കത്തോടെ തന്നെ തയ്യാറെടുപ്പുകള്‍ തുടങ്ങി കാണും. ഇനിയും അമാന്തിച്ചു നില്‍ക്കുന്നവര്‍ ഒട്ടും മടിക്കാതെ ഈ മാസത്തില്‍ കൃഷി ഇറക്കിയാല്‍ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വിളവെടുപ്പു നടത്താം.

യു.കെയിലെ ഗാര്‍ഡന്‍ കൃഷിയില്‍ സ്ഥലം എത്ര ഉണ്ടന്നു ഇവിടെ പ്രസക്തമല്ല, മറിച്ച് മനസ്സാണു പ്രധാനം. ഉള്ള പരിമിതിമായ സ്ഥലത്ത് നിലത്തോ, ചട്ടിയിലോ, പോളിത്തീന്‍ ബാഗിലോ കൃഷി ചെയ്യാവുന്നതാണ്.
വീട്ടിലെ ആവശ്യത്തിനായുള്ള ബീറ്റ്‌റൂട്ട്, ബീന്‍സ്, തക്കാളി, വിവിധയിനം മുളകുകള്‍, മല്ലി, കുക്കുമ്പര്‍, കാബേജ്, ഉരുളക്കിഴങ്ങ്, സവാള തുടങ്ങിയ നിരവധി പച്ചക്കറികള്‍ പരീക്ഷിക്കാവുന്നതാണ്. കൂടാതെ സ്‌ട്രോബറി, ആപ്പിള്‍, മുന്തിരി, റാസ്‌ബെറി, ഫിഗ്‌സ് തുടങ്ങിയ പഴവര്‍ഗ്ഗങ്ങളും.

കൃഷിയില്‍ നിന്നുള്ള ലാഭം അല്ല ഇവിടെ പ്രധാനം, പകരം അത് മനസ്സിനു പകര്‍ന്നു നല്‍കുന്ന സംതൃപ്തിയും സന്തോഷവും പിന്നെ ശരീരത്തിനു ലഭിക്കുന്ന ഊര്‍ജവും ആരോഗ്യവും തന്നെ മുഖ്യം. കൂടാതെ ഈ തിരക്കു പിടിച്ച ജീവിതത്തില്‍ സകുടുബമൊത്തു ചിലവിടാന്‍ നല്ലൊരു കാരണം. മടി കൂടാതെ കുട്ടികളെയും കൂടെ കൂട്ടണം. മണ്ണില്‍ ചവിട്ടി മണ്ണിന്റെ മണം അറിഞ്ഞ് വളരാന്‍ അവര്‍ക്കൊരു നല്ല അവസരം ആകട്ടെ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more